കൊല്ലം: ഓയൂരിൽ നിന്ന് തട്ടിക്കൊണ്ടുപോയ കുട്ടിയുടെ പിതാവിനെ അറിയില്ലെന്ന് അറസ്റ്റിലായ പത്മകുമാറിന്റെ മൊഴി. രണ്ടുകോടി രൂപ കടബാധ്യതയുണ്ടെന്നും ഇത് വീട്ടുന്നതിന് പണം കണ്ടെത്താനായി തട്ടിക്കൊണ്ടുപോകാൻ ലക്ഷ്യമിട്ടതെന്നും പത്മകുമാർ മൊഴിയിൽ പറഞ്ഞു.
ഓയൂരിലെ കുട്ടിയെ തട്ടിക്കൊണ്ടുപോയതു വഴി മോചന ദ്രവ്യമായി 10 ലക്ഷം രൂപ വാങ്ങിയെടുക്കാനാണ് ശ്രമിച്ചത്. കുട്ടിയുടെ അച്ഛനെ നേരത്തേ അറിയില്ലെന്നും പത്മകുമാർ പൊലീസിനോട് പറഞ്ഞു. 1993 ൽ ടി.കെ.എം എൻജീയറിങ് കോളജിൽ നിന്ന് റാങ്കോടെ പഠനം പൂർത്തിയാക്കിയ ആളാണ് പത്മകുമാർ.
തട്ടിക്കൊണ്ടുപോയ കേസിൽ പത്മകുമാറിന്റെ ഭാര്യ എം.ആർ. അനിതകുമാരിയും മകൾ അനുപമയും അറസ്റ്റിലായിരുന്നു. യൂട്യൂബറായ അനുപമയുടെ ചാനലിന് അഞ്ചുലക്ഷത്തോളം സബ്സ്ക്രൈബേഴ്സ് ഉണ്ട്. ഹോളിവുഡ് താരങ്ങളുടെയും സെലിബ്രിറ്റികളുടെയും വൈറൽ വിഡിയോകളുടെ റിയാക്‌ഷൻ വിഡിയോയും ഷോട്‌സുമാണ് ചാനലിൽ പോസ്റ്റ് ചെയ്തിരിക്കുന്നു. ഇംഗ്ലിഷിലാണ് വിഡിയോകളുടെ അവതരണം. ഇതുവരെ 381 വിഡിയോ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഒരുമാസം മുമ്പ് അമേരിക്കൻ സെലിബ്രിറ്റി കിം കർദാഷിയാനെക്കുറിച്ച് ചെയ്ത വിഡിയോ ആണ് ഇതിൽ അവസാനത്തേത്.
ഇൻസ്റ്റഗ്രാമിൽ 14,000 ആളുകളാണ് അനുപമയെ ഫോളോ ചെയ്യുന്നത്. വളർത്തു നായ്ക്കളെ ഇഷ്ടപ്പെടുന്ന അനുപമ നായകളെ ദത്തെടുക്കാറുമുണ്ട്. ദത്തെടുത്ത നായ്ക്കളുടെ എണ്ണം കൂടിയപ്പോൾ അവക്കായി ഷെൽട്ടർ ഹോം തുടങ്ങാൻ സഹായമഭ്യർഥിച്ച് സമൂഹമാധ്യമങ്ങൾ വഴി അനുപമ പോസ്റ്റിട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.