കോഴിക്കോട്: പി.എസ്.സിയെയും എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിനെയും നോക്കുകുത്തിയാക്കി കെ.എസ്.ആർ.ടി.സിയിൽ താൽക്കാലിക നിയമനങ്ങൾ തകൃതി. 2016ന് ശേഷം ഡ്രൈവർ, കണ്ടക്ടർ, മെക്കാനിക്കൽ വിഭാഗങ്ങളിൽ സ്ഥിരം നിയമനങ്ങൾക്ക് പി.എസ്.സി വഴി അപേക്ഷ ക്ഷണിച്ചിട്ടില്ല.
ശബരിമല -ക്രിസ്മസ് അവധിക്കാല സർവിസ് ആവശ്യത്തിന് താൽക്കാലിക ഡ്രൈവർമാരെയും മെക്കാനിക്കുകളെയും നിയമിക്കാൻ കെ.എസ്.ആർ.ടി.സി അപേക്ഷ ക്ഷണിച്ചിരിക്കുകയാണ്. ജില്ല തലത്തിലെ ഒഴിവുകൾ നികത്താൻ അതത് ജില്ല-പ്രാദേശിക ഡിപ്പോകൾ വഴിയാണ് അപേക്ഷ ക്ഷണിച്ചത്.
2013ലെ പി.എസ്.സി ലിസ്റ്റിൽപെട്ട അൺ അഡ്വൈസ്ഡ് ഡ്രൈവർ പട്ടികയിലെ ഉദ്യോഗാർഥികളുടെ കേസ് ഹൈകോടതിയിൽ നടക്കുന്നതിനിടെയാണ് താൽക്കാലിക നിയമനം. എന്നാൽ, ഇത് സ്പെഷൽ സർവിസിനുവേണ്ടിയുള്ള നിയമനമല്ലെന്നും വരാനിരിക്കുന്ന ഒഴിവുകൾ മുൻകൂട്ടി കണ്ടുള്ള നിയമനമാണെന്നും ജീവനക്കാർ ആരോപിക്കുന്നു.
ശബരിമല സ്പെഷൽ സർവിസിനുവേണ്ടി മകരവിളക്ക് കഴിയുന്നതുവരെ മാത്രമെന്ന് ഹൈകോടതിയിൽ സത്യവാങ്മൂലം നൽകി 2023ൽ നിയമിച്ച താൽക്കാലിക കണ്ടക്ടർ, ഡ്രൈവർ ജീവനക്കാരെ ഇതുവരെ പിരിച്ചുവിട്ടിട്ടില്ല. 2024ൽ 1400 ജീവനക്കാർ വിരമിച്ചിട്ടും എംപ്ലോയ്മെന്റ് എസ്ക്ചേഞ്ച് വഴിയോ പി.എസ്.സി വഴിയോ നിയമനം നടത്താതെ താൽക്കാലിക ജീവനക്കാരെ വിന്യസിച്ച് മുന്നോട്ടുപോവുകയായിരുന്നു. കെ.എസ്.ആർ.ടി.സിയുടെ നടപടി കോടതിയലക്ഷ്യമാണെന്നും ജീവനക്കാർ ചൂണ്ടിക്കാട്ടുന്നു.
അടുത്ത മാർച്ച്, മേയ് മാസങ്ങളിൽ 1000 കണ്ടക്ടർ, ഡ്രൈവർ കണ്ടക്ടർ വിഭാഗം ജീവനക്കാർ വിരമിക്കുന്നുണ്ട്. ഈ ഒഴിവിലേക്ക് കേസ് നടത്തുന്ന ഉദ്യോഗാർഥികൾക്ക് സ്ഥിരം നിയമനം കൊടുക്കാതിരിക്കാൻ മുൻകൂട്ടി തയാറാക്കിയ പദ്ധതി അനുസരിച്ചാണ് വീണ്ടും സ്പെഷൽ സർവിസിനുവേണ്ടിയെന്ന പേരിൽ താൽക്കാലിക നിയമനങ്ങൾക്ക് അപേക്ഷ വിളിച്ചതെന്നും ജീവനക്കാർ പറയുന്നു.
മെക്കാനിക്കുമാരിൽ നിന്ന് 5000 രൂപയും ഡ്രൈവർമാരിൽനിന്ന് 10,000 രൂപയും കരുതൽ നിക്ഷേപം ഈടാക്കിയാണ് നിയമനം. തൊഴിലില്ലാതെ യുവാക്കൾ പുറത്തുനിൽക്കുമ്പോൾ സർവിസിൽനിന്ന് വിരമിച്ച ഡ്രൈവർമാരെ കെ.എസ്.ആർ.ടി.സി വീണ്ടുമെടുക്കുന്നതായി തൊഴിലാളി സംഘടനകൾ ആരോപിക്കുന്നു. ഡ്രൈവർമാരെ നിയമിക്കുമ്പോൾ എം.വി.ഐമാരുടെ സാന്നിധ്യത്തിൽ ടെസ്റ്റ് നടത്തി കാര്യക്ഷമത ഉറപ്പുവരുത്തണം. എന്നാൽ, ചിലയിടങ്ങളിൽ കെ.എസ്.ആർ.ടി.സി വെഹിക്കിൾ സൂപ്രണ്ടുമാരാണ് പരിശോധന നടത്തുന്നത്.
സ്ഥിരം ജീവനക്കാരെ വെട്ടിക്കുറച്ച് അടുത്ത നിയമസഭ തെരഞ്ഞെടുപ്പിനുമുമ്പ് കെ.എസ്.ആർ.ടി.സി ലാഭത്തിലാണെന്ന് വരുത്തിത്തീർക്കാനുള്ള നീക്കമാണ് എൽ.ഡി.എഫ് സർക്കാർ നടത്തുന്നതെന്നും പ്രതിപക്ഷ സംഘടനകൾ ആരോപിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.