കൊച്ചി: സീറോ മലബാർ സഭ എറണാകുളം-അങ്കമാലി അതിരൂപതയുടെ വിവാദ ഭൂമിയിടപാടുമായി ബന്ധപ്പെട്ട് കേസെടുത്തതിനെത്തുടർന്ന് ആർച് ബിഷപ് കർദിനാൾ ജോർജ് ആലഞ്ചേരിയുടെ രാജിക്ക് സമ്മർദമേറുന്നു. സ്ഥാനമൊഴിഞ്ഞ് കർദിനാൾ അന്വേഷണം നേരിടണമെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് വിശ്വാസികളും വൈദികരുമടക്കം ഒരുവിഭാഗം. അദ്ദേഹത്തെ ശക്തമായി പിന്തുണച്ച് മറുവിഭാഗവും രംഗത്തുണ്ട്. ഇതോടൊപ്പം കർദിനാളിനെ അനുകൂലിക്കുന്നവർ മറ്റൊരു സംഘടനക്കുകൂടി രൂപംനൽകി.
ക്രിമിനൽ ഗൂഢാലോചന, വിശ്വാസവഞ്ചന, ചതി എന്നീ വകുപ്പുകൾ ചുമത്തിയാണ് കർദിനാളിനും രണ്ട് വൈദികർക്കും ഇടനിലക്കാരനുമെതിരെ പൊലീസ് തിങ്കളാഴ്ച എഫ്.െഎ.ആർ രജിസ്റ്റർ ചെയ്തത്. ഗൂഢാലോചന നടത്തി ഭൂമി കുറഞ്ഞ വിലയ്ക്ക് വിറ്റ് അതിരൂപതക്ക് നഷ്ടമുണ്ടാക്കിയതായി ഇതിൽ പറയുന്നു. ഇതിെൻറ പകർപ്പ് തിങ്കളാഴ്ചതന്നെ വത്തിക്കാനിലേക്കും ഇന്ത്യയിലെ വത്തിക്കാൻ പ്രതിനിധികൾക്കും സീറോ മലബാർ, മലങ്കര, ലത്തീൻ സഭകളുടെ കേരളത്തിലെ എല്ലാ ബിഷപ്പുമാർക്കും അയച്ചുകൊടുത്തിട്ടുണ്ട്.
വൈദികരുടെയും വിശ്വാസികളുടെയും കൂട്ടായ്മയായ ആർച്ഡയോസിയൻ മൂവ്മെൻറ് ഫോർ ട്രാൻസ്പെരൻസിയാണ് (എ.എം.ടി) ഇതിനുപിന്നിൽ. മാർ ആലഞ്ചേരി കർദിനാൾ സ്ഥാനമൊഴിഞ്ഞ് അന്വേഷണം നേരിടണമെന്ന ആവശ്യത്തിൽ ഉറച്ചുനിൽക്കുകയാണ് ഇക്കൂട്ടർ. ഇൗ ആവശ്യം ഉന്നയിച്ച് സഭ ആസ്ഥാനം സ്തംഭിപ്പിക്കുന്നതടക്കം സമരപരിപാടികളാണ് എ.എം.ടി ആലോചിക്കുന്നത്.
എ.എം.ടിക്ക് ബദലായി ആർച്ഡയോസിയൻ മൂവ്മെൻറ് ഫോർ പ്രീസ്റ്റ്സ് (എ.എം.പി) എന്ന പേരിലാണ് കർദിനാൾ അനുകൂലികൾ സംഘടന രൂപവത്കരിച്ചിരിക്കുന്നത്. ചില വൈദികരുടെ പിന്തുണയോടെ ഒരുവിഭാഗം വിശ്വാസികളാണ് ഇതിന് നേതൃത്വം നൽകുന്നത്. കോടതിയിലെ കേസുകൾ രമ്യമായി പരിഹരിക്കാൻ വൈദികർ മുന്നോട്ടുവരണമെന്നാണ് ഇവരുടെ ആവശ്യം. ഇതുസംബന്ധിച്ച നിവേദനം സീറോ മലബാർ, ലത്തീൻ, മലങ്കര സഭകളുടെ ബിഷപ്പുമാർക്ക് കൈമാറി. സി.എൽ.സി മുൻ സംസ്ഥാന പ്രസിഡൻറ് ഡെന്നിസ് കെ. ആൻറണി ജനറൽ കൺവീനറായാണ് കമ്മിറ്റി.
അതേസമയം, മാർ ജോർജ് ആലഞ്ചേരിക്ക് െഎക്യദാർഢ്യം പ്രഖ്യാപിച്ച് അൽമായ കൂട്ടായ്മ ബുധനാഴ്ച രാവിലെ 10ന് ഹൈകോടതി ജങ്ഷനിൽ പ്രാർഥനയജ്ഞവും ധർണയും സംഘടിപ്പിച്ചിട്ടുണ്ട്. വൈദികരടക്കം പെങ്കടുക്കുമെന്നാണ് അറിയിച്ചിട്ടുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.