മലപ്പുറം: 22 പേർ മരിച്ച ബോട്ടു ദുരന്തത്തെ തുടർന്ന് താനൂർ തൂവൽതീരത്തെ താൽക്കാലിക ബോട്ടുജെട്ടിയിൽ കെട്ടിയുണ്ടാക്കിയ നടപ്പാത കത്തിച്ചു. അപകടമുണ്ടാക്കിയ ബോട്ട് യാത്ര ആരംഭിക്കുന്ന സ്ഥലമാണിത്. തീരത്തുനിന്നും ബോട്ടിലേക്ക് നടന്നുപോകാൻ കെട്ടിയുണ്ടാക്കിയ മരം കൊണ്ടുണ്ടാക്കിയ ഭാഗമാണ് കത്തിച്ചത്.
ഇന്ന് രാവിലെയാണ് സംഭവം. രാവിലെ ഇവിടെ എത്തിയപ്പോഴാണ് കത്തിച്ച നിലയിൽ കണ്ടെത്തിയതെന്ന് നാട്ടുകാരിൽ ചിലർ പ്രതികരിച്ചു.
ഞായറാഴ്ച വൈകീട്ട് ഏഴോടെയാണ് അപകടമുണ്ടായത്. ഏഴ് കുട്ടികളും രണ്ട് സ്ത്രീകളുമടക്കം 22 പേർക്കാണ് ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ടത്. പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലുള്ള 10 പേരും അപകടനില തരണം ചെയ്തു. അഞ്ച് പേർ നീന്തി രക്ഷപ്പെട്ടു. പോസ്റ്റുമോർട്ടത്തിനുശേഷം മൃതദേഹങ്ങൾ വീടുകളിലെത്തിച്ചു. സംസ്കാരം അൽപസമയത്തിനകം നടക്കും.
ദിവസങ്ങൾക്കു മുമ്പ് മാത്രമാണ് ഇവിടെ ബോട്ട് സർവിസ് ആരംഭിച്ചത്. പരപ്പനങ്ങാടി, താനൂര്‍ മേഖലയിലുള്ളവരാണ് ബോട്ടിലുണ്ടായിരുന്നവരില്‍ അധികവും. പലരും ലൈഫ് ജാക്കറ്റ് ഉപയോഗിച്ചിരുന്നുമില്ല.
അപകടത്തിൽ മരിച്ചവർ: പരപ്പനങ്ങാടി ആവിൽ ബീച്ച് കുന്നുമ്മൽ സൈതലവിയുടെ ഭാര്യ സീനത്ത് (43), മക്കളായ ഹസ്ന (18), ഷംന (16), ഷഫ്ല (13), സഫ്ന (17), സൈതലവിയുടെ സഹോദരൻ സിറാജിന്‍റെ ഭാര്യ റസീന (27), മക്കളായ ഷഹ്റ (8), ഫാത്തിമ റിഷിദ (7), നൈറ ഫാത്തിമ (പത്ത് മാസം), ആവിൽ ബീച്ച് കുന്നുമ്മൽ ജാബിറിന്‍റെ ഭാര്യ കുന്നുമ്മൽ ജൽസിയ എന്ന കുഞ്ഞിമ്മു (42), ജാബിറിന്‍റെ മകൻ ജരീർ (12), താനുർ സ്റ്റേഷനിലെ സി.പി.ഒ പരപ്പനങ്ങാടി ചിറമംഗലം മീനടം സബറുദ്ദീൻ (37), ആനക്കയം കളത്തിങ്ങൽപടി ചെമ്പനിയിൽ മച്ചിങ്ങൽ നിഹാസ്-ഫരീദ ദമ്പതികളുടെ മകൾ ആദി ഫാത്തിമ (ആറ്), പരപ്പനങ്ങാടി ചെട്ടിപ്പടി വെട്ടികുറ്റി വീട്ടിൽ സൈനുൽ ആബിദിന്റെ ഭാര്യ ആയിശാബി, സൈനുൽ ആബിദിന്റെ മകൾ ആദില ഷെറി, സൈനുൽ ആബിദിന്റെ മകൻ അർഷാൻ, പെരിന്തൽമണ്ണ ശാന്തപുരം കോക്കാട് വയങ്കര നവാസിന്റെയും അസീജയുടെയും മകൻ അഫ്ലഹ് (ഏഴ്), പെരിന്തൽമണ്ണ ശാന്തപുരം കോക്കാട് വയങ്കര അസീമിന്റെയും ഫസീജയുടെയും മകൻ അൻഷിദ് (10), താനൂർ ഓലപ്പീടിക കാട്ടിൽപീടിയേക്കൽ സിദ്ദീഖ് (35), സിദ്ദീഖിന്റെ മകൻ ഫൈസാൻ (മൂന്ന്), സിദ്ദീഖിന്റെ മകൾ ഫാത്തിമ മിൻഹ (ഒന്ന്), ചെട്ടിപ്പടി സ്വദേശി അദ്നാൻ എന്നിവരാണ് താനൂർ ബോട്ടപകടത്തിൽ മരിച്ചത്. ഇതിൽ 11 പേർ ഒരു കുടുംബത്തിൽ നിന്നുള്ളവരാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.