കൊച്ചി: ഇന്ത്യയുടെ അങ്ങേയറ്റത്തെ കശ്മീരിൽനിന്നുള്ള പഷ്മിന സിൽക്ക് ഷാൾ മുതൽ ഇങ്ങ് തിരുവനന്തപുരത്തുനിന്നുള്ള ചമ്മന്തിപ്പൊടി വരെ ഒറ്റ കുടക്കീഴിൽ ഒരുക്കി, രാജ്യത്തിന്റെ സാംസ്കാരിക വൈവിധ്യങ്ങളെ അടയാളപ്പെടുത്തിയ ദേശീയ സരസ്സ് മേള ജനശ്രദ്ധയാകർഷിക്കുന്നു. കൊച്ചി കലൂർ നെഹ്റു സ്റ്റേഡിയം ഗ്രൗണ്ടിലാണ് വിവിധ സംസ്ഥാനങ്ങളിൽനിന്നുള്ള സംരംഭകരും കേരളത്തിലെ വിവിധ ജില്ലകളിൽനിന്നുള്ള കുടുംബശ്രീ പ്രവർത്തകരും ഒത്തുചേരുന്ന മേള നടക്കുന്നത്.
കശ്മീർ ആൻഡ് ലഡാക്കിലെ യൂനിറ്റുകളിൽ നെയ്തെടുത്ത ഹാൻഡ് വർക്ക് ചെയ്ത പഷ്മിന സിൽക്ക് ഷാളുകൾ, സിൽക്ക്, വൂൾ, മുഗ സിൽക്ക് സാരികളുമായാണ് കശ്മീരി സംരംഭകരെത്തിയിട്ടുള്ളത്. മധുവനി ബ്ലോക്ക് പ്രിൻറ്, ബാട്ടിക്, മാർവൽ, ചന്തേരി തുടങ്ങി ഛത്തിസ്ഗഢിന്റെ തനത് വസ്ത്രരീതികളുമായാണ് കുറേശ്വർ സൂര്യവംശി വീണ്ടും സരസ്സിന്റെ ഭാഗമാകാൻ കൊച്ചിയിലെത്തിയത്. ബാട്ടിക് സിൽക്ക് സാരി, മുഗ സിൽക്ക്, ഖാദി വസ്ത്രങ്ങൾ തുടങ്ങി ത്രിപുരയുടെ വൈവിധ്യങ്ങളുമായാണ് നദീം ആദ്യമായി സരസ്സ് മേളയിലേക്ക് എത്തിയത്.
ഉത്തരേന്ത്യൻ വസ്ത്രങ്ങളായ ഹാഫ് ജാക്കറ്റുകൾ, ഖാദി കുർത്തികൾ, ഷർട്ടുകൾ, ഷിഫോൺ വർക്ക് പട്യാല ചുരിദാർ സെറ്റുകൾ, ടസ്സർ, മുഗ സിൽക്ക്, കോട്ടൺ ബ്ലോക്ക് പ്രിന്റ് വസ്ത്രങ്ങൾ മുതൽ ലെതർ ഹാൻഡ് ബാഗുകൾ, ക്ലച്ചുകൾ, ചെരിപ്പുകൾ, ആഭരണങ്ങൾ, കരകൗശല വസ്തുക്കൾ തുടങ്ങിയവയും ദക്ഷിണേന്ത്യയിലെ മുഖ്യ ആകർഷണങ്ങളായ ബ്ലോക്ക് പ്രിൻറ് സാരികളും ചുരിദാർ സെറ്റുകളും കരകൗശല ഉൽപന്നങ്ങളും സുഗന്ധദ്രവ്യങ്ങൾ, ഭക്ഷണപാനീയങ്ങളുമെല്ലാം ഇവിടെ ഇഷ്ടത്തിനനുസരിച്ച് വാങ്ങാം. നമ്മുടെ നാടൻ വിഭവങ്ങളുമായി വിവിധ കുടുംബശ്രീ പ്രവർത്തകരും സ്വയംസംരംഭകരുമുണ്ട്. തുണിത്തരങ്ങൾ, ആഭരണങ്ങൾ, ഭക്ഷ്യവിഭവങ്ങൾ, ക്ലീനിങ് ഉൽപന്നങ്ങൾ, അച്ചാർ, ചെടികൾ, വിത്തുകൾ, തടിയുൽപന്നങ്ങൾ, കൗതുകവസ്തുക്കൾ, ചെരിപ്പ്, ആയുർവേദ ഔഷധങ്ങൾ, ജൈവോൽപന്നങ്ങൾ, പലതരം പൊടികൾ തുടങ്ങി മേളയിൽ കിട്ടാത്തതൊന്നുമില്ല. ഇതിനെല്ലാം പുറമെയാണ് രുചിയുടെ വൈവിധ്യം തീർത്ത് മറുഭാഗത്ത് ഭക്ഷ്യമേള തകർക്കുന്നത്. 10 രൂപയുടെ ചായ മുതൽ 180 രൂപക്ക് ഹൈദരാബാദി ബിരിയാണി വരെ കിട്ടും. അട്ടപ്പാടിയുടെ സ്വന്തം വനസുന്ദരി ദോശക്ക് 200 രൂപയാണ്. ആലപ്പുഴയിൽനിന്നുള്ള പാൽക്കപ്പ, കരിമീൻ പൊള്ളിച്ചത്, ഇടുക്കിയിൽനിന്ന് പാലപ്പം, ഉത്തരാഖണ്ഡിൽനിന്നും മോമോസ്, ഹൈദരാബാദി ചിക്കൻ കെബാബ് തുടങ്ങിയ രുചിയുടെ പാൻ ഇന്ത്യൻ കാഴ്ചയാണിവിടെ.
കൊച്ചി: ‘‘മഞ്ഞുകട്ടകളുടെയും കൊടുംതണുപ്പിന്റെയും നാട്ടിൽനിന്നാണ് ഞങ്ങൾ വരുന്നത്. ഈ സമയത്തൊക്കെ മൂന്നും നാലും സ്വെറ്റർ ഇട്ടാണ് നടക്കുക. ഇവിടെ വന്നപ്പോഴോ വല്ലാത്ത ചൂടും’’ പറയുന്നത് ഇന്ത്യയുടെ വടക്കേ അതിർത്തിയിലുള്ള കേന്ദ്രഭരണ പ്രദേശമായ ലഡാക്കിൽനിന്നുള്ള രണ്ടു സഹോദരികളാണ്. 1999ൽ കാർഗിൽ യുദ്ധം നടന്ന അതേ കാർഗിൽ ജില്ലയിൽനിന്നുള്ള നജ്മ, മറിയംബി എന്നിവരാണിവർ. കൊച്ചിയിൽ നടക്കുന്ന ദേശീയ സരസ്സ് മേളയിൽ തങ്ങൾ തയാറാക്കുന്ന ജൈവഉൽപന്നങ്ങൾ വിറ്റഴിക്കാൻ എത്തിയതാണ് നജ്മയും മറിയവും. കെ.എസ്.എച്ച് എന്ന പേരിലുള്ള ബ്രാൻഡിൽ ഇവരുടെ കുടുംബം വിപണനം ചെയ്യുന്ന ഉൽപന്നങ്ങളിൽ ഡ്രൈ ഫ്രൂട്ട്സാണ് ഏറെയും.
കുങ്കുമപ്പൂവ്, ജൂനിപർ തിരി, ഒട്ടേറെ ഔഷധഗുണങ്ങളടങ്ങിയ ശിലാജിത്ത്, ചോളപ്പൊടി എന്നിവയും ആപ്രിക്കോട്ട്, ആപ്രിക്കോട്ട് ഓയിൽ, ബദാം, വാൾനട്ട് തുടങ്ങിയ ഇനങ്ങളുമാണ് ഇവരുടെ സ്റ്റാളിലുള്ളത്. ഔഷധവൃക്ഷമായ ജൂനിപറിൽനിന്ന് എടുക്കുന്ന ചന്ദനത്തിരിപോലുള്ള ചെറിയ തിരികളാണ് ഉൽപന്നങ്ങളിലൊന്ന്. ചന്ദനത്തിരിയേക്കാൾ മികച്ച സുഗന്ധമാണ് ഇവ പരത്തുകയെന്ന് 23കാരിയായ നജ്മ ചൂണ്ടിക്കാട്ടി. ആപ്രിക്കോട്ട് ഉണക്കിയതും മധുരമുള്ളതുമെല്ലാം വെവ്വേറെയുണ്ട്. കഴിഞ്ഞ അഞ്ചുവർഷമായി ഇവരുടെ കുടുംബം ജൈവ ഉൽപന്നങ്ങളുടെ ഉൽപാദന-വിപണനത്തിലേക്കിറങ്ങിയിട്ട്. അധികവും തങ്ങളുടെതന്നെ ഫാമുകളിൽ കൃഷി ചെയ്യുന്ന ഇനങ്ങളാണെന്ന് ഇവർ പറയുന്നു.
മാതാപിതാക്കളും സംരംഭത്തിന് കൂട്ടുണ്ടെങ്കിലും കൊച്ചിയിലേക്ക് നജ്മയും മറിയംബിയും മാത്രമാണ് വന്നിട്ടുള്ളത്. നജ്മ വിദ്യാർഥിനിയും മറിയം വീട്ടമ്മയുമാണ്. കൊച്ചിയെയും കേരളത്തിലെ ഭക്ഷണവും ഇഷ്ടമായെന്നും സഹോദരിമാർ ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.