ഗാന്ധിനഗർ (കോട്ടയം): ഡോക്ടർ ചമഞ്ഞെത്തിയ യുവതി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി ഗൈനകോളജി വാർഡിൽനിന്ന് നവജാത ശിശുവിനെ തട്ടിയെടുത്തു. ഒരുമണിക്കൂറിനകം കുഞ്ഞിനെയും ഇവരെയും ആശുപത്രിക്ക് സമീപത്തെ ബാർ ഹോട്ടലിൽനിന്ന് പൊലീസ് കണ്ടെത്തി. കളമശ്ശേരിയിൽ താമസിക്കുന്ന തിരുവല്ല സ്വദേശിനി നീതുവാണ് (30) കുഞ്ഞിനെ കടത്താൻ ശ്രമിച്ചത്. കുമളി വണ്ടിപ്പെരിയാർ വലിയതറയിൽ ശ്രീജിത്-അശ്വതി ദമ്പതികളുടെ രണ്ടുദിവസം പ്രായമായ പെൺകുഞ്ഞിനെയാണ് തട്ടിയെടുത്തത്.
വ്യാഴാഴ്ച വൈകീട്ട് മൂന്നരയോടെയായിരുന്നു സംഭവം. ഗൈനകോളജി മൂന്നാം വാർഡിലെത്തിയ ഇവർ, ചികിത്സ രേഖകൾ പരിശോധിച്ചശേഷം കുട്ടിക്ക് മഞ്ഞപ്പിത്തം ഉണ്ടെന്നും അതിനാൽ കുട്ടികളുടെ ആശുപത്രിയിലെ നഴ്സറിയിലേക്ക് കൊണ്ടുപോകുകയാണെന്നും അശ്വതിയോടും കൂടെയുണ്ടായിരുന്ന ശ്രീജിത്തിന്റെ മാതാവ് ഉഷയോടും പറഞ്ഞു. ഡോക്ടറാണെന്ന ധാരണയിൽ കുട്ടിയെ ഇവർക്ക് കൈമാറി. കുറച്ചുസമയം കഴിഞ്ഞിട്ടും കുട്ടിയെ തിരികെ കൊണ്ടുവരാതായതോടെ ബന്ധുക്കൾ നഴ്സിങ് ഓഫിസിൽ വിവരം ധരിപ്പിച്ചു.
എന്നാൽ, തങ്ങളാരും കുട്ടിയെ എടുത്തിട്ടില്ലെന്ന് അധികൃതർ അറിയിച്ചു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് തട്ടിയെടുത്തതാണെന്ന് വ്യക്തമായത്. ഇതോടെ ഗാന്ധിനഗർ പൊലീസിൽ വിവരം അറിയിച്ചു. പൊലീസിന്റെ അന്വേഷണത്തിൽ മെഡിക്കൽ കോളജ് കുരിശുപള്ളിക്ക് സമീപത്തെ ബാർ ഹോട്ടലിൽ കണ്ടെത്തുകയായിരുന്നു. ഇവരോടൊപ്പം ആറുവയസ്സുള്ള കുട്ടിയും ഉണ്ടായിരുന്നു. പൊലീസ് കുഞ്ഞിനെ ഉടൻ അമ്മക്കരികിലെത്തിച്ചു. ഗാന്ധിനഗർ സ്റ്റേഷനിലെത്തിച്ച ഇവരെ എസ്.പി ഡി. ശിൽപ, ഡിവൈ.എസ്.പി സുരേഷ് കുമാർ എന്നിവരുടെ നേതൃത്വത്തിൽ ചോദ്യംചെയ്തുവരുകയാണ്.
ഇവരുടെ ബാഗിൽനിന്ന് ഡോക്ടറുടെ വസ്ത്രവും കളിപ്പാട്ടങ്ങളും കണ്ടെടുത്തു. പരസ്പരവിരുദ്ധമായാണ് ആദ്യം സംസാരിച്ചത്. ഇവർ ഏതാനും ദിവസങ്ങളായി ആശുപത്രി പരിസരത്ത് ഉണ്ടായിരുന്നതായി രോഗികളുടെ കൂട്ടിരിപ്പുകാർ പറയുന്നു. കഴിഞ്ഞയാഴ്ച ഡെന്റൽ കോളജിൽ ഡോക്ടർ ചമഞ്ഞെത്തിയത് ഇവരാണെന്ന് സംശയമുണ്ടെന്ന് ആർ.എം.ഒ ഡോ. ആർ.പി. രഞ്ചിൻ പറഞ്ഞു.
അശ്വതിയുടെ രണ്ടാമത്തെ പ്രസവമാണിത്. നാലുവയസ്സുള്ള മറ്റൊരു പെൺകുട്ടി ദമ്പതികൾക്കുണ്ട്. വിവരമറിഞ്ഞ് മന്ത്രി വി.എൻ. വാസവൻ ആശുപത്രിയിലെത്തി ദമ്പതികളിൽനിന്ന് വിവരം തേടി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.