എറണാകുളം-ഗുരുവായൂർ പാസഞ്ചർ സ്റ്റേഷനിൽ നിർത്തിയില്ല; കൂരിരുട്ടിൽ പെരുവഴിയിലായി യാത്രക്കാർ

കാലടി (കൊച്ചി): രാത്രിയിൽ ട്രെയിൻ സ്റ്റേഷനിൽ നിർത്തിയില്ല, കൂരിരുട്ടിൽ പെരുവഴിയിലായി യാത്രക്കാർ. വ്യാഴാഴ്ച രാത്രി 8.20ന് ആലുവക്കും അങ്കമാലിക്കും ഇടയിൽ ശ്രീമൂലനഗരം ചൊവ്വര സ്റ്റേഷനിൽ ആയിരുന്നു സംഭവം. എറണാകുളം -ഗുരുവായൂർ പാസഞ്ചറാണ് സ്റ്റേഷനിൽ നിർത്താതെ അതിവേഗം മുന്നോട്ടുപോയത്.

ട്രെയിൻ നിർത്താതെ പായുന്നത് ശ്രദ്ധയിൽപെട്ടപ്പോൾ കൈകളുയർത്തി സൂചന നൽകിയിട്ടും ലോക്കോ പൈലറ്റ് ശ്രദ്ധിച്ചില്ലെന്ന്​​ പ്ലാറ്റ്ഫോമിലുണ്ടായിരുന്ന യാത്രക്കാർ ഉൾ​െപ്പടെയുള്ളവർ പറഞ്ഞു. ശേഷം സ്റ്റേഷനിൽ നിന്ന് ഒരു കിലോമീറ്റർ നീങ്ങിയാണ് ട്രെയിൻ നിർത്തിയത്. പ്ലാറ്റ്ഫോം ഇല്ലാത്ത സ്ഥലത്ത്​ കൂരിരുട്ടിൽ അപകടകരമായ സാഹചര്യത്തിലാണ് സ്ത്രീകൾ ഉൾ​െപ്പടെയുള്ള യാത്രക്കാർ ഇറങ്ങിയത്. ഈ സമയം എതിർവശത്തെ ട്രാക്കിൽ ട്രെയിൻ വരുന്നുണ്ടായിരുന്നു.

സ്റ്റേഷനും നെടുവന്നൂർ ഗേറ്റിനും ഇടയിലുള്ള പാലത്തിന്‍റെ ഭാഗത്തെ കമ്പാർട്മെന്‍റിൽ പെട്ടുപോയ യാത്രക്കാർക്ക് ഇറങ്ങാനായില്ല. ഇവർ ചൊവ്വര സ്റ്റേഷനിലെ ജീവനക്കാരനെ ഫോണിൽ വിവരം അറിയിച്ചു. ഇദ്ദേഹം ട്രെയിനിന് പിൻഭാഗത്തെ ഗാർഡിനെ വിവരം ധരിപ്പിച്ച ശേഷവും ട്രെയിൻ മുന്നോട്ടെടുക്കാനായിരുന്നു ലോക്കോ പൈലറ്റിന്‍റെ ശ്രമം. ഒടുവിൽ യാത്രക്കാർ ബഹളം ​െവച്ചതിനെത്തുടർന്ന് ട്രെയിൻ പിന്നോട്ടെടുത്ത്​ പ്ലാറ്റ്ഫോമിൽ എത്തിച്ചപ്പോഴാണ് മറ്റ്​ യാത്രക്കാർക്ക് ഇറങ്ങാനും കയറാനുമായത്.

ഗുരുവായൂരിലേക്കുള്ള യാത്രക്കാർ ട്രെയിനിൽ കയറാനും സ്റ്റേഷനിൽ ഉണ്ടായിരുന്നു. നിശ്ചിത സ്റ്റേഷനിൽ രാത്രിയിൽ ട്രെയിൻ നിർത്താതെ യാത്രക്കാരെ അപകടസാഹചര്യത്തിലാക്കിയ ലോക്കോ പൈലറ്റിനെതിരെ നടപടി സ്വീകരിക്കണമെന്ന് ട്രെയിൻ പാസഞ്ചേഴ്സ് അസോസിയേഷൻ ആവശ്യപ്പെട്ടു.

അതേസമയം, എറണാകുളം-ഗുരുവായൂർ പാസഞ്ചറിൽ വ്യാഴാഴ്ച സുരക്ഷാ ജീവനക്കാർ ഉണ്ടായിരുന്നില്ലെന്നും യാത്രക്കാർ ചൂണ്ടിക്കാട്ടി. സംഭവത്തെക്കുറിച്ച് റെയിൽവേയുടെ ഉന്നത ഉദ്യോഗസ്ഥർക്ക് പരാതി നൽകുമെന്നും അവർ പറഞ്ഞു. സിഗ്​നൽ തെറ്റിച്ച്​ ട്രെയിൻ പിന്നോട്ടെടുത്തതിലെ അപകട സാധ്യത ഗൗരവതരമാണെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നു.

Tags:    
News Summary - The Ernakulam-Guruvayur passenger did not stop at the station; Passengers are stranded on the highway

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.