തിരുവനന്തപുരം: ആത്മകഥ വിവാദത്തില്‍ സി.പി.എം നേതാവ് ഇ.പി. ജയരാജൻ നൽകിയ പരാതിയിൽ സംസ്ഥാന പൊലീസ് മേധാവി അന്വേഷണം പ്രഖ്യാപിച്ചു. കേസെടുക്കാതെ പ്രാഥമികാന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ കോട്ടയം ജില്ല പൊലീസ് മേധാവി ഷാഹുൽ ഹമീദിനെ എ.ഡി.ജി.പി മനോജ് എബ്രഹാം ചുമതലപ്പെടുത്തി. തന്റെ ആത്മകഥ വ്യാജമായുണ്ടാക്കി പ്രസിദ്ധീകരിച്ചുവെന്നാണ് ഇ.പി. ജയരാജന്റെ പരാതി.
എന്നാൽ പരാതിയിൽ ഡി.സി ബുക്സിന്റെ പേര് പരാമർശിച്ചിട്ടില്ല. ഉപതെരഞ്ഞെടുപ്പ് ദിവസം തന്നെ വാര്‍ത്ത വന്നതിനുപിന്നില്‍ ഗൂഢാലോചനയുണ്ട്.
ആത്മകഥയിലെ ഭാഗമെന്ന് പറഞ്ഞ് മാധ്യമങ്ങളില്‍ വന്ന ഭാഗം വ്യാജമാണ്. വ്യാജരേഖ, ഗൂഢാലോചന എന്നിവ സംബന്ധിച്ച് സമഗ്രമായ അന്വേഷണം വേണമെന്നാണ് ജയരാജന് പരാതിയില്‍ ആവശ്യപ്പെട്ടത്. ഈ സാഹചര്യത്തിലാണ് കേസെടുക്കാതെ പരാതിയിൽ കഴമ്പുണ്ടോയെന്ന് അന്വേഷിക്കാൻ പൊലീസ് തീരുമാനിച്ചത്.ആദ്യഘട്ടമായി പരാതിക്കാരനിൽനിന്ന് മൊഴിയെടുക്കും.
വിശദീകരണം തേടിയിട്ടില്ല –എം.വി. ഗോവിന്ദൻ
കണ്ണൂർ: ആത്മകഥ വിവാദത്തിൽ ആരോടും വിശദീകരണം തേടിയിട്ടില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. ഇതുസംബന്ധിച്ച് എല്ലാ കാര്യങ്ങളും ഇന്നലെ പറഞ്ഞതാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ചേലക്കരയിൽ ഇടതുമുന്നണിക്ക് വിജയം ഉറപ്പാണ്. വയനാട്ടിൽ നില മെച്ചപ്പെടുത്തും. പാലക്കാട്ട് ബി.ജെ.പി മൂന്നാം സ്ഥാനത്താകും. പോളിങ് ശതമാനം കുറഞ്ഞത് ഇടതുമുന്നണിയെ ബാധിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.