നാദാപുരം: പാറക്കടവിലെ അഹമ്മദ് കല്ലോളിയുടെ വീട്ടുമുറ്റത്ത് നിറയെ കൊച്ചുവിമാനങ്ങളും ഡ്രോണുകളും ഹെലിക്കോപ്ടറുകളുമാണ്. ഇവ കൂടാതെ സ്വന്തമായി നിർമിച്ചതും ഒരുക്കിയതുമായ ബോട്ടുകളുമുണ്ട്. ഇവയിലേറെയും റിമോട്ട് കൺട്രോൾ സംവിധാനത്തിലാണ് പറക്കുന്നത്. ന്യൂട്രോ ഫ്യൂവൽ കൊണ്ട് പറക്കുന്ന കൊച്ചു ഹെലിക്കോപ്ടറും അഹമ്മദിന്റെ പണിശാലയിലുണ്ട്.
വീടിന് സമീപമുള്ള ചരപ്പിൽ പുഴയോരമാണ് പരീക്ഷണ സ്ഥലം. കഴിഞ്ഞ വെള്ളപ്പൊക്കത്തിൽ അഹമ്മദ് സ്വന്തമായി നിർമിച്ച ബോട്ടിൽ ഇരുപത്തഞ്ചോളം കുടുംബങ്ങളെ രക്ഷപ്പെടുത്തുകയുണ്ടായി. കരയിലും ആകാശത്തും വെള്ളത്തിലും ഒരുപോലെ സഞ്ചരിക്കുന്ന ഉപകരണങ്ങൾ നിർമിക്കുന്നതിലാണ് അഹമ്മദിനേറെ കമ്പം. ജീവൻരക്ഷ ദൗത്യത്തിന്റെ ഭാഗമായ അണ്ടർ വാട്ടർ ഡ്രോൺ, മനുഷ്യനുമായി പറക്കാവുന്ന റിമോട്ട് കൺട്രോൾ ഡ്രോൺ എന്നിവ നിർമിക്കാനുള്ള പണിപ്പുരയിലാണ് ഈ 49കാരൻ. ഡ്രൈവറായി പ്രവാസ ജീവിതമാരംഭിച്ച അഹമ്മദിനെ പറക്കാനുള്ള അഭിനിവേശം കൊണ്ടെത്തിച്ചത് ഫാൽക്കൺ ട്രെയിനർ ജോലിയിലാണ്.
നാട്ടിൽ ഹൈ സ്കൂൾ വിദ്യാഭ്യാസം മാത്രം ലഭിച്ച അഹമ്മദിന് ഖത്തർ ആർമിക്ക് വേണ്ടിയുള്ള റിമോട്ട് കൺട്രോൾ പൈലറ്റ് ആയി വരെ സേവനമനുഷ്ഠിക്കാൻ അവസരം ലഭിച്ചിട്ടുണ്ട്. ഡ്രൈവർ ജോലിയോടൊപ്പം സ്വന്തമായി കമ്പ്യൂട്ടർ പരിജ്ഞാനം നേടിയതാണ് ജീവിതത്തിൽ വഴിത്തിരിവായത്. റിമോട്ട് കൺട്രോൾ വിമാനം പറത്താനുള്ള പരീക്ഷണത്തിന്റെ ഭാഗമായി ഇന്ത്യയിലും ഖത്തറിലുമായി നിരവധി പരീക്ഷണങ്ങൾ അഹമ്മദ് നടത്തിയിട്ടുണ്ട് .
കോയമ്പത്തൂർ, ബംഗളൂരു ഉൾപ്പെടെയുള്ള നഗരങ്ങളിലെ കോളജുകളിൽ വിയേഷൻ മേഖലയിൽ പഠിക്കുന്ന വിദ്യാർഥികൾക്ക് പരിശീലനം നൽകാനും അഹമ്മദിനെ ക്ഷണിക്കാറുണ്ട്. കരയിലും വെള്ളത്തിനുമുകളിലൂടെയും ആകാശത്തിലും ഒരുപോലെ സഞ്ചരിക്കുന്ന യന്ത്രവാഹനം നിർമിച്ചു വിജയിപ്പിച്ച അഹമ്മദിന് ജലാശയത്തിന്റെ ആഴത്തിലേക്കും പറക്കുന്ന യാന നിർമാണമാണ് സ്വപ്നം. ചരപ്പിൽ പുഴയോരത്ത് വിമാന ശബ്ദം കേൾക്കുമ്പോൾ നാട്ടുകാരുറപ്പിക്കും അഹമ്മദ് കല്ലോളി നാട്ടിലെത്തിയെന്ന്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.