അധിക അധ്യാപകരുടെ  ശമ്പളം തിരിച്ചുപിടിക്കല്‍  ഉത്തരവ് മരവിപ്പിക്കും

തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളില്‍ അധികമുള്ള അധ്യാപകര്‍ തസ്തികയില്ലാതിരുന്ന കാലത്ത് വാങ്ങിയ ശമ്പളം തിരികെ പിടിക്കാനുള്ള ഉത്തരവ് മരവിപ്പിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രിയുടെ ഉറപ്പ്. പ്രതിപക്ഷ അധ്യാപക സംഘടനാ നേതാക്കളുമായി നടത്തിയ ചര്‍ച്ചയിലാണ് ഇതുസംബന്ധിച്ച് മന്ത്രി സി. രവീന്ദ്രനാഥ് ഉറപ്പുനല്‍കിയത്. 

കഴിഞ്ഞ ദിവസമാണ് അധികമുള്ള സംരക്ഷിത അധ്യാപകര്‍ വാങ്ങിയ ശമ്പളം തിരിച്ചുപിടിക്കാന്‍ ഉത്തരവിട്ടത്. ഇതിനെതിരെ വ്യാപക ആക്ഷേപമുയര്‍ന്നിരുന്നു. പൊതുവിദ്യാഭ്യാസ മേഖലയിലെ പ്രശ്നങ്ങള്‍ ചര്‍ച്ചചെയ്യാന്‍ നവംബര്‍ 11ന് മുഴുവന്‍ അധ്യാപക സംഘടനകളുടെയും യോഗം വിളിക്കുമെന്നും മന്ത്രി അറിയിച്ചു. 
ഇതേതുടര്‍ന്ന് സ്കൂള്‍ കലോത്സവം ഉള്‍പ്പെടെ പരിപാടികള്‍ ബഹിഷ്കരിക്കാനുള്ള പ്രതിപക്ഷ അധ്യാപക സംഘടനകളുടെ തീരുമാനം താല്‍ക്കാലികമായി നിര്‍ത്തിവെക്കാന്‍ തീരുമാനിച്ചു. 

കലോത്സവം ഉള്‍പ്പെടെ ചര്‍ച്ചചെയ്യാന്‍ ബുധനാഴ്ച ക്യു.ഐ.പി യോഗം ചേരാനും തീരുമാനിച്ചു. കഴിഞ്ഞ ക്യു.ഐ.പി യോഗത്തില്‍നിന്ന് പ്രതിപക്ഷ അധ്യാപക സംഘടനകള്‍ ഇറങ്ങിപ്പോയിരുന്നു. പി. ഹരിഗോവിന്ദന്‍, സി.പി. ചെറിയ മുഹമ്മദ്, എം. സലാഹുദ്ദീന്‍, എ.കെ. സൈനുദ്ദീന്‍, എ.കെ. അബ്ദുസ്സമദ്, പ്രസന്നകുമാര്‍, കെ.ടി. അബ്ദുല്‍ ലത്തീഫ്, പി. അബ്ദുല്‍ അസീസ്, ബാബു അബ്രഹാം, എ.വി. ഇന്ദുലാല്‍, ടി.കെ. അശോക്കുമാര്‍ എന്നിവരാണ് മന്ത്രിയുമായുള്ള ചര്‍ച്ചയില്‍ പങ്കെടുത്തത്. 
 
Tags:    
News Summary - teachers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.