മലപ്പുറം: താനൂർ ഒട്ടുംപുറം പൂരപ്പുഴ അഴിമുഖത്തോട് ചേർന്ന് ഉല്ലാസബോട്ട് മുങ്ങിയുണ്ടായ ദുരന്തത്തിൽ മരിച്ചവരിൽ ഒരു കുടുംബത്തിലെ 11 പേർക്കായി ഒരുമിച്ച് ഖബറുകളൊരുങ്ങുന്നു. പരപ്പനങ്ങാടി ആവിൽ ബീച്ച് കുന്നുമ്മൽ സൈതലവിയുടെ കുടുംബത്തിൽ മരിച്ചവരുടെ മൃതദേഹം ഖബറടക്കാൻ പുത്തൻ കടപ്പുറം ജുമാമസ്ജിദ് ഖബർസ്ഥാനിലാണ് ഇത്തരത്തിൽ ഖബർ ഒരുങ്ങുന്നത്.
മണ്ണുമാന്തി ഉപയോഗിച്ച് ഒരു ഖബർ കളം കുഴിച്ച് അതിൽ വ്യത്യസ്ത അറകൾ തീർത്ത് ഒരുമിച്ച് ഖബറടക്കാനുള്ള ഒരുക്കമാണ് നടക്കുന്നത്.
ഞായറാഴ്ച വൈകീട്ട് ഏഴോടെയാണ് നടക്കുന്ന അപകടമുണ്ടായത്. ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 22 ആയിട്ടുണ്ട്. പരപ്പനങ്ങാടി ആവിൽ ബീച്ച് കുന്നുമ്മൽ സൈതലവിയുടെ ഭാര്യ സീനത്ത് (43), മക്കളായ ഹസ്ന (18), ഷംന (16), ഷഫ്ല (13), സഫ്ന (17), സൈതലവിയുടെ സഹോദരൻ സിറാജിന്‍റെ ഭാര്യ റസീന (27), മക്കളായ ഷഹ്റ (8), ഫാത്തിമ റിഷിദ (7), നൈറ ഫാത്തിമ (പത്ത് മാസം), ആവിൽ ബീച്ച് കുന്നുമ്മൽ ജാബിറിന്‍റെ ഭാര്യ കുന്നുമ്മൽ ജൽസിയ എന്ന കുഞ്ഞിമ്മു (42), ജാബിറിന്‍റെ മകൻ ജരീർ (12), താനുർ സ്റ്റേഷനിലെ സി.പി.ഒ പരപ്പനങ്ങാടി ചിറമംഗലം മീനടം സബറുദ്ദീൻ (37), ആനക്കയം കളത്തിങ്ങൽപടി ചെമ്പനിയിൽ മച്ചിങ്ങൽ നിഹാസ്-ഫരീദ ദമ്പതികളുടെ മകൾ ആദി ഫാത്തിമ (ആറ്), പരപ്പനങ്ങാടി ചെട്ടിപ്പടി വെട്ടികുറ്റി വീട്ടിൽ സൈനുൽ ആബിദിന്റെ ഭാര്യ ആയിശാബി, സൈനുൽ ആബിദിന്റെ മകൾ ആദില ഷെറി, സൈനുൽ ആബിദിന്റെ മകൻ അർഷാൻ, പെരിന്തൽമണ്ണ ശാന്തപുരം കോക്കാട് വയങ്കര നവാസിന്റെയും അസീജയുടെയും മകൻ അഫ്ലഹ് (ഏഴ്), പെരിന്തൽമണ്ണ ശാന്തപുരം കോക്കാട് വയങ്കര അസീമിന്റെയും ഫസീജയുടെയും മകൻ അൻഷിദ് (10), താനൂർ ഓലപ്പീടിക കാട്ടിൽപീടിയേക്കൽ സിദ്ദീഖ് (35), സിദ്ദീഖിന്റെ മകൻ ഫൈസാൻ (മൂന്ന്), സിദ്ദീഖിന്റെ മകൾ ഫാത്തിമ മിൻഹ (ഒന്ന്), ചെട്ടിപ്പടി സ്വദേശി അദ്നാൻ എന്നിവരാണ് താനൂർ ബോട്ടപകടത്തിൽ മരിച്ചത്. ഇതിൽ 11 പേർ ഒരു കുടുംബത്തിൽ നിന്നുള്ളവരാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.