പൗരപ്രമുഖരുമായുള്ള യോഗമെന്ന പേരിൽ മുഖ്യമന്ത്രി നടത്തുന്നത് അസംബന്ധ നാടകം -ജനകീയ സമിതി

കൊച്ചി: കെ-റെയിലിന് അനുകൂലമായി പൗരപ്രമുഖരുമായുള്ള യോഗമെന്ന പേരിൽ മുഖ്യമന്ത്രി തിരുവനന്തപുരത്ത് നടത്തിയത് അസംബന്ധ നാടകമായിരുന്നെന്ന് കെ-റെയിൽ വിരുദ്ധ ജനകീയ സമിതി. മുഖ്യമന്ത്രിക്കും ഭരണത്തിനും ശിങ്കിടി പാടുന്ന ഏതാനും പേരെ വിളിച്ചിരുത്തി പ്രസംഗിക്കുകയും നഷ്ടപരിഹാരം പ്രഖ്യാപിക്കുകയും ചെയ്താൽ തീരുന്നതല്ല ജനങ്ങളുടെ ആശങ്കകൾ.

യഥാർഥ ഇരകളുമായുള്ള മുഖാമുഖം ഒഴിവാക്കി റാൻമൂളികളുമായി ചർച്ച ചെയ്തു എന്നു വരുത്തിത്തീർക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. സമരം ചെയ്യുന്ന ജനങ്ങൾ നഷ്ടപരിഹാരമല്ല ആവശ്യപ്പെടുന്നത്​. കെ-റെയിൽ വന്നാൽ കേരളം ബാക്കിയുണ്ടാവില്ലെന്ന് തിരിച്ചറിഞ്ഞാണ് പ്രക്ഷോഭമെന്ന്​ ചെയർമാൻ എം.പി. ബാബുരാജ്, ജനറൽ കൺവീനർ എസ്. രാജീവൻ എന്നിവർ വാർത്തക്കുറിപ്പിൽ വ്യക്തമാക്കി.

വിശദ പഠനറിപ്പോർട്ടിന്‍റെ പൂർണ രൂപം പുറത്തുവിടില്ലെന്നാണ് മുഖ്യമന്ത്രി പറയുന്നത്. അതിനർഥം, മുഖ്യമന്ത്രിക്കും കെ-റെയിൽ ഗൂഢസംഘത്തിനും വസ്തുതകൾ മറയ്ക്കാനുണ്ടെന്നുതന്നെ. പദ്ധതി പിൻവലിക്കുകയാണ് കേരളത്തിന്‍റെ ആവശ്യം. മുഖ്യമന്ത്രിയുടെ പുനരധിവാസ വാഗ്ദാനം ഇരകളെ പരിഹസിക്കുന്നതാണ്. മൂലമ്പിള്ളി, ചെങ്ങറ ഉൾപ്പെടെ നിരവധി പുനരധിവാസ പാക്കേജുകൾ ഇനിയും നടപ്പാക്കാത്ത സർക്കാറാണ് നഷ്ടപരിഹാരം സംബന്ധിച്ച അപമാനകരമായ വാഗ്ദാനങ്ങൾ നൽകുന്നത്.

ഡി.പി.ആറിന്‍റെ ചില ഭാഗങ്ങൾ പുറത്തുവന്നപ്പോൾതന്നെ പദ്ധതിയുടെ ലക്ഷ്യമെന്താണെന്ന് വ്യക്തമായി. സർക്കാർ ഉടമസ്ഥതയിൽ റോഡ്, റെയിൽവേ വികസനം നടന്നാൽ സിൽവർ ലൈൻ പദ്ധതി വിജയിക്കില്ലെന്നും പാതയുടെ ഇരുവശത്തും 30 മീറ്റർ വീതിയിൽ ബഫർ സോണിനും സ്ഥലം ഏറ്റെടുക്കേണ്ടിവരുമെന്നും ഡി.പി.ആറിൽ വ്യക്തമാക്കുന്നു.

അങ്ങേയറ്റം വിനാശകരമാണ് ഈ പദ്ധതി എന്നതിനാലാണ് 'കേരളം വേണം കെ-റെയിൽ വേണ്ട' മുദ്രാവാക്യവുമായി സമിതി മുന്നോട്ടുപോകുന്നതെന്നും പല തവണ കേട്ടുപഴകിയ വാഗ്ദാനങ്ങൾ നിരത്തി ജനങ്ങളെ കബളിപ്പിക്കാമെന്നത് സർക്കാറിന്‍റെ വ്യാമോഹമാണെന്നും അവർ ചൂണ്ടിക്കാട്ടി.

Tags:    
News Summary - The Chief Minister is conducting a nonsense drama-anti k rail Committee

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.