ഇടുക്കി ഡാമിൽ നിന്നും ഒഴുക്കുന്ന വെള്ളത്തിന്‍റെ അളവ് കൂട്ടി; സെക്കൻഡിൽ മൂന്നു ലക്ഷം ലിറ്റർ

ചെറുതോണി: ഇടുക്കി ജലസംഭരണിയുടെ ഭാഗമായ ചെറുതോണി അണക്കെട്ടിന്‍റെ ഷട്ടറുകൾ വീണ്ടും ഉയർത്തി. ഉച്ചക്ക് രണ്ട് മണിയോടെ ചെറുതോണി അണക്കെട്ടിന്റെ 2, 3, 4 ഷട്ടറുകൾ 100 സെന്റി മീറ്റർ വീതമാണ് ഉയർത്തിയത്. ഷട്ടർ അധികമായി ഉയർത്തിയത് വഴി സെക്കൻഡിൽ 3 ലക്ഷം ലിറ്റർ വരെ വെള്ളം പുറത്തേക്കൊഴുകും.

ഇടുക്കി അണക്കെട്ടിന്‍റെ വൃഷ്ടി പ്രദേശത്ത് ശക്തമായ മഴ തുടരുന്നതും മുല്ലപ്പെരിയാർ അണക്കെട്ടിൽ നിന്ന് സ്പിൽവേയിലൂടെ ഒഴുക്കുന്ന വെളളത്തിന്റെ അളവ് വർധിച്ചതും വഴി ഇടുക്കി ജലസംഭരണിയിലെ ജലനിരപ്പ് കൂടി വരികയാണ്. ഈ സാഹചര്യത്തിലാണ് ഷട്ടർ വീണ്ടും ഉ‍യർത്താൻ തീരുമാനിച്ചത്.

നിലവിൽ 80 സെന്‍റീമീറ്റർ ഉയർത്തി 150 ക്യുമെക്സ് വെള്ളമാണ് പുറത്തേക്ക് ഒഴുക്കിയിരുന്നത്. അണക്കെട്ടിലെ നിലവിലെ ജലനിരപ്പ് 2,385.18 അടിയാണ്. 2403 അടിയാണ് അണക്കെട്ടിന്‍റെ പൂർണ സംഭരണശേഷി.


അതേസമയം, ഇടുക്കി -മുല്ലപ്പെരിയാർ അണക്കെട്ടുകളിൽ നിന്ന് കൂടുതൽ വെള്ളം പുറത്തേക്ക് ഒഴുക്കിയതോടെ പെരിയാർ തീരത്തെ വീടുകളിൽ വെള്ളം ക‍യറി. കറുപ്പുപാലം, വള്ളക്കടവ്, കടശിക്കടവ്, ആറ്റോരം, മഞ്ചുമല എന്നിവിടങ്ങളിലെ വീടുകളിലാണ് വെള്ളം കയറിയത്. 

മുല്ലപ്പെരിയാറിലെ അഞ്ച് ഷട്ടറുകൾ അധികമായി ഉയർത്തി

ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ മുല്ലപ്പെരിയാർ അണക്കെട്ടിലെ അഞ്ച് ഷട്ടറുകൾ (V1- V5) 90 സെന്‍റീമീറ്റർ വീതം അധികമായി ഉയർത്തി. ആകെ 6042 ക്യുസെക്സ് വെള്ളമാണ് പുറത്തേക്ക് ഒഴുക്കിവിടുന്നത്. നിലവിൽ 10 ഷട്ടറുകളാണ് ഉയർത്തിയിട്ടുള്ളത്.

139.20 അടിയാണ് നിലവിലെ ജലനിരപ്പ്. 2122 ഘനയടി വെള്ളമാണ് ടണൽ വഴി തമിഴ്നാട് കൊണ്ടു പോകുന്നത്. പെരിയാർ നദിയുടെ ഇരുകരകളിലും താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കലക്ടർ അറിയിച്ചു.

ബാണാസുര സാഗർ ഡാമിന്‍റെ ഒരു ഷട്ടർ തുറന്നു

ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് വയനാട്ടിലെ ബാണാസുര സാഗർ അണക്കെട്ടിന്റെ ഒരു ഷട്ടർ 10 സെന്റിമീറ്റർ ഉയർത്തി. സെക്കന്റിൽ 8.5 കുബിക് മീറ്റർ ജലം കരമാൻതോടിലേക്ക് ഒഴുക്കി വിട്ടു തുടങ്ങി. ഡാമിലെ 4 ഷട്ടറുകളിൽ ഒന്ന് മാത്രമാണ് 10 സെന്റീമീറ്റർ ഇപ്പോൾ ഉയർത്തിയത്.

ജലനിരപ്പ് പരിഗണിച്ചു ഘട്ടം ഘട്ടമായി 35 കുബിക് മീറ്റർ വരെ വെള്ളം ഒഴുക്കി വിടാനാണ് തീരുമാനം. ബാക്കി ഷട്ടറുകൾ ആവശ്യാനുസരണം ഉയർത്തും. ഇത് മൂലം പുഴയിലെ ജലനിരപ്പ് 5 സെന്റിമീറ്റർ വരെ ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്. മീൻ പിടിക്കുന്നതിനും വെള്ളത്തിലൂടെ ഒഴുകിവരുന്ന വസ്തുക്കൾ പിടിക്കുന്നതിനും പുഴകളിൽ ഇറങ്ങുന്നതിനും ജില്ലാ ഭരണകൂടത്തിന്‍റെ വിലക്കുണ്ട്.

കക്കി-ആനത്തോട് ഡാമിന്‍റെ ഷട്ടറുകള്‍ തുറന്നു

വൃ​ഷ്ടി​പ്ര​ദേ​ശ​ങ്ങ​ളി​ൽ നീ​​രൊ​ഴു​ക്ക്​ ശ​ക്ത​മാ​യ ക​ക്കി-​ആ​ന​ത്തോ​ട് അണക്കെട്ടി​ന്‍റെ നാ​ല് ഷ​ട്ട​റുകൾ തു​റന്നു. അണക്കെട്ടിന്‍റെ നാലു ഷട്ടറുകളാണ് തുറന്നത്. രാ​വി​ലെ 11ന് ​ശേ​ഷം ക്ര​മ​മാ​യി ഉ​യ​ര്‍ത്തി 30 ക്യു​മെ​ക്‌​സ് മു​ത​ല്‍ 100 ക്യു​മെ​ക്‌​സ് വ​രെ വെള്ളമാണ് ഒഴുക്കിവിടുക. പമ്പാ നദിയുടെ തീരത്ത് താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.

Tags:    
News Summary - The amount of water flowing from Idukki Dam has increased

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.