നെടുമ്പാശ്ശേരി: കേന്ദ്രമന്ത്രിസ്ഥാനം സംബന്ധിച്ച് പാർട്ടി നിർദേശം മുന്നോട്ടുവെച്ചാൽ തന്‍റെ അഭിപ്രായം നേതാക്കളെ അറിയിക്കുമെന്ന് തൃശൂരിൽനിന്നുള്ള നിയുക്ത എം.പി സുരേഷ് ഗോപി. സിനിമയെന്നത് തന്‍റെ വികാരം തന്നെയാണ്. ഡൽഹിക്ക് പോകാനെത്തിയ സുരേഷ് ഗോപി വിമാനത്താവളത്തിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു.
കേന്ദ്രമന്ത്രിസ്ഥാനം ഭാരിച്ച ചുമതലയാണ്. അത് ഒരു ചങ്ങലയാകുമോയെന്ന ഭയമുണ്ട്. പത്ത് വകുപ്പുകളുടെ ഏകോപനം സാധ്യമാകുന്ന എം.പിയായാൽ കൂടുതൽ ഗുണം ചെയ്യും. കേരളത്തിനുവേണ്ടി കൂടുതലായി എന്തെങ്കിലും ചെയ്യാൻ കഴിയുന്ന സംവിധാനമാണ് താൻ ആഗ്രഹിക്കുന്നത്.
കേരളത്തിൽനിന്ന് തെരഞ്ഞെടുക്കപ്പെട്ട ആദ്യ ബി.ജെ.പി എം.പി എന്നതിൽ അഭിമാനമുണ്ട്. ബി.ജെ.പി പ്രവർത്തകരുടെ ശക്തമായ പ്രവർത്തനം വിജയത്തിന്‍റെ പ്രധാന കാരണങ്ങളിലൊന്നാണ്. നടനെന്ന നിലക്കാണ് തന്‍റെ വിജയമെന്ന രമേശ് ചെന്നിത്തലയുടെ പ്രസ്താവനക്ക് ഉചിതമായ മറുപടി പറയാനറിയാം. പക്ഷേ, അത് ലീഡർക്കുനേരെയുള്ള ചളിയേറാകുമെന്നതിനാൽ മൗനം പാലിക്കുകയാണെന്നും സുരേഷ് ഗോപി കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.