കൊച്ചി: സീറോ മലബാർ സഭയുടെ എറണാകുളം-അങ്കമാലി അതിരൂപത എറണാകുളം ജില്ലയിൽ നടത്തിയ ഭൂമി ഇടപാടുകളിൽ പൊലീസ് അന്വേഷണം അവസാനിപ്പിച്ചു. സഭക്ക് കീഴിലെ കാഞ്ഞൂർ ഹോളി ഫാമിലി ഇടവകാംഗം ചൊവ്വര സ്വദേശി പാപ്പച്ചൻ നൽകിയ സ്വകാര്യ അന്യായത്തിൽ എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയുടെ നിർദേശപ്രകാരം നടത്തിയ അന്വേഷണമാണ് ഒന്നര വർഷത്തിനുശേഷം പൊലീസ് അവസാനിപ്പിച്ച് റിപ്പോർട്ട് നൽകിയത്.
കർദിനാൾ മാർ ജോർജ് ആലഞ്ചേരി അടക്കം 24 പേർക്കെതിരെ കേസെടുത്ത് അന്വേഷിക്കാനാണ് പൊലീസിന് കോടതി നിർദേശം നൽകിയിരുന്നത്. വസ്തുതാപരമായ തെറ്റിദ്ധാരണ കൊണ്ടുണ്ടായ കേസാണിതെന്നാണ് പൊലീസിെൻറ നിലപാട്.
ആലഞ്ചേരിക്ക് പുറമെ സഭയുടെ ഫിനാൻസ് ഓഫിസർ ഫാ. ജോഷി പുതുവ, ഇവരെ സഹായിച്ച മോൺ. സെബാസ്റ്റ്യൻ വടക്കുംപാടൻ, സഭയുടെ വസ്തുവകകൾ വാങ്ങുകയും ഇടനിലക്കാരനായി പ്രവർത്തിക്കുകയും ചെയ്ത പടമുഗൾ സ്വദേശി സാജു വർഗീസ്, വസ്തുവകകൾ മുറിച്ചുവാങ്ങിയവർ എന്നിവർക്കെതിരെയായിരുന്നു പൊലീസ് അന്വേഷണം. നേരത്തേ സെൻട്രൽ പൊലീസിലും സിറ്റി പൊലീസ് കമീഷണർ മുമ്പാകെയും നൽകിയ പരാതികളിൽ അന്വേഷണം നടത്താത്തതിനെത്തുടർന്നാണ് ഹരജിക്കാരൻ കോടതിയെ സമീപിച്ച് അന്വേഷണം നടത്താനുള്ള ഉത്തരവ് സമ്പാദിച്ചത്.
മെഡിക്കൽ കോളജ് തുടങ്ങാനെന്ന പേരിൽ 58 കോടിയിലേറെ രൂപക്ക് സ്ഥലം വാങ്ങിയെന്നും ഇതിൽ ആദ്യം നാല് കോടി ഉടമക്ക് കൊടുത്തശേഷം ബാക്കി കൊടുക്കാൻ 54 കോടി മതിയെന്നിരിക്കെ 58 കോടിയിലേറെ ബാങ്ക് വായ്പ എടുത്തെന്നും ഇതിൽ നാല് കോടിക്ക് കണക്കില്ലെന്നുമായിരുന്നു പ്രധാന ആരോപണം.
കൂടാതെ, ബാധ്യത തീർക്കാനെന്ന പേരിൽ സഭയുടെ പ്രധാന സ്ഥലങ്ങളിലെ ഭൂമി വിൽപന നടത്തിയതിൽ തിരിമറി നടന്നെന്നും ആരോപിച്ചിരുന്നു. എതിർകക്ഷികൾക്കെതിരെ വിശ്വാസ വഞ്ചന, ചതി, മോഷണം, ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങൾ ആരോപിച്ചായിരുന്നു അന്യായം സമർപ്പിച്ചിരുന്നത്.
എന്നാൽ, ഈ വകുപ്പുകൾ ഉൾപ്പെടുത്തി ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്യാൻ മതിയായ തെളിവുകളില്ലെന്നാണ് നിരീക്ഷണം. അതേസമയം ദേവികുളം, കോട്ടപ്പടി എന്നീ സ്ഥലങ്ങളിലെ ഭൂമി വിൽപന ആലോചനക്കമ്മിറ്റിയുടെ അനുമതി കൂടാതെ നടത്തിയത് അതിരൂപത ചട്ടങ്ങൾക്ക് വിരുദ്ധമാണെങ്കിലും ഇന്ത്യൻ ശിക്ഷ നിയമപ്രകാരം കുറ്റകരമല്ലാത്തതിനാൽ നിയമ നടപടികളിൽനിന്നും ഒഴിവാക്കണമെന്നാണ് പൊലീസിെൻറ നിലപാട്. കേസ് ജനുവരി 14 ന് കോടതി പരിഗണിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.