കൊച്ചി: പശ്ചിമ ബംഗാൾ സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിക്കാൻ സഹായിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത്. പ്രോഗ്രസീവ് വർക്കേഴ്‌സ് ഓർഗനൈസേഷൻ ചെയർമാൻ ജോർജ് മാത്യുവാണ് കത്തെഴുതിയത്.
ബംഗാളിലെ ഹൗറാ ജില്ലയിൽ നിന്ന് കേരളത്തിൽ തൊഴിലന്വേഷിച്ചെത്തി ആലുവയിൽ താമസിച്ച് തയ്യൽ ജോലി ചെയ്ത ബെച്ചുറാം ഡൗലുയി (36) ആണ് താമസിച്ചിരുന്ന മുറിയിൽ കുഴഞ്ഞ് വീണ് മരിച്ചത്. വെള്ളിയാഴ്ച വൈകീട്ട് 4.30നാണ് കുഴഞ്ഞ് വീണത്. സുഹൃത്തുക്കൾ ആലുവ ഗവ. ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.
ബെച്ചുറാം ഡൗലുയിക്ക് സ്വന്തം ഗ്രാമത്തിൽ പിതാവും മാതാവും ഇളയ സഹോദരനുമാണുള്ളത്. കുടുംബത്തിന്റെ ദാരിദ്ര്യവും ഗ്രാമത്തിലെ തൊഴിലില്ലായ്മയുമാണ് അദ്ദേഹത്തെ കേരളത്തിലേക്ക് എത്തിച്ചത്. ബെച്ചൂറാമിന്റെ മൃതദേഹം ഗ്രാമത്തിലേക്ക് കൊണ്ടു പോകുന്നതിനുള്ള സാമ്പത്തികശേഷി കുടുംബത്തിനില്ല.
ബംഗാളിൽ നിന്ന് തൊഴിൽ ചെയ്യാനെത്തിയ ബെച്ചുറാമിന്‍റെ മൃതദേഹം അവരുടെ ഗ്രാമത്തിലെത്തിക്കണമെന്ന് ആവശ്യപ്പെട്ടാണ് മുഖ്യമന്ത്രിക്ക് ഓർഗനൈസേഷൻ കത്തെഴുതിയത്. കൊച്ചി വിമാനത്താവളത്തിൽ നിന്ന് ഇന്ത്യയിലെവിടെയുമുള്ള വിമാനത്താവളത്തിൽ മൃതദേഹം എത്തിക്കുന്നതിന് 10,000 രൂപയിൽ അധികം ചെലവ് വരില്ല.
ബെച്ചൂറാമിന്റെ മൃതദേഹം വിമാനമാർഗം ഗ്രാമത്തിലെത്തിക്കുന്നതിനുള്ള ഫണ്ട് അടിയന്തരമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്ന് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് എറണാകുളം കലക്ടർക്കും കത്ത് നൽകിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.