representational image

ആശുപത്രിയില്‍ കുട്ടികളെ അമ്മമാര്‍ക്ക് മാറിക്കൊടുത്തു; വാക്കേറ്റം

ആലപ്പുഴ: ഫോട്ടോ തെറപ്പി കഴിഞ്ഞ കുട്ടികളെ അമ്മമാര്‍ക്ക് മാറിക്കൊടുത്തത് ആശുപത്രിക്കുള്ളില്‍ വാക്കേറ്റത്തിന് കാരണമായി. ആലപ്പുഴ കടപ്പുറത്തെ കുട്ടികളുടെയും സ്ത്രീകളുടെ ആശുപത്രിയില്‍ ബുധനാഴ്ച വൈകീട്ടോടെയാണ് സംഭവം. മൂന്ന് ദിവസം മുമ്പ് പ്രസവിച്ച ആണ്‍കുഞ്ഞിനും പെണ്‍കുഞ്ഞിനും ബുധനാഴ്ച ഉച്ചയോടെ മഞ്ഞനിറം കണ്ടു. തുടര്‍ന്ന് കുട്ടികളെ ഫോട്ടോ തെറപ്പിക്കായി പ്രവേശിപ്പിച്ചു.

രോഗം ഭേദമായ കുട്ടികളെ വൈകീട്ടോടെ അമ്മമാര്‍ക്ക് കൈമാറി. ആണ്‍കുട്ടിയെ പ്രസവിച്ച ആലപ്പുഴ വലിയമരം വാര്‍ഡിലെ യുവതിക്ക് പെണ്‍കുട്ടിയെയാണ് നല്‍കിയത്. തുടര്‍ന്ന് വിവരം ഫോട്ടോതെറപ്പി മുറിയില്‍ അറിയിച്ചപ്പോഴാണ് അബദ്ധം അറിയുന്നത്. തുടര്‍ന്ന് പെണ്‍കുട്ടിയെ പ്രസവിച്ച ആലപ്പുഴ തത്തംപള്ളി സ്വദേശിയായ യുവതിയുടെ അടുത്തെത്തിയപ്പോഴാണ് കുട്ടികളെ പരസ്പരം മാറിപ്പോയതാണെന്നറിഞ്ഞത്. അമ്മമാര്‍ പരസ്പരം കുട്ടികളെ സ്വന്തമാക്കിയെങ്കിലും ജീവനക്കാര്‍ വരുത്തിയ പിഴവിനെച്ചൊല്ലി വാക്കേറ്റമുണ്ടായി.

കുട്ടികളെ നഴ്സുമാരാണ് ബന്ധുക്കള്‍ക്ക് കൈമാറേണ്ടതെന്നിരിക്കെ ലാസ്റ്റ്ഗ്രേഡ് ജീവനക്കാരിയാണ് നൽകിയതെന്ന ആക്ഷേപവുമുണ്ട്. കുട്ടികളുടെ കൈകളില്‍ അമ്മയുടെ പേരെഴുതിയ ടാഗുണ്ടായിട്ടും മാറിയതിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ജീവനക്കാര്‍ക്കെതിരെ പ്രതിഷേധം ശക്തമാണ്. എന്നാല്‍, പരാതി എഴുതുന്നതിന് രജിസ്റ്റർ ബുക്ക് നൽകാൻ പോലും ജീവനക്കാർ തയാറായില്ലെന്നും പറയുന്നു.

ആശുപത്രി അധികൃതർക്ക് പരാതി നൽകുമെന്ന് ബന്ധുക്കള്‍ പറഞ്ഞു. അതേസമയം, അമ്മമാരുടെ പേരുവിളിച്ചാണ് കൈമാറുന്നതെന്നും കുട്ടികളെ സ്വീകരിച്ച ബന്ധുക്കൾ വരുത്തിയ പിഴവാണെന്നും ആശുപത്രി അധികൃതർ പറഞ്ഞു.

Tags:    
News Summary - The children were handed over wrongly to their mothers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.