തൃശൂർ: എൽ.ഡി.എഫ് പിന്തുണയോടെ തൃശൂർ കോർപറേഷൻ ഭരിക്കുന്ന കോൺഗ്രസ് വിമതനായ മേയർ എം.കെ. വർഗീസിന്‍റെ സുരേഷ് ഗോപി ‘പ്രേമ’ത്തോട് മുന്നണിയിലെ ഘടകകക്ഷികളുടെ പ്രതിഷേധം കൂടുതൽ ശക്തമാകുന്നു. ശനിയാഴ്ച കോർപറേഷന്‍റെ വിദ്യാഭ്യാസ അവാർഡ് വിതരണ പരിപാടി സി.പി.ഐ പ്രതിനിധിയായ പി. ബാലചന്ദ്രൻ എം.എൽ.എയടക്കം ഘടകകക്ഷികളിലെ ഭൂരിഭാഗവും ബഹിഷ്കരിച്ചു. ലോക്സഭ തെരഞ്ഞെടുപ്പിൽ സുരേഷ് ഗോപിയെയും ബി.ജെ.പിയെയും സഹായിച്ച മേയർ രാജിവെക്കണമെന്നാണ് സി.പി.ഐയുടെ ആവശ്യമെങ്കിൽ മേയറുടെ ഏകാധിപത്യത്തോടാണ് മറ്റു ഘടകകക്ഷികളുടെ പ്രതിഷേധം.
ജനതാദൾ-എസ് പ്രതിനിധി ഷീബ ബാബു, കേരള കോൺഗ്രസ് മാണി വിഭാഗത്തിലെ കരോളിൻ പെരിഞ്ചേരി, സ്വതന്ത്ര അംഗം സി.പി. പോളി എന്നിവരുൾപ്പെടെ ഘടക കക്ഷി പ്രതിനിധികളാരും പരിപാടിയിൽ പങ്കെടുത്തില്ല. അതേസമയം, പ്രതിപക്ഷത്തുള്ള കോൺഗ്രസ് നിയന്ത്രിക്കുന്ന വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റിയുടെ പരിപാടിയിൽ കോൺഗ്രസ് കൗൺസിലർമാർ പങ്കെടുത്തു. മേയറുടെ കാര്യത്തിൽ തീരുമാനമാകാതെ ഇനി കോർപറേഷൻ കൗൺസിലിൽപോലും പങ്കെടുക്കേണ്ടതില്ലെന്ന തീരുമാനത്തിലാണ് സി.പി.ഐ. പരിപാടിയിൽ മുഖ്യാതിഥിയായാണ് എം.എൽ.എ പി. ബാലചന്ദ്രനെ നിശ്ചയിച്ചിരുന്നത്. സി.പി.ഐയുടെ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൻ സാറാമ്മ റോബ്‌സൺ, കെ. സതീഷ് ചന്ദ്രൻ, ബീന മുരളി എന്നിവരും വന്നില്ല.
കോർപറേഷന്‍റെ പൊതുപരിപാടിയിലേക്കും ബഹിഷ്‌കരണം വ്യാപിച്ചതോടെ ഭരണം ഗുരുതര പ്രതിസന്ധിയിലേക്കാണ് നീങ്ങുന്നത്. ഒന്നര മാസമായി കൗൺസിൽ യോഗം ചേർന്നിട്ടില്ല. സി.പി.എം ജില്ല സെക്രട്ടറി എം.എം. വർഗീസുമായി പാർട്ടി സംസ്ഥാന നേതൃത്വം വിഷയം സംസാരിച്ചതായാണ് അറിയുന്നത്. സി.പി.എമ്മിന്‍റെ പ്രതിവാര സെക്രട്ടേറിയറ്റ് യോഗത്തിൽ ഇത് ചർച്ചക്കു വന്നതായും സൂചനയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.