തിരുവനന്തപുരം: ആർട്സ് ആൻഡ് സയൻസ് കോളജുകളിൽ പ്രഫസർ പദവി അനുവദിച്ചതോടെ പണം വാങ്ങി മുൻകാല പ്രാബല്യത്തോടെ അധ്യാപകർക്ക് ഗവേഷണ പ്രബന്ധങ്ങൾ തയാറാക്കി നൽകാൻ സംഘങ്ങൾ രംഗത്ത്. 2018 മുതൽ മുൻകാല പ്രാബല്യത്തിൽ പ്രഫസർ പദവി ലഭിക്കുന്നതിനാണ് പ്രബന്ധങ്ങൾ മൂന്നുവർഷം മുമ്പുള്ള തീയതികളിൽ പ്രസിദ്ധീകരിച്ചുനൽകാമെന്ന വാഗ്ദാനം.
ഡൽഹി ആസ്ഥാനമായ പ്രസിദ്ധീകരണശാലയാണ് ഇ-മെയിൽ സന്ദേശങ്ങളുമായി കോളജ് അധ്യാപകരെ സമീപിക്കുന്നത്.
പ്രഫസർപദവിക്കുള്ള യോഗ്യതകളിൽ ഒന്ന് യു.ജി.സി അംഗീകൃത ജേണലുകളിൽ 10 ഗവേഷണ പ്രബന്ധം പ്രസിദ്ധീകരിക്കണമെന്നതാണ്. പ്രബന്ധങ്ങളുടെ കുറവ് പലർക്കും പ്രഫസർ പദവി ലഭിക്കുന്നതിന് തടസ്സമാണ്. ഇവരെയാണ് 'പ്രസാധകർ' ലക്ഷ്യമിടുന്നത്. വലിയ തുകയാണ് പ്രതിഫലമായി ആവശ്യപ്പെടുന്നത്.
അസോസിയേറ്റ് പ്രഫസർ ആയി മൂന്നുവർഷ പ്രവർത്തനം, അക്കാദമിക് പെർഫോമൻസ് ഇൻഡിക്കേറ്ററിൽ 110 സ്കോർ, യു.ജി.സി അംഗീകൃത ഗവേഷണ പ്രസിദ്ധീകരണങ്ങളിൽ 10 പ്രബന്ധം, അതിൽ മൂന്ന് പ്രബന്ധം അസസ്മെൻറ് കാലയളവിൽ ആയിരിക്കണം എന്നിവയാണ് പ്രഫസർ പദവിക്കുള്ള യു.ജി.സി വ്യവസ്ഥ. 2019 ലാണ് യു.ജി.സിയുടെ കെയർ പട്ടിക നിലവിൽ വന്നത്.
ഇപ്പോൾ യു.ജി.സി പട്ടികയിലില്ലാത്ത ജേണലുകളിൽ 2019ന് മുമ്പ് പ്രബന്ധം പ്രസിദ്ധീകരിച്ചതായി രേഖയുണ്ടാക്കിയാൽ പ്രഫസർ പദവിക്ക് അപേക്ഷ സമർപ്പിക്കാം.
സർക്കാർ കോളജുകളിൽ കോളജ് വിദ്യാഭ്യാസ ഡയറക്ടറും സ്വകാര്യ എയ്ഡഡ് കോളജുകളിൽ സർവകലാശാലകളുമാണ് പ്രഫസർ പദവി അനുവദിക്കുന്നത്.
സർക്കാർ കോളജുകളിലെ അധ്യാപകർക്ക് പ്രഫസർ പദവിക്കുള്ള രേഖകൾ സമർപ്പിക്കുന്നതിന് അനുവദിച്ച സമയം കോളജ് വിദ്യാഭ്യാസ ഡയറക്ടർ ഒക്ടോബർ 30 വരെ മൂന്നാം തവണയും നീട്ടി നൽകി.
ഇത് ജേണലുകളിൽ പ്രബന്ധങ്ങൾ പ്രസിദ്ധീകരിക്കുന്നതിന് സാവകാശം നൽകുന്നതിനാണെന്ന് ആക്ഷേപമുണ്ട്. 150 ഒാളം പേർക്കായിരിക്കും ആദ്യ ഘട്ടത്തിൽ പ്രഫസർ പദവി ലഭിക്കുക. യു.ജി.സി അംഗീകൃത ജേണലുകൾക്ക് പകരം രാഷ്ട്രീയ മാസികകളിലോ ആനുകാലിക പ്രസിദ്ധീകരണങ്ങളിലോ ഉള്ള ലേഖനങ്ങൾ പ്രഫസർ പദവിക്ക് പരിഗണിക്കരുതെന്നും യു.ജി.സി വ്യവസ്ഥകളിൽ ഇളവ് നൽകുന്നത് അക്കാദമിക് മേഖലയുടെ മൂല്യശോഷണത്തിന് വഴിവെക്കുമെന്നും സേവ് യൂനിവേഴ്സിറ്റി കാമ്പയിൻ കമ്മിറ്റി ഉന്നത വിദ്യാഭ്യാസ മന്ത്രിക്ക് നൽകിയ നിവേദനത്തിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.