തലശ്ശേരി: ഓണാവധിക്കുശേഷം ചൊവ്വാഴ്ച പ്രവർത്തന സജ്ജമാകുന്ന തലശ്ശേരി ജില്ല കോടതിയിൽ കൂടുതൽ കേസുകൾ പരിഗണിച്ചുതുടങ്ങും. തലശ്ശേരി പ്രിൻസിപ്പൽ ജില്ല സെഷൻസ് കോടതിയിൽ പ്രമാദമായ മൂന്ന് കേസുകളിൽ വാദപ്രതിവാദങ്ങളും സാക്ഷി വിസ്താരവും ചൊവ്വാഴ്ച നടക്കും. കാസർകോട് ജില്ലയിൽ ഏറെ കോളിളക്കം സൃഷ്ടിച്ച അഡ്വ.പി. സുഹാസ് വധക്കേസിെൻറ വിചാരണയാണ് ഇതിൽ മുഖ്യം. സാമുദായിക വിരോധം കാരണം പ്രമുഖ സംഘടന നേതാവായ സുഹാസിനെ ഓഫിസിെൻറ മുറ്റത്തുവെച്ച് കുത്തിക്കൊന്നുവെന്നാണ് കേസ്. കൊല്ലപ്പെട്ടത് കാസർകോട്ടെ അഭിഭാഷകനായതിനാലാണ് കേസ് നടപടികൾ തലശ്ശേരിയിലേക്ക് മാറ്റിയത്. കേരളമാകെ ചർച്ചയായ ഇ ബുൾജെറ്റ് വ്ലോഗർ സഹോദരങ്ങളുടെ ജാമ്യം റദ്ദാക്കാനുള്ള പൊലീസ് ഹരജിയും ചൊവ്വാഴ്ച പരിഗണിക്കുന്നുണ്ട്.
ഓണാവധിക്കാലത്ത് അവധിക്കാല കോടതികൾ രണ്ടുതവണ പരിഗണനക്കെടുത്ത് മാറ്റിവെച്ച കേസിൽ, ജില്ല കോടതി നാളെ കുറ്റാരോപിതരുടെ വാദം കേൾക്കാൻ തീരുമാനിച്ചിട്ടുണ്ട്. മോട്ടോർ വാഹന വകുപ്പിെൻറ കണ്ണൂർ ഓഫിസിൽ അതിക്രമം നടത്തിയെന്ന കേസിലാണ് യു ട്യൂബർമാരായ എബിൻ വർഗീസും സഹോദരൻ ലിബിൻ വർഗീസും നിയമ നടപടി നേരിടുന്നത്.
കഴിഞ്ഞ ബക്രീദ് തലേന്ന് തലശ്ശേരി ജൂബിലി റോഡിൽ ആഡംബര കാറിടിച്ച് സ്കൂട്ടർ യാത്രികനായ എൻജിനീയറിങ് വിദ്യാർഥി താഴെ ചമ്പാട് എഴുത്തുപള്ളിയിൽ ആമിനാസിൽ അഫ്ലഹ് ഫറാസ് മരിച്ച നരഹത്യ കേസിൽ കുറ്റാരോപിതനായ കതിരൂർ ഉക്കാസ് മൊട്ടയിലെ ഒമേഴ്സിൽ റൂബിൻ ഒമർ (20) നൽകിയ മുൻകൂർ ജാമ്യഹരജിയിലും ചൊവ്വാഴ്ച ഇതേ കോടതി വാദം കേൾക്കും.
കോവിഡ് നിയന്ത്രണങ്ങൾക്ക് സർക്കാർ ഇളവ് പ്രഖ്യാപിച്ച സാഹചര്യത്തിൽ കീഴ്ക്കോടതികൾക്ക് നിയന്ത്രിതമായി കേസുകൾ പരിഗണിക്കാമെന്ന ഹൈകോടതി നിർദേശത്തെ തുടർന്ന് കഴിഞ്ഞ ഏതാനും ദിവസങ്ങളായി തലശ്ശേരിയിലെ അഡീഷനൽ ജില്ല സെഷൻസ് ഒന്ന്, മൂന്ന്, നാല്, പ്രിൻസിപ്പൽ അസി. സെഷൻസ്, പോക്സോ സ്പെഷൽ കോടതി എന്നിവ ഹൈകോടതി മാർഗ നിർദേശപ്രകാരം കേസുകൾ പരിഗണിച്ചുതുടങ്ങിയിരുന്നു. പുതുതായി ചുമതലയേറ്റ ജില്ല ജഡ്ജി ജോബിൻ സെബാസ്റ്റ്യനാണ് ജില്ല കോടതിയിൽ കേസുകൾ പരിഗണിക്കുന്നത്. വർഷങ്ങൾ പഴക്കമുള്ള ഒട്ടേറെ രാഷ്ട്രീയ, കവർച്ച,സ്വത്ത് തർക്ക,കൊലക്കേസുകൾ തലശ്ശേരിയിലെ വിവിധ സെഷൻസ് കോടതികളിൽ കെട്ടിക്കിടക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.