ഫസൽ വധം: കൊന്നത്​ തങ്ങളാണെന്ന്​ ആർ.എസ്​.എസ്​ പ്രവർത്തക​െൻറ മൊഴി

ണ്ണൂര്‍: സി.പി.എം ജില്ല സെക്രട്ടേറിയറ്റ് അംഗം കാരായി രാജനും ഏരിയ കമ്മിറ്റി അംഗം കാരായി ചന്ദ്രശേഖരനും പ്രതികളായി സി.ബി.ഐ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ച തലശ്ശേരിയിലെ എന്‍.ഡി.എഫ് പ്രവര്‍ത്തകന്‍ ഫസല്‍ വധക്കേസില്‍ വഴിത്തിരിവാകുന്ന മൊഴി ലഭിച്ചതായി പൊലീസ്. സി.പി.എം വാളാങ്കിച്ചാല്‍ ബ്രാഞ്ച് സെക്രട്ടറി പടുവിലായി കുഴിച്ചാല്‍ മോഹനന്‍ കഴിഞ്ഞ മാസം കൊല്ലപ്പെട്ട കേസില്‍ അറസ്റ്റിലായ ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ മാഹി ചെമ്പ്ര സ്വദേശി എമ്പ്രാന്‍ സുബീഷിനെ ചോദ്യം ചെയ്തപ്പോഴാണ്  താനും മറ്റ് ചിലരും ചേര്‍ന്നാണ് ഫസലിനെ കൊലപ്പെടുത്തിയതെന്ന് മൊഴി നല്‍കിയതത്രെ.

2006 ഒക്ടോബര്‍ 22ന് വീടിന്‍െറ പരിസരത്തുവെച്ചാണ് ഫസല്‍ കൊല്ലപ്പെട്ടത്. ഇരിങ്ങാലക്കുട സ്വദേശിയും കതിരൂര്‍ ഡയമണ്ട് മുക്കിലെ മറ്റ് രണ്ടുപേരും താനും ചേര്‍ന്നാണ് ഫസലിനെ കൊന്നതെന്നാണ് സുബീഷിന്‍െറ മൊഴിയെന്ന് പൊലീസ് കേന്ദ്രങ്ങള്‍ അറിയിച്ചു. കാരായിമാര്‍ക്ക്  കണ്ണൂര്‍ ജില്ലയില്‍ പ്രവേശനാനുമതി നിഷേധിക്കപ്പെട്ട നിലയില്‍ വിചാരണ തുടരുന്ന ഈ കേസില്‍ പുതിയ വിവരം സി.ബി.ഐയെ അറിയിക്കാന്‍ ഒരുങ്ങുകയാണ് പൊലീസ്. മൊഴിയുടെ വിഡിയോ ഉള്‍പ്പെടെയുള്ള രേഖ പക്ഷേ, സി.ബി.ഐക്ക് താല്‍പര്യമുണ്ടെങ്കില്‍ മാത്രമേ ഇനി കേസിന് വഴിത്തിരിവാകുന്ന വിധത്തില്‍ ഉപയോഗിക്കാനാവുകയുള്ളൂ. അല്ളെങ്കില്‍ വിധി പറയുംമുമ്പ് പുനരന്വേഷണം വേണമെന്ന് കോടതിയില്‍ ഹരജി നല്‍കണം.

മോഹനന്‍ വധക്കേസില്‍ മുഖ്യപ്രതിയല്ലാത്ത നിലയില്‍ ചോദ്യം ചെയ്യാനാണ് സുബീഷിനെ പൊലീസ് പിടികൂടിയത്. തനിക്ക് മോഹനന്‍ വധത്തില്‍ വലിയ പങ്കില്ളെന്നും മുമ്പ് ചില കേസില്‍ ഉള്‍പ്പെട്ടുപോയതാണെന്നും കുറ്റസമ്മതം നടത്തിയപ്പോഴാണ് ഇതേക്കുറിച്ച വിവരം പുറത്തുവന്നത്. ഉടന്‍ ജില്ല പൊലീസ് ആസ്ഥാനത്തേക്ക് കൊണ്ടുവന്ന പ്രതിയെ വിഡിയോ ഉള്‍പ്പെടെയുള്ള സംവിധാനം ഉപയോഗിച്ച് മൊഴി ആവര്‍ത്തിച്ച് രേഖപ്പെടുത്തുകയായിരുന്നു. ഈ മൊഴി സി.ബി.ഐക്ക് കൈമാറാനുള്ള നടപടി സ്വീകരിച്ചുവരുന്നേയുള്ളൂവെന്ന്  ജില്ല പൊലീസ് ചീഫ് സഞ്ജയ് കുമാര്‍ ഗുരുഡിന്‍ ‘മാധ്യമ’ത്തോട് പറഞ്ഞു.  സി.പി.എം പ്രവര്‍ത്തകരായ കണ്ണവത്തെ പവിത്രന്‍, തലശ്ശേരിയിലെ ജിനേഷ് എന്നിവര്‍ കൊല്ലപ്പെട്ട കേസുകളിലും ഇവര്‍ക്ക് പങ്കുണ്ടെന്നാണ് മൊഴിയില്‍ നിന്ന് വ്യക്തമാവുന്നതെന്നും പൊലീസ് അറിയിച്ചു.

ഫസല്‍ വധക്കേസിന്‍െറ തുടക്കത്തില്‍ ആര്‍.എസ്.എസ് ബന്ധം ഉന്നയിക്കപ്പെട്ടിരുന്നുവെങ്കിലും പിന്നീട് സി.പി.എം ആണ് കൊലപാതകത്തിന് പിന്നിലെന്ന് ആരോപിക്കപ്പെട്ടു. എന്‍.ഡി.എഫും ഇതുതന്നെയാണ് പറഞ്ഞത്. കേസന്വേഷണത്തില്‍ പുരോഗതി ഉണ്ടാവാതിരിക്കുകയും നാലു വര്‍ഷത്തിനുശേഷം  കോടിയേരി ബാലകൃഷ്ണന്‍ ആഭ്യന്തരമന്ത്രിയാവുകയും ചെയ്തതോടെ യഥാര്‍ഥ പ്രതികളെ രക്ഷിക്കാന്‍ ശ്രമിക്കുകയാണെന്ന് ആരോപണമുയര്‍ന്നു. ഏറെ വിവാദങ്ങള്‍ക്കൊടുവിലാണ് ഫസലിന്‍െറ ഭാര്യ കോടതിയെ സമീപിച്ചതനുസരിച്ച് അന്വേഷണം സി.ബി.ഐ ഏറ്റെടുത്തത്. അന്നത്തെ സി.പി.എം ഏരിയാ സെക്രട്ടറിയായ കാരായി രാജനും ലോക്കല്‍ സെക്രട്ടറിയായ കാരായി ചന്ദ്രശേഖരനും അറിയാതെ ഇത്തരമൊരു കൊല നടക്കുകയില്ളെന്നാണ് സി.ബി.ഐ കണ്ടത്തെിയത്. സംഘര്‍ഷമുണ്ടാക്കി നാട്ടില്‍ വര്‍ഗീയ കലാപമുണ്ടാക്കാന്‍ സി.പി.എം ഗൂഢാലോചന നടത്തിയതിന്‍െറ ഫലമാണ് ഈ കൊലയെന്നും സി.ബി.ഐ വ്യക്തമാക്കിയിരുന്നു. പക്ഷേ, കാരായിമാരുടെ പങ്കിന് ശക്തമായ തെളിവുകള്‍ കിട്ടിയിരുന്നില്ല.

മറ്റ് പ്രതികളുടെ മൊഴികള്‍ രേഖപ്പെടുത്തുകയായിരുന്നു. കാരായിമാര്‍ ഉള്‍പ്പെടെ എട്ടുപേരെ പ്രതിചേര്‍ത്ത് സി.ബി.ഐ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. വിചാരണ വേളയില്‍ കാരായിമാര്‍ ദീര്‍ഘകാലം ജയിലിലായിരുന്നു. ജാമ്യം കിട്ടിയെങ്കിലും കണ്ണൂര്‍ ജില്ലയില്‍ പ്രവേശിക്കാന്‍ അനുമതി കിട്ടിയില്ല. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സരിച്ച കാരായി രാജന്‍ ജില്ല പഞ്ചായത്ത് പ്രസിഡന്‍റായും ചന്ദ്രശേഖരന്‍ തലശ്ശേരി നഗരസഭ ചെയര്‍മാനായും തെരഞ്ഞെടുക്കപ്പെട്ടു. ജാമ്യവ്യവസ്ഥയില്‍ ഇളവുതേടി ജില്ലയില്‍ പ്രവേശനാനുമതി ചോദിച്ചുവെങ്കിലും ലഭിക്കാത്തതിനാല്‍ രണ്ടുപേരും പിന്നീട് തദ്ദേശഭരണ സാരഥ്യം ഒഴിയുകയും എറണാകുളത്ത് താമസമാക്കുകയുമായിരുന്നു.

ഫസല്‍ കൊല്ലപ്പെടുമ്പോള്‍ ബി.ജെ.പി ഭാരവാഹിയായിരുന്ന ഒ.കെ. വാസു മാസ്റ്റര്‍ ഉള്‍പ്പെടെയുള്ള ഏതാനും പേര്‍ പിന്നീട് സി.പി.എമ്മില്‍ ചേര്‍ന്നിരുന്നു. ഇതിനുശേഷം ഫസല്‍ വധക്കേസിന്‍െറ ആര്‍.എസ്.എസ് ബന്ധത്തെക്കുറിച്ച് സി.പി.എമ്മിന് കൂടുതല്‍ വിവരം കിട്ടിയെന്നും അതുകൊണ്ടാണ് പ്രതികളായ കാരായിമാരെ നിരപരാധികളെന്ന നിലയില്‍ തെരഞ്ഞെടുപ്പില്‍ മത്സരിപ്പിച്ച് തദ്ദേശഭരണ സാരഥികളാക്കിയതെന്നുമാണ് സി.പി.എം നേതൃത്വം കീഴ്ഘടകങ്ങളില്‍  വിശദീകരിച്ചിരുന്നത്.  

 

Tags:    
News Summary - thalassery fasalmurder and karayi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.