മഞ്ചേരി: കാമുകിയെയും ഭർത്താവിനെയും കൊലപ്പെടുത്തിയ കേസിൽ റിമാൻഡിലായിരുന്ന പ്രതി ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചു. താനൂർ തെയ്യാല ഓമച്ചപ്പുഴ കൊളത്തൂർ ബഷീറാണ് (44) കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ മരിച്ചത്.
താനൂർ തെയ്യാലയിൽ നാടിനെ നടുക്കിയ കൊലപാതക കേസിലെ പ്രതിയാണ് മരിച്ച ബഷീർ. മഞ്ചേരി സ്പെഷൽ സബ് ജയിലിൽ കഴിഞ്ഞ 31ന് രാവിലെ ദിനചര്യ കഴിഞ്ഞ് സെല്ലിൽ പ്രവേശിപ്പിക്കാനിരിക്കെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട് കുഴഞ്ഞുവീഴുകയായിരുന്നു. മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിലും തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലെ ഐ.സി.യുവിലും പ്രവേശിപ്പിച്ചെങ്കിലും തിങ്കളാഴ്ച രാവിലെ മരിച്ചു.
താനൂർ തെയ്യാല അഞ്ചുടിയിൽ പൗറകത്ത് സവാദിനെ (40) 2018ൽ തലക്കടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് ബഷീർ. സവാദിന്റെ ഭാര്യയും ബഷീറിന്റെ കാമുകിയുമായ സൗജത്തിന്റെ സഹായത്തോടെയാണ് കൊലപാതകം നടത്തിയത്. ഈ കേസിൽ ജാമ്യത്തിലായിരുന്ന ബഷീർ നാലുവർഷത്തിനുശേഷം 2022 നവംബർ 29ന് സൗജത്തിനെ കൊലപ്പെടുത്തി. ഈ കേസിലാണ് റിമാൻഡിൽ കഴിഞ്ഞിരുന്നത്.
കൊണ്ടോട്ടി പുളിക്കലിൽ വാടക ക്വാർട്ടേഴ്സിലാണ് സൗജത്തിനെ മരിച്ച നിലയിൽ കണ്ടത്. അന്ന് ബഷീറിനെ വിഷം കഴിച്ച നിലയിൽ കണ്ടെത്തി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ചികിത്സക്കുശേഷം ഡിസംബർ 14നാണ് റിമാൻഡ് ചെയ്ത് ജയിലിലേക്ക് മാറ്റിയത്. ജയിലിൽ മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചതിനെ തുടർന്ന് 16ന് കോഴിക്കോട് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി ഫെബ്രുവരിയിലാണ് തിരിച്ച് മഞ്ചേരി ജയിലിൽ എത്തിച്ചത്. തുടർന്ന് ഓരോ മാസവും മാനസികാരോഗ്യ കേന്ദ്രത്തിൽ ചികിത്സക്ക് കൊണ്ടുപോകാറുണ്ട്.
പെരിന്തൽമണ്ണ ആർ.ഡി.ഒ ഇൻക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്കുശേഷം ചൊവ്വാഴ്ച ബന്ധുക്കൾക്ക് വിട്ടുനൽകും. ജയിൽ സൂപ്രണ്ടിന്റെ പരാതിയിൽ മഞ്ചേരി പൊലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.