തിരുവനന്തപുരം: സംസ്ഥാനത്തെ ട്രഷറികളിൽ അവശേഷിക്കുന്ന മുഴുവൻ പണവും സെപ്റ്റംബർ 30ന് ഏജൻസി ബാങ്കിൽ തിരിച്ചടക്കണമെന്ന് നിർദേശം. അന്ന് ട്രഷറി പണമിടപാട് ഉച്ചക്ക് രണ്ടുവരെയായി ചുരുക്കി. 30ന് ഒരു രൂപപോലും സൂക്ഷിക്കാൻ പാടില്ലെന്ന് ട്രഷറി ഓഫിസർമാർക്ക് ഡയറക്ടർ നിർദേശം നൽകി. നീക്കിയിരിപ്പ് പൂർണമായി ബാങ്കിൽ അടക്കുന്നതിനാൽ ഒക്ടോബറിലെ ആദ്യ പ്രവൃത്തിനമായ മൂന്നിന് പെൻഷൻ/സേവിങ് ബാങ്ക് എന്നിവയുടെ പണിമിടപാടുകൾ ഏജൻസി ബാങ്കിൽനിന്ന് പണം ലഭ്യമാകുന്നതുവരെ വൈകും. ഇക്കാര്യം ഇടപാടുകാരെ അറിയിക്കണമെന്നും മൂന്നിന് ജീവനക്കാർ നേരത്തേ എത്തി പണമിടപാട് ആരംഭിക്കണമെന്നും നിർദേശത്തിലുണ്ട്.
ട്രഷറി കോഡ് പ്രകാരം എല്ലാ മാസത്തെയും അവസാന പ്രവൃത്തിദിനം ട്രഷറിയിലെ നീക്കിയിരിപ്പ് തുക ബാങ്കിൽ തിരിച്ചടക്കണം.
എന്നാൽ, നോട്ട് നിരോധത്തിന്റെയും ചില ബാങ്കുകളിൽ ചെസ്റ്റ് നിർത്തലാക്കിയതിന്റെയും അടിസ്ഥാനത്തിൽ ട്രഷറി ഇടപടുകൾ സുഗമമാക്കാൻ എല്ലാ മാസവും ട്രഷറികളിലെ പണം മുഴുവനായി ബാങ്കിൽ അടച്ചിരുന്നില്ല. പെൻഷൻ-സേവിങ്സ് ബാങ്ക് ശീർഷകത്തിൽ ട്രഷറി അക്കൗണ്ടുകളിൽ കൂടുതൽ തുക നിലനിൽക്കുന്നതായി അക്കൗണ്ടന്റ് ജനറൽ കണ്ടെത്തി. ഇത് സംസ്ഥാന സർക്കാറിന്റെ കടമെടുപ്പ് പരിധിയെതന്നെ ബാധിച്ചുതുടങ്ങി. 21-22 സാമ്പത്തിക വർഷം മുതൽ സെപ്റ്റംബർ 30, മാർച്ച് 31 തീയതികളിൽ ട്രഷറികളിൽ അവശേഷിക്കുന്ന പണം മുഴുവനായി ഏജൻസി ബാങ്കിൽ തിരിച്ചടച്ച് മിച്ചം ശൂന്യമായി ക്രമീകരിക്കാൻ നിർദേശം നൽകിയിരുന്നു. ഇതുപ്രകാരം നടപടികൾ കർക്കശമാക്കുകയാണ് ധനവകുപ്പ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.