മൂന്നാർ: നിയമസഭ തെരഞ്ഞെടുപ്പിൽ ദേവികുളത്ത് എ. രാജയെ തോൽപിക്കാൻ മുൻ എം.എൽ.എ എസ്. രാജേന്ദ്രൻ ശ്രമിച്ചെന്ന ആരോപണത്തിൽ കഴമ്പുണ്ടെന്ന് പാർട്ടി അന്വേഷണ കമീഷൻ കണ്ടെത്തിയതായി സൂചന. ഇതോടെ എസ്. രാജേന്ദ്രനെതിരെ പാർട്ടി നടപടി ഉറപ്പായി. തെരഞ്ഞെടുപ്പുവേളയിൽ ദേവികുളം മണ്ഡലത്തിൽ 25,000 വോട്ടിെൻറ ഭൂരിപക്ഷം നേടി എ. രാജ വിജയിക്കുമെന്നായിരുന്നു പാർട്ടി ഘടകങ്ങളുടെ കണക്ക്. എന്നാൽ, കൂടുതൽ ഭൂരിപക്ഷം പ്രതീക്ഷിച്ചിരുന്ന മേഖലകളിൽ സ്ഥാനാർഥി പിന്നാക്കം പോകുകയും ഭൂരിപക്ഷം 7848 വോട്ടിൽ ഒതുങ്ങുകയും ചെയ്തു.
തെൻറ സ്വാധീനമേഖലകളിൽ രാജേന്ദ്രൻ ഇടപെട്ട് വോട്ട് മറിച്ചെന്ന ആരോപണം ശക്തമായതിനെത്തുടർന്നാണ് പാർട്ടി ജില്ല കമ്മിറ്റി അന്വേഷണത്തിന് രണ്ടംഗ സമിതിയെ നിയോഗിച്ചത്. അടിമാലി, മൂന്നാർ, മറയൂർ സി.പി.എം ഏരിയ കമ്മിറ്റികൾ രാജേന്ദ്രനെതിരെ കമീഷന് മൊഴി നൽകി. ജാതീയ വേർതിരിവുണ്ടാക്കി രാജയെ തോൽപിക്കാൻ ശ്രമിച്ചെന്നാണ് പ്രധാന പരാതി. ദേവികുളം മണ്ഡലത്തിൽ പ്രബലമായ ജാതിയിൽ സ്വാധീനമുള്ള രാജേന്ദ്രൻ, പ്രചാരണത്തിൽ വേണ്ടത്ര സജീവമായില്ലെന്നും ആരോപണമുണ്ട്.
രാജേന്ദ്രനെതിരെ ഉയർന്ന ആരോപണങ്ങളെല്ലാം ശരിവെക്കുന്നതാണ് ഏരിയ കമ്മിറ്റി അംഗങ്ങൾ നൽകിയ മൊഴി.
ഈ സാഹചര്യത്തിൽ അന്വേഷണ സമിതി റിപ്പോർട്ട് സമർപ്പിച്ചാൽ ഉടൻ പാർട്ടി നടപടി ഉണ്ടാകുമെന്നാണ് സൂചന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.