കൊച്ചി: 2016 മുതൽ മൂന്ന് വർഷത്തിനിടെ സർക്കാർ, എയ്ഡഡ് കോളജുകളിൽനിന്ന് വിരമിച്ച അധ്യാപകർക്ക് ശമ്പള പരിഷ്കരണത്തെ തുടർന്ന് ലഭിക്കേണ്ട ശമ്പള കുടിശ്ശിക നൽകുന്നത് സംബന്ധിച്ച് മൂന്ന് മാസത്തിനകം തീരുമാനമെടുക്കണമെന്ന് ഹൈകോടതി. യു.ജി.സിയുടെ ഏഴാം ശമ്പള പരിഷ്കരണം 2016 ജനുവരി ഒന്നു മുതലുള്ള മുൻകാല പ്രാബല്യത്തോടെ നടപ്പാക്കിയ സാഹചര്യത്തിലാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ ഉത്തരവ്.
2016 ജനുവരി ഒന്ന് മുതലുള്ള കുടിശ്ശിക പ്രോവിഡന്റ് ഫണ്ടിലേക്ക് ലയിപ്പിക്കാനും തീരുമാനിച്ചിരുന്നു. ഈ മൂന്ന് വർഷത്തിനിടെ വിരമിച്ച അധ്യാപകർ പി.എഫ് അക്കൗണ്ട് അവസാനിപ്പിച്ചതിനാൽ ശമ്പള കുടിശ്ശിക കാര്യത്തിൽ തീരുമാനമെടുത്തിരുന്നില്ല. ഈ നടപടി ചോദ്യം ചെയ്ത് തൃശൂർ സെന്റ് തോമസ് കോളജിലെ റിട്ട. അധ്യാപകൻ ഡോ. സി.ഡി. വർഗീസ് അടക്കം 450ഓളം പേർ നൽകിയ ഹരജിയാണ് കോടതി പരിഗണിച്ചത്. ഹരജിക്കാർക്ക് തുക ലഭിക്കാൻ അർഹതയുണ്ടെന്ന് കണ്ടെത്തിയാൽ രണ്ടു മാസത്തിനകം അനുവദിക്കണമെന്നും കോടതി നിർദേശിച്ചു.
ശമ്പള കുടിശ്ശികയുടെ കാര്യത്തിൽ 2019 ഏപ്രിൽ ഒന്നിന് മുമ്പ് വിരമിച്ചവരെന്നും ഇതിനു ശേഷം വിരമിക്കുന്നവരെന്നും വേർതിരിക്കുന്നത് നിയമവിരുദ്ധമാണെന്നായിരുന്നു ഹരജിക്കാരുടെ വാദം. പരാതി ന്യായമാണെന്നും പരിഹരിക്കാൻ ഉചിത നടപടി സ്വീകരിക്കുമെന്നും സർക്കാർ അറിയിച്ചു. തുടർന്നാണ് മൂന്നു മാസത്തിനകം തീരുമാനമെടുക്കാൻ ഉന്നത വിദ്യാഭ്യാസ സെക്രട്ടറിയോട് ആവശ്യപ്പെട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.