യഥാർഥ മാതാപിതാക്കളെ കണ്ടെത്താൻ സഹായിക്കാമെന്ന് സുസ്മിത, വേണ്ടെന്ന് മകൾ

ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷങ്ങളിലൊന്ന് മാതൃത്വമാണെന്ന് പറയുന്ന വ്യക്തിയാണ് നടിയും മോഡലും മുൻ മിസ് യുണിവേഴ്സുമായ സുസ്മിത സെൻ. വെറും 24 വയസ്സുള്ളപ്പോഴാണ് മൂത്ത മകൾ റെനിയെ സുസ്മിത ദത്തെടുത്തത്. റെനിക്ക് 18 വയസ്സായപ്പോൾ മാതാപിതാക്കളെ കണ്ടെത്താൻ സഹായിക്കാമെന്ന നടിയുടെ വാഗ്ദാനമാണ് ഇപ്പോൾ സോഷ്യൽ മീഡിയ ചർച്ച ചെയ്യുന്നത്.

16 വയസ്സുള്ളപ്പോൾ തന്നെ റെനിയുടെ ജൈവീകമായ മാതാപിതാക്കളെ കണ്ടെത്താൻ താൻ സഹായിക്കുമെന്ന് സുസ്മിത വെളിപ്പെടുത്തിയിരുന്നു.

രാജീവ് മസന്ദുമായുള്ള സംഭാഷണത്തിനിടയിലായിരുന്നു സുസ്മിതയുടെ പുതിയ വെളിപ്പെടുത്തൽ. 18 വയസ്സായ മകൾ റെനിയോട് അവളുടെ ജീവശാസ്ത്രപരമായ മാതാപിതാക്കളെ കുറിച്ച് തനിക്ക് അറിയില്ലെന്നും കോടതിയിൽ ഇത് സംബന്ധിച്ച രേഖകളുണ്ടെന്നും സുസ്മിത വെളിപ്പെടുത്തി. ഈ വിവരങ്ങളടങ്ങിയ ഒരു കവർ കോടതിയുടെ കസ്റ്റഡിയിലുണ്ട്. റെനിക്ക് 18 വയസ് തികഞ്ഞാൽ ആ പേരുകൾ അറിയാൻ റെനിക്ക് അവകാശമുണ്ടാകുമെന്നും പറഞ്ഞു. ഇക്കാര്യത്തിനുവേണ്ടി തന്‍റെ എല്ലാ വിധത്തിലുള്ള സഹായവും സുസ്മിത വാഗ്ദാനം ചെയ്തു.

എന്നാൽ 'എന്തിനാണ് ഇതെല്ലാം ചെയ്യാൻ എന്നെ നിർബന്ധിക്കുന്നത്' എന്നായിരുന്നു അവളുടെ ചോദ്യം. 'എന്താണ് പ്രശ്നം? എനിക്ക് അക്കാര്യം അറിയേണ്ടെന്നും' റെനി തീർത്തു പറഞ്ഞതായി സുസ്മിത വെളിപ്പെടുത്തി.

റെനിയെ തന്‍റെ മാത്രം സ്വന്തമാക്കി വെക്കാനോ എങ്ങോട്ടും പോകാൻ അനുവദിക്കാതെ വളർത്താനോ താൻ ഉദ്ദേശിക്കുന്നില്ല. 'നീ എവിടേക്ക് പോകാൻ ആഗ്രഹിച്ചാലും ഞാൻ നിന്നെ കൊണ്ടുപോകും. പ്രായപൂർത്തിയായ ഒരുവൾ എന്ന നിലക്ക് നിനക്ക് അതിന് അവകാശമുണ്ട്.' എന്ന് പറഞ്ഞു. 'ഞാൻ പോകണമെന്നും അവരെ കണ്ടുപിടിക്കണമെന്നും നിർബന്ധം പിടിക്കുന്നതെന്തിന്' എന്നായിരുന്നു അവളുടെ ഉത്തരം.

2010ൽ രണ്ടാമത്തെ മകളായ അലിസയേയും സുസ്മിത ദത്തെടുക്കുകയായിരുന്നു. റെനിയും അലിസക്കും ഒപ്പമുള്ള ജീവിതത്തിലെ സന്തോഷങ്ങൾ എപ്പോഴും സുസ്മിത സോഷ്യൽ മീഡിയയിലൂടെ പങ്കുവെക്കാറുണ്ട്. ആര്യ എന്ന ഡിസ്നി ഹോട്ട് സ്റ്റാർ വെബ് സീരീസിൽ അഭിനയിക്കുന്നതിനായി വർഷങ്ങളായി ഇന്ത്യൻ സിനിമാലോകത്തുനിന്നും വിട്ടുനിൽക്കുകയായിരുന്ന സുസ്മിത അടുത്തിടെയാണ് തിരിച്ചെത്തിയത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.