ചൂരൽമല (വയനാട്): നിരവധിപേർ മണ്ണിനടിയിലായ മുണ്ടക്കൈയിലേക്ക് പാലം ഒരുക്കുന്നതിലായിരുന്നു രക്ഷാപ്രവർത്തനത്തിലെ രണ്ടാംനാളിൽ സൈന്യത്തിന്റെ പ്രധാന ശ്രദ്ധ. ആദ്യനാളിൽ ചൂരൽമല അങ്ങാടിയോട് ചേർന്ന് താൽക്കാലിക മുളപ്പാലം ഒരുക്കി നാന്നൂറിലേറെ പേരെ ഇങ്ങേക്കരയിലെത്തിച്ചിരുന്നുവെങ്കിലും പിന്നീട് പാലം ഭാഗികമായി തകർന്നത് പ്രതിസന്ധിയായി. ഇതിനു പിന്നാലെയാണ് സൈന്യം ബെയ്ലി പാലം നിർമിക്കാനുള്ള ശ്രമം ആരംഭിച്ചത്. ഇതിന്റെ നിർമാണം തുടർന്നതിനൊപ്പം സൈന്യത്തിലെ ഒരുവിഭാഗം മുണ്ടക്കൈയിലെ രക്ഷാദൗത്യത്തിലും സജീവമായി.
താൽക്കാലിക പാലത്തിലൂടെ കയറുകെട്ടി ആളുകളെ മറുകരയിലെത്തിച്ചതും സൈന്യമാണ്. ഹെലികോപ്റ്റർ വഴിയും രക്ഷാദൗത്യത്തിന് നേതൃത്വം നൽകി. രക്ഷാപ്രവർത്തകർക്ക് അവർ ഭക്ഷണവും ഉപകരണങ്ങളുമടക്കം എത്തിച്ചു. വെളിച്ചത്തിന് ജനറേറ്ററുകളും പ്രത്യേക ലൈറ്റുകളും എത്തിച്ചിട്ടുണ്ട്. രക്ഷാദൗത്യത്തിന് കൂറ്റൻ യന്ത്രസാമഗ്രികളെത്തിക്കാൻ 24 ടൺ ശേഷിയുള്ള ഇരുമ്പുപാലം നിർമിക്കുന്നതിന് സമാന്തരമായി കയർകെട്ടി ആളുകളെയും മൃതദേഹവും സൈന്യം മറുകരയിലെത്തിച്ചു. ചൂരൽമലയിൽ ഒലിച്ചുപോയ ക്ഷേത്രത്തിനടുത്തുള്ള കൂറ്റൻ ആൽമരത്തിലും മറുഭാഗത്ത് മണ്ണുമാന്ത്രി യന്ത്രത്തിന്റെ കൈയിലും കയർ കെട്ടിയായിരുന്നു രക്ഷാ ദൗത്യം. ഇടക്കിടെ പെയ്ത മഴയും വെള്ളം കുത്തിയൊലിച്ചുവരുന്നതും സൈന്യത്തിന് വെല്ലുവിളിയായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.