തിരുവനന്തപുരം: നിയമസഭ വെള്ളിയാഴ്ച സമ്മേളിക്കാനിരിക്കെ മണിക്കൂറുകൾ സർക്കാറിനെ മുൾമുനയിൽ നിർത്തിയശേഷം ഗവർണർ ആരിഫ് മുഹമ്മദ്ഖാൻ നയപ്രഖ്യാപന പ്രസംഗത്തിൽ ഒപ്പുവെച്ചു. മന്ത്രിമാരുടെ പേഴ്സനൽ സ്റ്റാഫുകൾക്ക് പെൻഷൻ നൽകുന്ന വിഷയമുയർത്തി പ്രസംഗത്തിന് അനുമതി വൈകിപ്പിച്ച ഗവർണറുടെ നടപടി സർക്കാറിനെ ഞെട്ടിക്കുകയും നിയമസഭ സമ്മേളനം അനിശ്ചിതത്വത്തിലാക്കുകയും ചെയ്തു.
മുഖ്യമന്ത്രി പിണറായി വിജയൻ നേരിട്ട് കണ്ട് ചർച്ച നടത്തിയിട്ടും വഴങ്ങാതിരുന്ന ഗവർണർ, രാജ്ഭവന് അതൃപ്തിയുണ്ടാക്കിയ കത്തയച്ച പൊതുഭരണ പ്രിൻസിപ്പൽ സെക്രട്ടറി കെ.ആർ. ജ്യോതിലാലിനെ സ്ഥാനത്തുനിന്ന് മാറ്റിയതോടെയാണ് അയഞ്ഞത്. ശാരദാമുരളീധരന് പകരം ചുമതല നൽകി.
നയപ്രഖ്യാപനവുമായി ബന്ധമില്ലാത്ത പേഴ്സനൽ സ്റ്റാഫിന്‍റെ പെൻഷൻ വിഷയം, പൊതുഭരണ സെക്രട്ടറിയുടെ കത്ത് തുടങ്ങിയ വിഷയങ്ങൾ ഉയർത്തിയാണ് ഗവർണർ കടുത്ത നിലപാടെടുത്തത്. ജ്യോതിലാലിന്‍റെ കത്തിനെതിരെ ഗവർണർ രൂക്ഷവിമർശമാണ് ഉയർത്തിയത്. മുഖ്യമന്ത്രി ആവർത്തിച്ച് പറഞ്ഞിട്ടും വഴങ്ങാൻ തയാറായില്ല. ഇരുവരും അരമണിക്കൂറോളം ചർച്ച നടത്തിയിട്ടും ധാരണയുണ്ടായില്ല. പിന്നാലെ ചീഫ് സെക്രട്ടറിയെ അയച്ചാണ് ജ്യോതിലാലിനെ മാറ്റാമെന്ന് ഗവർണറെ അറിയിച്ചത്.
ഭരണഘടന പ്രതിസന്ധിയുണ്ടാകുന്നെന്ന ആശങ്ക ഉയരുകയും നിയമസഭ സമ്മേളനം തന്നെ മുടങ്ങുന്ന സാഹചര്യം രൂപപ്പെടുകയും ചെയ്തു. പ്രതിസന്ധി അതിജീവിക്കുന്നതിനെക്കുറിച്ച് മുഖ്യമന്ത്രി മന്ത്രിമാരുമായും രാഷ്ട്രീയ നേതൃത്വവുമായും ചീഫ് സെക്രട്ടറി നിയമവിദഗ്ധരുമായും ചർച്ച നടത്തി. പുതിയ വർഷത്തിലെ ആദ്യ സഭാസമ്മേളനം ഗവർണറുടെ പ്രസംഗത്തോടെയാണ് തുടങ്ങേണ്ടത്.
പ്രസംഗം വായിക്കൽ ഗവർണറുടെ ഭരണഘടന ബാധ്യതയാണ്. ഇത് ചെയ്യാതിരുന്നാൽ ഭരണഘടന പ്രതിസന്ധിയുണ്ടാകും. സർക്കാർ നയപ്രഖ്യാപന പ്രസംഗത്തിലെ പരാമർശനങ്ങളോട് ഗവർണർമാർ മുമ്പും വിയോജിച്ചിട്ടുണ്ട്. ചില ഭാഗങ്ങൾ വായിക്കാതെ വിടുകയും ചിലപ്പോൾ വിയോജിപ്പ് പ്രകടിപ്പിച്ച് വായിക്കുകയുമാണ് രീതി. എന്നാൽ, സംസ്ഥാന ചരിത്രത്തിലാദ്യമായി, നയപ്രഖ്യാപനത്തിന്‍റെ തലേന്ന് ഗവർണർ പ്രസംഗത്തിൽ ഒപ്പിടാത്ത പ്രതിസന്ധിയാണ് ഇക്കുറിയുണ്ടായത്. വിവാദം സർക്കാറും ഗവർണറും തമ്മിലെ നാടകമാണെന്ന് പ്രതിപക്ഷം ആരോപിച്ചു.
വെള്ളിയാഴ്ച ഗവർണർ നിയമസഭയിൽ പ്രസംഗിക്കും. 2020ൽ പൗരത്വ നിയമഭേദഗതിക്കെതിരായ പരാമർശത്തിന്‍റെ പേരിൽ ഗവർണറും സർക്കാറും തമ്മിൽ ഭിന്നതയുണ്ടായി. ഈ വിഷയം പറയുന്ന 18-ാം ഖണ്ഡിക വായിക്കില്ലെന്ന് സർക്കാറിനെ അറിയിച്ചെങ്കിലും പിന്നീട് വിയോജിക്കുന്നെന്ന മുഖവുരയോടെ ഗവർണർ വായിച്ചു.
നയപ്രഖ്യാപന പ്രസംഗത്തിന് അംഗീകാരം നൽകാൻ തയാറാകാതെ സംസ്ഥാന സർക്കാറിനെ മുൾമുനയിൽ നിർത്താൻ തക്കവിധം ഗവർണറെ പ്രകോപിപ്പിച്ചത് ഗവർണറുടെ ആവശ്യപ്രകാരം നടന്ന അഡീഷനൽ പേഴ്സനൽ അസിസ്റ്റൻറിന്‍റെ നിയമന ഉത്തരവിനൊപ്പം സർക്കാർ അയച്ച കത്തിലെ നിർദേശങ്ങൾ. സർക്കാറിന് വേണ്ടി പൊതുഭരണവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി കെ.ആർ. ജ്യോതിലാലാണ് കത്ത് നൽകിയത്. അനുനയനീക്കത്തിന്‍റെ ഭാഗമായി ജ്യോതിലാലിനെ പൊതുഭരണവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റാൻ സർക്കാർ തയാറായശേഷമാണ് നയപ്രഖ്യാപന പ്രസംഗത്തിന് അംഗീകാരം നൽകാൻ ഗവർണർ തയാറായത്.
ബി.ജെ.പി സംസ്ഥാന കമ്മിറ്റിയംഗം ഹരി എസ്. കർത്തയെ തന്‍റെ അഡീഷനൽ പേഴ്സനൽ അസിസ്റ്റൻറായി നിയമിക്കണമെന്ന ആവശ്യം ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ മുന്നോട്ടുവെച്ചിരുന്നു. ഇതുസംബന്ധിച്ച ഫയൽ സർക്കാറിന്‍റെ പരിഗണനയിലിരിക്കെയാണ് ലോകായുക്ത നിയമഭേദഗതി ഓർഡിനൻസ് അംഗീകാരത്തിന് ഗവർണറുടെ മുന്നിലെത്തുന്നത്.
ആഴ്ചകൾ നീണ്ട അനിശ്ചിതത്വത്തിനൊടുവിൽ ഓർഡിനൻസിൽ ഗവർണർ ഒപ്പിട്ടത് വിദേശ സന്ദർശനം കഴിഞ്ഞ് തിരിച്ചെത്തിയശേഷം രാജ്ഭവനിലെത്തി ഗവർണറെ മുഖ്യമന്ത്രി കണ്ട ശേഷമാണ്. ഈ കൂടിക്കാഴ്ചക്കിടെ അഡീഷനൽ പേഴ്സനൽ അസിസ്റ്റൻറിന്‍റെ നിയമനം വേഗത്തിൽ അംഗീകരിക്കണമെന്ന് ഗവർണർ ആവശ്യപ്പെട്ടിരുന്നു.
ഈ മാസം 14ന് ഹരി എസ്. കർത്തയെ ഗവർണറുടെ അഡീഷനൽ പേഴ്സനൽ അസിസ്റ്റൻറായി നിയമിച്ച് സർക്കാർ ഉത്തരവിറക്കിയതിനൊപ്പം ഒരു കത്തും പ്രത്യേകമായി രാജ്ഭവന് നൽകി. സജീവ രാഷ്ട്രീയത്തിലുള്ളവരെയും രാഷ്ട്രീയ ബന്ധമുള്ളവരെയും രാജ്ഭവനിൽ നിയമിക്കുന്ന കീഴ്വഴക്കമില്ലെന്നും ഇക്കാര്യം ഗവർണറുടെ ശ്രദ്ധയിൽപെടുത്തണമെന്നുമാണ് പൊതുഭരണവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയുടെ പേരിലുള്ള കത്തിൽ അറിയിച്ചിരുന്നത്.
ഗവർണറുടെ പ്രിൻസിപ്പൽ സെക്രട്ടറിക്കയച്ച കത്തിൽ, നിയമനത്തിൽ നിലവിലെ രീതി തുടരുന്നതായിരിക്കും ഉചിതമെന്നും സർക്കാർ വ്യക്തമാക്കിയിരുന്നു. ഈ കത്താണ് ഗവർണറെ പ്രകോപിപ്പിച്ചത്. നയപ്രഖ്യാപന പ്രസംഗത്തിന് അംഗീകാരം നൽകാൻ തയാറാകാതിരുന്ന ഗവർണറെ അനുനയിപ്പിക്കാൻ മുഖ്യമന്ത്രി രാജ്ഭവനിലെത്തി കൂടിക്കാഴ്ച നടത്തിയെങ്കിലും വഴങ്ങിയില്ല. ഉദ്വേഗംങ്ങൾക്കൊടുവിൽ, പൊതുഭരണവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി സ്ഥാനത്തുനിന്ന് കെ.ആർ. ജ്യോതിലാലിനെ മാറ്റി സർക്കാർ ഉത്തരവിറക്കിയതോടെയാണ് നയപ്രഖ്യാപനത്തിന് ഗവർണറുടെ അനുമതി ലഭിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.