കൊച്ചി: സര്‍ക്കാര്‍ ഓഫീസുകളില്‍ ഇ-ഓഫീസ് പഞ്ചിംഗ് സംവിധാനം ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ ശ്രമിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ആലുവ മഹാത്മാഗാന്ധി മുന്‍സിപ്പല്‍ ടൗണ്‍ഹാളില്‍ ആലുവ നഗരസഭയുടെ ശതാബ്ദി ആഘോഷങ്ങളുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പൊതുജനങ്ങള്‍ സര്‍ക്കാര്‍ ഓഫീസുകള്‍ കയറി ഇറങ്ങുന്ന അവസ്ഥ ഒഴിവാക്കും. ഇ-ഗവേണന്‍സ് ശക്തമാക്കുന്നതും വാതില്‍ പടി സേവനങ്ങള്‍ ലഭ്യമാക്കുന്നതും ഇതിന്റെ ഭാഗമായാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
868 സേവനങ്ങള്‍ ആണ് ഇപ്പോള്‍ ഓണ്‍ലൈനിലൂടെ ലഭ്യമാകുന്നത്. എല്ലാ സര്‍ക്കാര്‍ ഓഫീസുകളിലും ഇ-ഓഫീസ് നടപ്പാക്കുന്നതിനും പഞ്ചിംഗ് സംവിധാനം കൊണ്ടുവരുന്നതിനും നടപടി സ്വീകരിച്ചു വരികയാണ്. പൊതു സേവനങ്ങളുടെ കാര്യത്തില്‍ ഇതാണ് സര്‍ക്കാരിന്റെ നിലപാട്. ഈ സമീപനത്തിന്റെ അന്തസത്ത പൂര്‍ണ്ണമായും ഉള്‍ക്കൊള്ളാന്‍ ജീവനക്കാര്‍ക്ക് കഴിയണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
വലുപ്പം കൊണ്ട് ചെറുതെങ്കിലും ചരിത്രം കൊണ്ട് മഹത്വമുള്ള നഗരസഭകളിലൊന്നാണ് ആലുവ. ഭൂമിശാസ്ത്രപരമായും നഗരം സമൃദ്ധമാണ്. ജലസമൃദ്ധി കൊണ്ടും ജലമാര്‍ഗമുള്ള ചരക്ക് നീക്കത്തിലൂടെയും പ്രധാന വാണിജ്യ കേന്ദ്രമായി ആലുവ വളര്‍ന്നു. വര്‍ഷം മുഴുവന്‍ ശുദ്ധ ജലം ലഭിക്കുന്ന, വാണിജ്യത്തിനും മനുഷ്യ വാസത്തിനും കൃഷിക്കും അനുയോജ്യമായ ഇടമാണ് ആലുവ.
ഒരു നഗരമായി മാറാന്‍ എന്തുകൊണ്ടും അനുയോജ്യമായ ഇടമാണെന്ന് തിരിച്ചറിഞ്ഞു കൊണ്ടാണ് ആലുവയെ നഗരസഭയായി ഉയര്‍ത്തിയത്. 1908 ലാണ് നഗരമായി പ്രഖ്യാപിച്ചത്. പിന്നീട് ഒരു വ്യാഴവട്ടത്തിന് ശേഷമാണ് നഗരസഭ രൂപീകരിച്ചത്. കേരളത്തിന്റെ വികസന കേന്ദ്രമായി മാറാന്‍ ആലുവയ്ക്ക് കഴിയും. അത്യാധുനിക സൗകര്യങ്ങളെല്ലാം ആലുവയിലുണ്ട്. കൊച്ചി മെട്രോയുടെ ആരംഭ കേന്ദ്രമായി നഗരം മാറി. അതോടൊപ്പം വിമാനത്താവള നഗരമായും അറിയപ്പെടുന്നു.
ആലുവയുടെ വാണിജ്യ വ്യവസായ ചരിത്രം പ്രസിദ്ധമാണ്. ആലുവയുടെ വാണിജ്യ വ്യവസായ സമൃദ്ധി തിരിച്ചറിഞ്ഞിട്ടാണ് യൂനിയന്‍ ടൈല്‍ വര്‍ക്ക്‌സ് എന്ന ഓട്ടുകമ്പനി മഹാകവി കുമാരനാശാന്‍ സ്ഥാപിച്ചത്. ആലുവയ്ക്കടുത്ത് ഇങ്ങനെ ഒരു സംരംഭം തുടങ്ങുവാന്‍ അദ്ദേഹത്തോട് പറഞ്ഞത് ശ്രീനാരായണ ഗുരു ആയിരുന്നു. സ്വതന്ത്ര ഇന്ത്യയിലെ ആദ്യ വാണിജ്യ പ്രദര്‍ശനങ്ങളില്‍ ഒന്ന് നടന്നത് ആലുവയിലാണ്.
വളരെ ശ്രദ്ധേയമായ മുന്നേറ്റങ്ങള്‍ ഇവിടെ ഉണ്ടായി. നവോത്ഥാന ചരിത്രത്തില്‍ രേഖപ്പെടുത്തിയ അദ്വൈതാശ്രമം, സംസ്‌കൃത പാഠശാല എന്നിവ സ്ഥാപിക്കപ്പെട്ടത് ഈ മണ്ണിലാണ്. കുറ്റിപ്പുഴ കൃഷ്ണപിള്ളയെയും കുമാരനാശാനെയും പോലുള്ള മഹത് വ്യക്തിത്വങ്ങള്‍ ഇവിടെ അധ്യാപകരായിരുന്നു. ആലുവ ശിവരാത്രി മഹോത്സവം പ്രശസ്തമാണ്. അതോടനുബന്ധിച്ച് നടക്കുന്ന എക്‌സിബിഷനില്‍ എല്ലാ വര്‍ഷവും ലക്ഷക്കണക്കിനാളുകള്‍ പങ്കാളികളാകുന്നു.
സാംസ്‌കാരിക കൂട്ടായ്മയുടെയും കലാ സൃഷ്ടികളുടെയും കേന്ദ്രമാണ് ഇവിടം. ചരിത്രത്തില്‍ ആലുവയുടെ അടയാളമായി രേഖപ്പെടുത്തപ്പെട്ട പല സ്ഥാപനങ്ങളും ഇന്ന് നഗരസഭയ്ക്ക് പുറത്തുള്ള തദ്ദേശ സ്ഥാപനങ്ങളുടെ കീഴിലാണ്. ശ്രീനാരായണഗുരു നേതൃത്വം നല്‍കിയ 1924 ലെ സര്‍വ്വ മതസമ്മേളനം നടന്നത് ആലുവയിലാണ്. സമ്മേളന വേദിയുടെ കവാടത്തില്‍ വാദിക്കാനും ജയിക്കാനും അല്ല അറിയാനും അറിയിക്കാനും എന്ന വാചകം എഴുതി വച്ചിരുന്നു. ജനാധിപത്യത്തെ ഇത്രമേല്‍ ഉദാത്തമായി ധരിപ്പിക്കുന്ന വാചകങ്ങള്‍ വേറെയില്ല.
നഗരസഭ നൂറു വര്‍ഷം ആഘോഷിക്കുമ്പോള്‍ നൂറുവര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്ന സമ്മേളനത്തിന്റെ പശ്ചാത്തലത്തില്‍ കാണുന്നതിന് ഒരു ഔചിത്യ ഭംഗിയുണ്ട്. നഗരസഭ സ്ഥാപിക്കപ്പെടുമ്പോള്‍ നമ്മള്‍ ജനാധിപത്യത്തിന്റെ ശൈശവദശയിലേക്ക് കടക്കുവാന്‍ പോകുന്നതേയുള്ളൂ. ഇന്ത്യയ്ക്ക് പുറത്ത് ഇത്തരം ഭരണ മാതൃകകളെ കുറിച്ച് കേട്ട് കേള്‍വി മാത്രമേ അന്നുണ്ടായിരുന്നുള്ളു. അതിനുശേഷം ചരിത്രപരമായ നിരവധി നാഴികക്കല്ലുകള്‍ നമ്മള്‍ താണ്ടി.
അധിനിവേശ ശക്തികള്‍ ഇന്ത്യ വിടുകയും ഇന്ത്യന്‍ ഭരണഘടന പ്രാബല്യത്തില്‍ വരികയും ചെയ്തു. അധികാരവികേന്ദ്രീകരണം ലക്ഷ്യമിട്ട് അശോക് മേഹ്ത കമ്മറ്റി റിപ്പോര്‍ട്ട് വന്നു. പഞ്ചായത്ത് രാജ് നഗര പാലിക നിയമങ്ങള്‍ പാസായി. കേന്ദ്രതലം മുതല്‍ പ്രാദേശിക തലം ഭരണ സംവിധാനങ്ങള്‍ അഭിമുഖീകരിച്ച ഒട്ടേറെ നാഴികക്കല്ലുകള്‍ പിന്നിട്ടു.
പ്രാദേശിക സര്‍ക്കാരുകളെ ശക്തിപ്പെടുത്തി ലോകത്തിനു മുമ്പില്‍ ഒരു മാതൃക അവതരിപ്പിക്കുവാന്‍ നമ്മുടെ സംസ്ഥാനത്തിന് കഴിയും. കേരളത്തിന്റെ നേട്ടങ്ങളെ കൂടുതല്‍ ജനോന്മുഖമാക്കി മാറ്റിനിര്‍ത്തുക എന്ന ലക്ഷ്യത്തോടെയാണ് ജനകീയാസൂത്രണം നടപ്പാക്കി വരുന്നത്. ഇതുവഴി ആരോഗ്യ മേഖലയിലും വിദ്യാഭ്യാസ മേഖലയിലും വലിയ ഇടപെടലുകള്‍ ഉണ്ടായി. കോവിഡ് മഹാമാരിയുടെ കാലത്ത് നമ്മുടെ ആരോഗ്യ സംവിധാനങ്ങള്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കാനുള്ള ഊര്‍ജം നല്‍കിയത് അധികാരവികേന്ദ്രീകൃത സംവിധാനങ്ങള്‍ ആയിരുന്നു. സ്ത്രീകളുടെ സാമ്പത്തിക സുരക്ഷ ഉറപ്പുവരുത്തുന്നതിനായി കുടുംബശ്രീ പ്രസ്ഥാനം വഹിച്ച പങ്കും എടുത്തു പറയേണ്ടതാണ്.
നമ്മുടെ നാടിനെ വൈജ്ഞാനിക നൂതനത്വ സമൂഹമായി പരിപോഷിപ്പിക്കുവാനാണ് നാം ശ്രമിക്കുന്നത്. വൈജ്ഞാനിക സമൂഹത്തിന്റെ സൃഷ്ടി നടക്കുന്നത് ക്ലാസ് മുറികളില്‍ മാത്രമല്ല. ലോകത്തെവിടെയും സൃഷ്ടിക്കപ്പെടുന്ന വിജ്ഞാനത്തെ സമ്പദ് വ്യവസ്ഥയുമായി കൂട്ടിച്ചേര്‍ത്ത് ഉല്‍പാദക പൂര്‍ണ്ണമായി മാറ്റുന്നതിലൂടെയാണ് അത് സാധ്യമാകുന്നത്. ഇതിന് പ്രാദേശിക സര്‍ക്കാരുകളായ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് വലിയ പങ്കുവഹിക്കാനാവും. ഒരു നവ കേരള സൃഷ്ടിയാണ് നാം ലക്ഷ്യമിടുന്നതെന്നും ആലുവയുടെ വികസന പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം സര്‍ക്കാര്‍ ഉണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
യോഗത്തില്‍ സിനിമാതാരങ്ങളായ ബാബുരാജ്, സിജു വില്‍സണ്‍ എന്നിവരെ മുഖ്യമന്ത്രി ആദരിച്ചു.അന്‍വര്‍ സാദത്ത് എം.എല്‍.എ അധ്യക്ഷത വഹിച്ചു. ബെന്നി ബഹനാന്‍ എം.പി, ആലുവ നഗരസഭ ചെയര്‍മാന്‍ എം.ഒ ജോണ്‍, വൈസ് ചെയര്‍പേഴ്‌സണ്‍ സൈജി ജോളി, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ എം.പി സൈമണ്‍, ലിസ ജോണ്‍സണ്‍, ഫാസില്‍ ഹുസൈന്‍, നഗരസഭ പ്രതിപക്ഷ നേതാവ് ഗയില്‍സ് ദേവസി പയ്യപ്പള്ളി, സെക്രട്ടറി ജെ. മുഹമ്മദ് ഷാഫി, ശതാബ്ദി മുഖ്യ സംഘാടകനും ആലുവ നഗരസഭ മുന്‍ കമ്മീഷണറുമായ എം.എന്‍. സത്യദേവന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.