ആലുവ: അനുജന്റെ കുത്തേറ്റ് ചികിത്സയിലായിരുന്ന ജ്യേഷ്ഠൻ മരിച്ചു. എടത്തല മലയപ്പിള്ളി വാടകക്ക് താമസിക്കുന്ന അശോകപുരം അണ്ടിക്കമ്പനി സ്വദേശി പള്ളിപറമ്പിൽ പരേതനായ ഡൊമനികിന്റെ മകൻ ഡെന്നിയാണ് (40) മരിച്ചത്. സെപ്റ്റംബർ 12നാണ് അനുജനായ ഡാനി ഡെന്നിയെ കുത്തി പരിക്കേൽപ്പിച്ചത്. മദ്യപാനത്തിനിടെ ഉണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്.
രോഗിയായിരുന്ന ഇവരുടെ അമ്മ ആനി എട്ടു മാസം മുൻപ് മരിച്ചിരുന്നു. അമ്മ ജീവിച്ചിരിക്കെ വീട് നിർമ്മാണത്തിനായി ലോൺ എടുക്കാൻ മാതാവും സഹോദരങ്ങളായ ഡാനി, ഡെൻസൻ എന്നിവരും വസ്തു ഡെന്നിയുടെ പേരിൽ എഴുതി നൽകിയിരുന്നു. ഇതേ തുടർന്ന് ലോൺ എടുത്ത് വീട് നിർമ്മിച്ചു.
പിന്നീട് തിരിച്ചടവ് മുടങ്ങിയതിനെ തുടർന്ന് ജപ്തി ഭീഷണിയായി. ഇതിനിടയിലാണ് അമ്മ മരിച്ചത്. ഇതേ തുടർന്ന് 22 ലക്ഷം രൂപക്ക് വീട് വിൽക്കുകയും വായ്പ അടച്ച് തീർക്കുകയും ചെയ്തു. ബാക്കിയുള്ള തുക ഉപയോഗിച്ചാണ് മലേപ്പിള്ളിയിൽ വീട് പണയത്തിനെടുത്തത്. ഡെന്നിയും ഡാനിയുമാണ് ഇവിടെ താമസിച്ചിരുന്നത്. ഡെന്നി അവിവാഹിതനാണ്. ഡാനിയുടെ ഭാര്യ കുറച്ചു നാളുകളായി ഇയാളിൽ നിന്ന് അകന്ന് സ്വന്തം വീട്ടിലാണ് താമസിക്കുന്നത്.
അമ്മ രോഗിയായിരുന്നപ്പോൾ പരിചരിച്ചിരുന്ന കാര്യങ്ങൾ മദ്യപാനത്തിനിടെ സംസാരിച്ചപ്പോൾ ഇരുവരും തമ്മിൽ തർക്കമുണ്ടായി. ഇതിനിടയിലാണ് കത്തിക്കുത്തുണ്ടായത്.
കത്തി ഉപയോഗിച്ച് ശരീരത്തിൻ്റെ വിവിധ ഭാഗങ്ങളിൽ 11 തവണ കുത്തി. ഗുരുതരമായി പരിക്കേറ്റ ഡെന്നി കളമശേരി മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു. വ്യാഴാഴ്ച്ച രാത്രി 11.30 ഓടെയായിരുന്നു മരണം. ഡാനിയെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഡെന്നിയുടെ മൃതദേഹം പോസ്റ്റ് മോർട്ടത്തിന് ശേഷം സംസ്കരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.