ചവറ: ബസിൽനിന്ന് പുറത്തേക്ക് തെറിച്ച യാത്രക്കാരനെ രക്ഷിച്ച കണ്ടക്ടർ വീണ്ടും ഹീറോയായി. ബസിൽനിന്ന് ലഭിച്ച 18000 രൂപയും സ്വർണവും മൊബൈൽ ഫോണും അടങ്ങുന്ന പഴ്സ് കണ്ടെത്തി അവകാശിക്ക് തിരികെ നൽകിയാണ് ഇക്കുറി താരമായത്.
ചവറ-പന്തളം റൂട്ടിൽ സർവിസ് നടത്തുന്ന സുനിൽ ബസിലെ കണ്ടക്ടർ മൺറോതുരുത്ത് കിടപ്രം മാട്ടിൽ വീട്ടിൽ ബിജിത് ലാൽ (33) ആണ് നഷ്ടപ്പെട്ട പഴ്സ് തിരികെ നൽകി വീണ്ടും സമൂഹമാധ്യമങ്ങളിൽ താരമായത്. ബസ് തൊഴിലാളികളുടെ ഇടയിൽ കൃത്യനിർവഹണത്തിലുള്ള സത്യസന്ധതക്കും ആത്മാർഥതക്കും അഭിനന്ദനപ്രവാഹം കമന്റ് ബോക്സുകളിൽ നിറയുകയാണ്.
തീവ്രപരിചരണ വിഭാഗത്തിൽ കഴിയുന്ന ഭർത്താവിന്റെ ചികിത്സക്കായി സ്വർണം പണയംവെച്ച തുകയുമായി ആശുപത്രിയിലേക്ക് പോയ യാത്രക്കാരിയുടേതായിരുന്നു പഴ്സ്. പഴ്സ് നഷ്ടപ്പെട്ട ഇവർ ബന്ധുക്കളെ വിവരമറിയിച്ചു. ബസിൽ യാത്രക്കാരനെ രക്ഷിച്ച വിഡിയോ ദൃശ്യം കണ്ട് ഇവർ കണ്ടക്ടറെ മനസ്സിലാക്കുകയായിരുന്നു.
പിന്നീട് ഇവരുടെ മക്കൾ ഭരണിക്കാവിലെത്തി നഷ്ടപ്പെട്ടതിന്റെ വിശദാംശങ്ങൾ നൽകി പഴ്സും പണവും ഏറ്റുവാങ്ങി. കണ്ടക്ടറുടെ സത്യസന്ധതക്കും ആത്മാർഥതക്കും പുരസ്കാരം നൽകണമെന്നാണ് സഹപ്രവർത്തകരായ ബസ് ജീവനക്കാരുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.