കോഴിക്കോട്: കേരളത്തെക്കുറിച്ച് വിദ്വേഷം പ്രചരിപ്പിക്കുന്ന വിവാദ സിനിമ ‘കേരള സ്റ്റോറി’ ഇടുക്കിക്ക് പിന്നാലെ ഇന്ന് താമരശ്ശേരി രൂപതയിലും പ്രദർശിപ്പിക്കും. രൂപതയിലെ മുഴുവൻ കെ.സി.വൈ.എം യൂനിറ്റുകളിലുമാണ് സിനിമ പ്രദർശിപ്പിക്കുക.
‘കേരള സ്റ്റോറി’ പ്രദർശനം രാഷ്ട്രീയ വത്കരണത്തിനല്ലെന്നും സഭാമക്കളുടെ ബോധവത്കരണത്തിന് വേണ്ടിയാണെന്നുമാണ് കെ.സി.വൈ.എം താമരശ്ശേരി രൂപത പ്രസിഡന്‍റ് റിച്ചാൾഡ് ജോൺ അവകാശപ്പെട്ടത്. ക്രൈസ്തവവർ ചെയ്യുന്നതൊക്കെ സംഘപരിവാറിന് വേണ്ടിയാണെന്ന് വരുത്തി തീർക്കാനുള്ള സംഘടിത നീക്കാത്തെ ചെറുക്കുമെന്നും അദ്ദേഹം പറഞ്ഞു.
നേരത്തെ, സിനിമ പ്രദർശിപ്പിച്ച ഇടുക്കി രൂപതയെ കെ.സി.വൈ.എം-എസ്.എം.വൈ.എം താമരശ്ശേരി യൂനിറ്റ് അഭിനന്ദിച്ച് പോസ്റ്റർ പുറത്തിറക്കിയിരുന്നു. സഭയുടെ മക്കളെ പ്രതിരോധത്തിന്‍റെ പരിശീലകരാക്കുക എന്ന കാലഘട്ടത്തിന്‍റെ ആവശ്യകതയെ തിരിച്ചറിഞ്ഞ ഇടുക്കി രൂപതയെ അഭിനന്ദനങ്ങൾ അറിയിക്കുന്നുവെന്നാണ് പോസ്റ്ററിൽ പറഞ്ഞത്.
കേരളത്തെക്കുറിച്ച് വിദ്വേഷം പ്രചരിപ്പിക്കുന്ന ‘കേരള സ്റ്റോറി’ എന്ന സിനിമ ദൂരദർശൻ പ്രദർശിപ്പിച്ചത് വിവാദമായതിനുപിന്നാലെയാണ് ഇടുക്കി രൂപത സിനിമ പ്രദർശിപ്പിച്ചത്. വിശ്വാസോത്സവത്തിന്റെ ഭാഗമായി നടന്ന പരിശീലന ക്യാമ്പിൽ പങ്കെടുത്ത 10,11,12 ക്ലാസിലെ വിദ്യാർഥികൾക്കായാണ് അന്ന് വിവാദ സിനിമ പ്രദർശിപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.