മഴയുടെ മറവിൽ ആളിയാറിലെ അധിക ജലം പാഴാക്കി തമിഴ്നാട്

തിരുവനന്തപുരം: പറമ്പിക്കുളം ആളിയാർ (പി.എപി) കരാർ പ്രകാരം കേരളത്തിന് ലഭിക്കേണ്ട അധിക പ്രളയ ജലം ലഭിക്കാതിരിക്കാൻ മഴയുടെ മറവിൽ വെള്ളം ആളിയാർ ഡാമിൽ നിന്ന് ചിറ്റൂർപുഴയിലേക്ക്വെള്ളം ഒഴുക്കിവിട്ട് തമിഴ്നാട്. തമിഴ്നാട് ഷോളയാർ ഡാമിന്‍റെ വൃഷ്ടിപ്രദേശത്ത് മഴ കനത്തതിനെ തുടർന്ന് ചാലക്കുടി പുഴയിലേക്ക് വെള്ളം തുറന്ന് വിടുന്നതെങ്കിൽ ആളിയാർ ഡാമിന്‍റെ പ്രദേശത്ത് ഇപ്പോൾ കനത്ത മഴയില്ലെന്ന് ജലസേചന വകുപ്പ് കരുതുന്നു.

പി.എ.പി കരാർ പ്രകാരം ആളിയാർ ഡാമിൽ നിന്ന് ചിറ്റൂർപുഴയിൽ പ്രതിവർഷം 7.25 ടി.എം.സി അടി വെള്ളമാണ് തമിഴ്നാട് കേരളത്തിന് അളന്ന് നൽകേണ്ടത്. ജോയന്‍റ് വാട്ടർ റെഗുലേഷൻ ബോർഡ് (ജെ.ഡബ്ല്യു.ആർ.ബി) ഇത് നിരീക്ഷിക്കുകയും ചെയ്യും. ആലിയാറിൽ നിന്ന് തുറന്ന് വിടുന്ന വെള്ളം മൂലത്തറ വഴി മണത്തറ എത്തുമ്പോൾ അളവിൽ കുറവ് വരുന്നത് പരിഹരിക്കാൻ 15 ശതമാനം അധികമാണ് തമിഴ്നാട് ഒഴുക്കുന്നത്. ഇതിന് പുറമേ മഴക്കാലത്ത് ലഭിക്കുന്ന അധിക പ്രളയ ജലത്തിന്‍റെ പൂർണ്ണ അവകാശം കേരളത്തിനാണ്. ആ ജലമാണ് ഇപ്പോൾ മഴയുടെ മറവിൽ തമിഴ്നാട് ചിറ്റൂർപുഴയിലേക്ക് ഒഴുക്കുന്നതെന്ന സംശയമാണ് കേരളത്തിന്. ആലിയാർ ഡാമിന്‍റെ വൃഷ്ടിപ്രദേശത്ത് വടക്ക് കിഴക്കൻ കാലവർഷത്തിലാണ് മഴ ലഭിക്കുന്നത്. പി.എ.പി കരാറിൽ ഇരു സംസ്ഥാനങ്ങളും ഏർപെട്ട് അരനൂറ്റാണ്ടിനിടെ ആകെ അഞ്ചോ, ആറോ പ്രാവശ്യം മാത്രമാണ് ആഗസ്റ്റ് മാസത്തിൽ ആലിയാർ അണക്കെട്ടിൽ നിന്ന് വെള്ളം ചിറ്റൂർപുഴയിലേക്ക് ഒഴുക്കിവിടേണ്ടി വന്നിട്ടുള്ളത്. മറിച്ച് നവംബർ മാസത്തിലാണ് അണക്കെട്ട് തുറന്ന് വിടുന്നത്. ആ കാലത്താണ് കേരളത്തിന് വെള്ളം ഉപയോഗിക്കാൻ സാധിക്കുന്നതും.

നിലവിൽ മഴയത്ത് ലഭിച്ച അധികജലം സംഭരിക്കാൻ സാധിക്കുമായിരുന്നിട്ടും ഒഴുക്കി വിടുന്നത് അധിക ജലം കേരളം ഉപയോഗിക്കുന്നില്ലെന്ന് കരാർ പുതുക്കൽ ചർച്ചയിൽ തമിഴ്നാടിന് ഉന്നയിക്കാനാണെന്ന് അന്തർ സംസ്ഥാന നദീജല വിദഗ്ധർ ചൂണ്ടികാട്ടുന്നു. പി.എ.പി കരാറിന് വിരുദ്ധമായി അവിടത്തെ വെള്ളം ഉപയോഗിക്കാനായി തമിഴ്നാട് മധുരക്ക് അടുത്ത് ഓട്ടൻഛത്രം, കീരനൂർ, നെയ്ക്കരപ്പട്ടി എന്നിവിടങ്ങളിൽ 930 കോടിയുടെ ഡാമുകൾ അടക്കം മൂന്ന് ജലസേചന പദ്ധതികൾ ആരംഭിക്കാൻ തമിഴ്നാട് സർക്കാർ അടുത്ത് ഭരണാനുമതി നൽകി. ആളിയാർ നദിയിൽ നിന്നുള്ള ജലമാണ് ഇതിനായി ഉപയോഗിക്കാൻ കണക്ക് കൂട്ടുന്നത്.

Tags:    
News Summary - Tamil Nadu wastes excess water in Aliyar under cover of rain

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.