ചെന്നൈ: രാജീവ് ഗാന്ധി വധക്കേസിലെ പ്രതികളെ വിട്ടയച്ച സാഹചര്യത്തിൽ 25 വർഷക്കാലമായി ജീവപര്യന്തം തടവ് അനുഭവിക്കുന്ന കോയമ്പത്തൂർ ബോംബ് സ്ഫോടന പരമ്പര കേസിലെ പ്രതികളെയും വിട്ടയക്കണമെന്ന് തമിഴ്നാട് കോൺഗ്രസ് അധ്യക്ഷൻ കെ.എസ്. അഴഗിരി.
രാജീവ് ഗാന്ധി വധക്കേസിൽ അറസ്റ്റിലായവർ കുറ്റവാളികളാണ്. അവർ നിരപരാധികളല്ല. ഇപ്പോൾ സുപ്രീംകോടതി അവരെ വിട്ടയച്ചിരിക്കുന്നു. കൊലയാളികളെ വിട്ടയച്ചതിനോട് തങ്ങൾ യോജിക്കുന്നില്ല. തമിഴർ എന്നാണെങ്കിൽ മുസ്ലിംകളായ നിരവധി തമിഴർ 25 വർഷക്കാലത്തിലധികമായി ജയിലിൽ കഴിയുന്നു. പലരും സംശയത്തിന്‍റെ അടിസ്ഥാനത്തിലാണ് അറസ്റ്റിലായത്. ഇവരെയും മാനുഷിക പരിഗണന നൽകി വിട്ടയക്കണം. രാജീവ് ഗാന്ധി വധക്കേസിലെ പ്രതികൾക്ക് ഒരു നീതിയും മുസ്ലിം തടവുകാരോട് മറ്റൊരു നീതിയുമാണോ വെച്ചുപുലർത്തുന്നതെന്ന് അഴഗിരി ചോദിച്ചു.
ഡി.എം.കെയുമായി മുന്നണി ബന്ധമുണ്ടെങ്കിലും വ്യത്യസ്ത നിലപാടുകൾ സ്വീകരിക്കുന്നതിൽ തെറ്റില്ലെന്നും ഇരുകക്ഷികളും മതേതര നിലപാടുമായാണ് മുന്നോട്ടുപോകുന്നതെന്നും അദ്ദേഹം പറഞ്ഞു.
അതിനിടെ രാജീവ് ഗാന്ധി വധക്കേസിൽ പ്രതികളെ വിട്ടയച്ച ഉത്തരവിനെതിരെ റിവ്യൂ പെറ്റീഷൻ നൽകുന്നത് ഗൗരവമായി ആലോചിക്കുമെന്ന് മുൻ കേന്ദ്ര മന്ത്രി വി. നാരായണസാമി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.