മുണ്ടക്കൈ അങ്ങാടി ഒന്നാകെ ഒലിച്ചുപോയി; മണിക്കൂറുകൾക്കുശേഷം ദുരന്തമുഖത്ത് സൈന്യമെത്തി

മേപ്പാടി: ദുരന്തമുണ്ടായി മണിക്കൂറുകൾക്കുശേഷം മുണ്ടക്കൈയിൽ രക്ഷാപ്രവർത്തനത്തിനായി സൈന്യമെത്തി. എൻ.ഡി.ആർ.എഫിന്റെയും സൈന്യത്തിന്റെയും സംഘം 13 മണിക്കൂറിനുശേഷമാണ് പുഴ കടന്ന് മുണ്ടക്കൈയിലെത്തിയത്. ചൂരൽമലയിൽനിന്ന് രണ്ടര കിലോമീറ്റർ അകലെയാണ് മുണ്ടക്കൈ.

കുടുങ്ങി കിടക്കുന്നവരെ ജീപ്പുമാർഗം പുഴക്കരയിലെത്തിച്ച് വടത്തിലൂടെ ഇക്കരയെത്തിക്കാനാണ് നീക്കം. മുണ്ടക്കൈയെയും ചൂരൽമലയെയും ബന്ധിപ്പിക്കുന്ന ഏകയാത്രാമാർഗമായ പാലം ഒലിച്ചുപോയതോടെയാണ് പ്രദേശം ഒറ്റപ്പെട്ടത്. ര‍‍ക്ഷപ്പെടുത്തുന്നവരെ പുഴകടത്തി ആശുപത്രിയിലേക്കും സുരക്ഷിത സ്ഥാനങ്ങളിലേക്കും മാറ്റും. പലരും കുന്നിന്‍മുകളിലൊക്കെ അഭയം പ്രാപിച്ചിരിക്കുകയാണ്. 150 പേർ കുടുങ്ങി കിടക്കുന്നതായാണ് പുറത്തുവരുന്ന വിവരം. ചൂരൽമലയിൽ രക്ഷാപ്രവർത്തനം നടത്തുമ്പോഴും ഒറ്റപ്പെട്ട മുണ്ടക്കൈയിലേക്ക് പോകാൻ കഴിഞ്ഞിരുന്നില്ല.

ഉരുള്‍പൊട്ടിയെത്തിയ മലവെള്ളപ്പാച്ചിലില്‍ പുഴ ദിശമാറി ഒഴുകിയതാണ് ചൂരല്‍മലയിലും ദുരന്തത്തിനിടയാക്കിയത്. എങ്ങും കൂറ്റന്‍ കല്ലുകളും ചെളിയും നിറഞ്ഞ് കുത്തിയൊഴുകുന്നതിനാൽ വടംകെട്ടിയാണ് സൈനികർ മറുഭാഗത്തേക്ക് കടന്നത്. എത്രവീടുകള്‍ ഒലിച്ചുപോയെന്നോ എത്രപേര്‍ മരിച്ചെന്നോ കാണാതായിട്ടുണ്ടെന്നോ കൃത്യമായ വിവരം പോലും ഇതുവരെ തിട്ടപ്പെടുത്താനായിട്ടില്ല. തോട്ടംതൊഴിലാളികളുടെ ഒമ്പത് ലയങ്ങള്‍ ഒലിച്ചുപോയിട്ടുണ്ട്. ഇവിടങ്ങളില്‍ താമസിച്ചിരുന്നവരെക്കുറിച്ച് ഒരുവിവരവുമില്ല.

ഉരുൾപൊട്ടലിൽ മരിച്ചവരുടെ എണ്ണം 84 ആയെന്ന് റവന്യൂ വിഭാഗം സ്ഥിരീകരിച്ചു. മുണ്ടക്കൈയിൽ രക്ഷാപ്രവർത്തനം ആരംഭിക്കുന്നതോടെ മരണസംഖ്യ ഇനിയും ഉയരുമെന്നാണ് വിവരം. കിലോമീറ്ററുകള്‍ അകലെ ചാലിയാര്‍ പുഴയിലൂടെ ഒഴുകി വന്ന മൃതദേഹങ്ങളും മൃതദേഹം അവശിഷ്ടങ്ങളും നിലമ്പൂര്‍ പോത്തുകല്ലിൽനിന്ന് കണ്ടെത്തിയിരുന്നു.  

Tags:    
News Summary - The entire Mundakai town was washed away

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.