ചെറുതുരുത്തി: മന്ത്രി സാറേ, എന്നെയും കുട്ടികളെയും നേപ്പാളിലേക്ക് പറഞ്ഞ് അയക്കല്ലേ. അവിടെ ജീവിക്കാൻ മാർഗം ഇല്ലാത്തതുകൊണ്ടാണ് ഞങ്ങൾ ഇവിടെ ജോലി ചെയ്യുന്നത് എന്ന് ഹിന്ദിയും മലയാളവും കലർന്ന ഭാഷയിൽ കരഞ്ഞുകൊണ്ട് നേപ്പാൾ സ്വദേശിയായ സുധയുടെ വാക്കുകൾ കേട്ടപ്പോൾ കണ്ടുനിന്നവരുടെ കണ്ണുകളിൽ ഈറൻ അണിഞ്ഞുപോയി. വെള്ളിയാഴ്ച വൈകീട്ട് ദേശമംഗലം വറവട്ടൂർ ഭാരതപ്പുഴയിലെ തെങ്ങുംകടവിൽ കുളിക്കാൻ ഇറങ്ങി ഒഴുക്കിൽപെട്ട് മരിച്ച വിക്രത്തിന്റെയും ശിശിരയുടെയും അമ്മയാണ് സുധ. ഇവരുടെ മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്യുന്ന മുളങ്കുന്നത്തുകാവ് മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മന്ത്രി കെ. രാധാകൃഷ്ണൻ ആശ്വസിപ്പിക്കാൻ വേണ്ടി എത്തിയതായിരുന്നു.
ഇവർ ജോലിചെയ്യുന്ന ഫാം ഉടമയോട് ഇവർക്ക് നാട്ടിലേക്ക് പോകാനുള്ള സൗകര്യം ചെയ്തു കൊടുക്കണമെന്ന് മന്ത്രി പറഞ്ഞപ്പോഴാണ് ഇവർ കരഞ്ഞുകൊണ്ട് ഇക്കാര്യം പറഞ്ഞത് ഞങ്ങൾ നാട്ടിലേക്ക് പോകുന്നില്ല ഇവിടെത്തന്നെ എന്റെ ബാക്കിയുള്ള രണ്ടുകുട്ടികളെ നോക്കി ഇവിടെ കഴിഞ്ഞോളാം എന്നാണ് ഇവർ കരഞ്ഞ് പറഞ്ഞത് രണ്ടുവർഷങ്ങൾക്കു മുമ്പാണ് ഭർത്താവ് ധനുക്ച്ചുന്റെയും ഒപ്പം ഫാമിലെ പശുക്കളെ നോക്കാനും പാലുകറന്ന് കൊടുക്കാനും ആയിട്ടാണ് ഇവരും ഒരുകുട്ടിയുമായി ഇവിടെ എത്തിയത് മൂന്നു മാസങ്ങൾക്ക് മുമ്പ് ഭർത്താവ് ഇവരുമായി പിണങ്ങി നാട്ടിലേക്ക് പോയി ഇതോടെ ഇവർ തനിച്ചായിരുന്നു എല്ലാ ജോലികളും ചെയ്തിരുന്നത്. സ്കൂൾ വെക്കേഷനിൽ മൂന്നുകുട്ടികൾ അമ്മയെ കാണാൻ എത്തിയത് അപ്പോഴാണ് രണ്ടുകുട്ടികളെ ഭാരതപ്പുഴ കവർന്ന് എടുത്തത് കുട്ടികളുടെ സംസ്കാര ചടങ്ങുകൾ കഴിഞ്ഞതോടെ വന്ന എല്ലാ ബന്ധുക്കളും നാട്ടിലേക്ക് തിരിച്ചുപോയി. ഭാരതപ്പുഴയിൽനിന്ന് രക്ഷപ്പെട്ട ആൺകുട്ടിയും ഒരുപെൺകുട്ടിയുമാണ് അമ്മയുടെ ഒപ്പമുള്ളത്. ഇവരെ ഇവിടെത്തന്നെ സ്കൂളിൽ ചേർത്തു പഠിപ്പിക്കാനുള്ള ആലോചനയാണ് ഈ അമ്മക്കുള്ളത്. എന്തെങ്കിലും ഒരുദിവസം അച്ഛൻ മക്കളെ കാണാൻ എത്തുമെന്ന പ്രതീക്ഷയിൽ ഇരിക്കുകയാണ് ഇവർ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.