അതീവ സുരക്ഷ മേഖലയായ ഏറ്റുമാനൂര്‍ മഹാദേവ ക്ഷേത്രത്തിന്റെ മുകളിലൂടെ ഡ്രോണ്‍ പറത്തി; യുവാവ് അറസ്റ്റില്‍

ഏറ്റുമാനൂര്‍:അതീവസുരക്ഷാ മേഖലയും ചരിത്രപ്രസിദ്ധവുമായ ഏറ്റുമാനൂര്‍ മഹാദേവക്ഷേത്രത്തിന് മുകളിലൂടെ ഡ്രോണ്‍ പറത്തിയ യുവാവ് പൊലീസ് പിടിയില്‍. ദേവസ്വം ജീവനക്കാരുടെ പരാതിയെ തുടര്‍ന്നായിരുന്നു അറസ്റ്റ്. വിശദമായ അന്വേഷണം ആവശ്യപ്പെട്ട് ഭക്തജനസംഘം പൊലീസിനെ സമീപിച്ചു.

നിരോധനം മറികടന്ന് ക്ഷേത്രത്തിന്റെ ആകാശ ദൃശ്യം പകര്‍ത്താന്‍ ശ്രമിച്ച സംഭവത്തില്‍ ഏറ്റുമാനൂര്‍ മങ്കരകലിങ്കു സ്വദേശി തോമസ് (37)ആണ് അറസ്റ്റിലായത്. യു.കെയില്‍ നഴ്‌സ് ആയ ഇയാള്‍ തന്റെ യുട്യൂബ് ചാനലിന് വേണ്ടിയാണ് ക്ഷേത്രത്തിന്റെ ദൃശ്യം പകര്‍ത്തിയെന്നാണ് വിവരം. തിങ്കളാഴ്ച രാവിലെ എട്ടു മണിയോടെയാണ് സംഭവം.

ചരിത്ര പ്രസിദ്ധമായ ഏഴരപ്പൊന്നാനയടക്കം കോടികള്‍ വിലവരുന്ന അമൂല്യ നിധികളും ചരിത്ര പ്രാധാന്യമുള്ള അമൂല്യശേഖരങ്ങളുമുള്ള ഏറ്റുമാനൂര്‍ ക്ഷേത്രത്തില്‍ ഡ്രോണ്‍ ഉപയോഗിച്ചുള്ള ചിത്രം പകര്‍ത്തല്‍ നിരോധിച്ചിട്ടുള്ളതാണ്. ഈ വിലക്ക് മറികടന്നാണ് ഇയാള്‍ ചിത്രങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ചത്. കാമറയ്ക്ക് പോലും കര്‍ശന നിയന്ത്രണങ്ങളുള്ള ക്ഷേത്രത്തില്‍ ഇയാള്‍ ഡ്രോണ്‍ പറത്തിയത് ദുരൂഹത ഉയര്‍ത്തുന്നതാണെന്ന് ക്ഷേത്രം വിശ്വാസികള്‍ പറയുന്നു.

ക്ഷേത്രത്തിന് മുന്നില്‍ ഡ്രോണ്‍ പറത്തുന്നത് വഴി ക്ഷേത്രത്തിന്റെ മാതൃകയും, ഘടനയും പുറത്ത് പോകുമെന്നും ഇത് സുരക്ഷയ്ക്ക് ഭീഷണിയാകുമെന്നുമുള്ള റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഡ്രോണിന് നിരോധനം ഏര്‍പ്പെടുത്തിയത്. വിവാഹ വീഡിയോകള്‍ പകര്‍ത്തുന്നതിന് പോലും പ്രത്യേക അനുമതി വേണം. ക്ഷേത്രത്തിന്റെ ആകാശ ദ്യശ്യം പകര്‍ത്താനുള്ള അനുവാദം ഹൈക്കോടതി മുഖാന്തരം നിരോധിച്ചിട്ടുമുണ്ട്.

ഈ സാഹചര്യത്തില്‍ അനുമതി ഇല്ലാതെ ദൃശ്യം പകര്‍ത്താനുള്ള ശ്രമം അന്വേഷണ വിധേയമാക്കണമെന്ന് ക്ഷേത്ര വിശ്വാസികള്‍ ആവശ്യപ്പെടുന്നു.ഇതേ സമയം ദുരുദ്ദേശത്തോടെയല്ല, നിരോധനത്തെ കുറിച്ച് അറിയാതെയാണ് ഇയാള്‍ ചിത്രം പകര്‍ത്താന്‍ ശ്രമിച്ചതെന്നും സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായും ഏറ്റുമാനൂര്‍ പൊലീസ് പറഞ്ഞു.

അന്വേഷണം വേണമെന്നും അതീവ സുരക്ഷ മേഖലയായ ക്ഷേത്രത്തില്‍ ഡ്രോണ്‍ ഉപയോഗിച്ച് ചിത്രങ്ങള്‍ പകര്‍ത്തുന്നത് നിരോധിച്ചു കൊണ്ട് ഹൈക്കോടതി വിധി നിലവിലുണ്ടെന്നും ഉപദേശക സമിതി സെക്രട്ടറി കെ.എന്‍ ശ്രീകുമാറും പ്രതികരിച്ചു.

Tags:    
News Summary - The drone flew over the Ettumanoor Mahadeva Temple, Young man arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.