തിരുവനന്തപുരം: നിയന്ത്രണമാർഗങ്ങൾ കടലാസിലൊതുങ്ങിയതോടെ മനുഷ്യജീവനെടുത്ത് വീണ്ടും തെരുവുനായ്ക്കൾ. നായ്ക്കളുടെ വന്ധ്യംകരണത്തിനും പേവിഷ പ്രതിരോധ വാക്സിനേഷനുമടക്കം പദ്ധതികൾ സർക്കാർ ആവിഷ്കരിച്ചിരുന്നു. കഴിഞ്ഞ സെപ്റ്റംബറിൽ തുടങ്ങിയ പദ്ധതിക്ക് ഒമ്പത് മാസം പിന്നിടുമ്പോൾ കാര്യമായ പുരോഗതിയുണ്ടായില്ല. ഇതിന്റെ പരിണിതഫലമാണ് കഴിഞ്ഞദിവസം കണ്ണൂരിൽ തെരുവുനായ് ആക്രമണത്തിൽ പത്തുവയസുകാരൻ ദാരുണമായി മരിച്ച സംഭവം.
2016ലും 2017ലും തെരുവുനായ ആക്രണങ്ങളിൽ തലസ്ഥാനത്തെ തീരമേഖലയിൽ രണ്ടുപേർ മരിക്കുകയും പേവിഷമരണങ്ങൾ വർധിക്കുകയും ചെയ്തതോടെയാണ് നായ് നിയന്ത്രണത്തിന് പദ്ധതി ആവിഷ്കരിച്ചത്. വന്ധ്യംകരണത്തിന് ബ്ലോക്ക് തലത്തിൽ കേന്ദ്രങ്ങൾ തുടങ്ങുമെന്ന് പറഞ്ഞിരുന്നു. എന്നാൽ, ഒരു കേന്ദ്രംപോലും ഇല്ലാത്ത അഞ്ച് ജില്ലകളാണ് കേരളത്തിലുള്ളത്. മൂന്ന് ലക്ഷത്തോളം തെരുവുനായ്ക്കളിൽ വാക്സിനേഷൻ നടത്തിയത് 32,061 എണ്ണത്തിന് മാത്രം. വളർത്തുനായ്ക്കളിൽ 4,38,473 എണ്ണത്തിന് വാക്സിനെടുത്തു.
തദ്ദേശ വകുപ്പിന്റെ നേതൃത്വത്തിൽ മൃഗസംരക്ഷണ-ആരോഗ്യ വകുപ്പുകളുടെ സഹകരണത്തോടെ വാക്സിനേഷൻ നടത്തുമെന്നാണ് കഴിഞ്ഞ സെപ്റ്റംബറിൽ മന്ത്രി എം.ബി. രാജേഷ് പ്രഖ്യാപിച്ചത്. ജില്ലകൾതോറും ജനകീയ സമിതികൾ, പുരോഗതി അവലോകനം ചെയ്യാൻ സംവിധാനങ്ങൾ, ബ്ലോക്ക് കേന്ദ്രങ്ങളിൽ വാക്സിനേഷൻ കേന്ദ്രങ്ങൾ, മാസ് വാക്സിനേഷൻ, അക്രമകാരികളായ നായ്ക്കളെ പിടികൂടി പ്രത്യേകം ഷെൽട്ടർ ഹോമുകളിൽ പാർപ്പിക്കൽ തുടങ്ങിയ പ്രഖ്യാപനങ്ങളുമുണ്ടായിരുന്നു. ഇവയൊന്നും ഫലപ്രദമായി നടപ്പായില്ല.
തിരുവനന്തപുരം: തെരുവുനായ് നിയന്ത്രണത്തിലെ കേന്ദ്ര കർശന നിയമങ്ങളിൽ ഇളവുണ്ടാകണമെന്ന് തദ്ദേശമന്ത്രി എം.ബി. രാജേഷ്. വന്ധ്യംകരിക്കാനുള്ള എ.ബി.സി കേന്ദ്രങ്ങളുടെ പ്രവർത്തനം സംബന്ധിച്ച് കേന്ദ്ര ചട്ടങ്ങൾ കഴിഞ്ഞ മാർച്ച് 10ന് പുതുക്കി. ചട്ടത്തിൽ നിർദേശിക്കുന്ന ബോർഡിന്റെ അംഗീകാരത്തോടുകൂടി മാത്രമേ എ.ബി.സി കേന്ദ്രങ്ങൾ തുടങ്ങാൻ പാടുള്ളൂ. നിലവിലെ വ്യവസ്ഥകൾ പ്രകാരം തെരുവുനായ് ശല്യം നിയന്ത്രിക്കുക ദുഷ്കരമാണെന്നും മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു. സർക്കാറിനൊപ്പം ജനങ്ങൾ സഹകരിച്ചാൽ മാത്രമേ ഈ വിപത്തിൽ നിന്ന് നാടിനെ മോചിപ്പിക്കാൻ കഴിയുകയുള്ളൂ. 2022 സെപ്റ്റംബർ ഒന്നു മുതൽ 2023 മാർച്ച് 31വരെ 9767 നായ്ക്കളെ വന്ധ്യംകരിച്ചു. നായ് ശല്യം രൂക്ഷമായ പ്രദേശങ്ങളിൽ നിയന്ത്രണത്തിനായുള്ള പദ്ധതികൾ തയാറാക്കണമെന്ന് തദ്ദേശ സ്ഥാപനങ്ങളോട് നിർദേശിച്ചിരുന്നതായും മന്ത്രി കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.