തിരുവനന്തപുരം: യുവനടി നല്കിയ പരാതിയില്‍ ശക്തമായ തെളിവും സാക്ഷിമൊഴികളും ശേഖരിച്ചിട്ടും നടൻ സിദ്ദീഖിന് ഒളിവിൽ പോകാൻ വഴിയൊരുക്കിയത് പ്രത്യേക സംഘത്തിന്റെ വീഴ്ചയെന്ന് ആക്ഷേപം.
തിരുവനന്തപുരത്തെ ഹോട്ടലില്‍ വിളിച്ചുവരുത്തി പീഡിപ്പിച്ചെന്ന പരാതിക്കാരിയുടെ മൊഴി ശരിവെക്കുന്നതായിരുന്നു തെളിവുകൾ. മുൻകൂർ ജാമ്യഹരജി പരിഗണിച്ച ഒരു ഘട്ടത്തിലും സിദ്ദീഖിന്റെ അറസ്റ്റ് തടഞ്ഞുള്ള ഇടക്കാല ഉത്തരവ് ഉണ്ടാകാതിരുന്നിട്ടും അറസ്റ്റിന് ശ്രമിച്ചില്ലെന്നാണ് ആക്ഷേപം. 2016 ജനുവരി 28ന് സിദ്ദീഖ് തന്നെ ഹോട്ടലിലേക്ക് വിളിച്ചുവരുത്തി ലൈംഗികമായി പീഡിപ്പിച്ചെന്നായിരുന്നു യുവനടിയുടെ ആരോപണം. ഒന്നരമാസം നീണ്ട അന്വേഷണത്തിനിടെ പരാതിക്കാരിയുടെ മൊഴി ശരിവെക്കുന്ന തെളിവുകൾ പ്രത്യേകസംഘത്തിന് ലഭിച്ചു. മാസ്കറ്റ് ഹോട്ടലിലെ 101 ഡി മുറിയിലാണ് പീഡനമെന്നായിരുന്നു മൊഴി.
ഗ്ലാസ് ജനലിലെ കര്ട്ടൻ മാറ്റി പുറത്തേക്ക് നോക്കിയാല്‍ സ്വിമ്മിങ് പൂള് കാണാമെന്ന് യുവതി പറഞ്ഞിരുന്നു. യുവതിക്കൊപ്പം നടത്തിയ തെളിവെടുപ്പില്‍ അന്വേഷണ സംഘത്തിന് ഇക്കാര്യം സ്ഥിരീകരിക്കാനായി. അച്ഛനും അമ്മയും ഒരു കൂട്ടുകാരിയും ചേര്‍ന്നാണ് തന്നെ ഹോട്ടലിൽ എത്തിച്ചതെന്ന മൊഴി മൂവരും ശരിവെച്ചു. ജനുവരി 27ന് രാത്രി 12ന് മുറിയെടുത്ത സിദ്ദീഖ് പിറ്റേന്ന് വൈകീട്ട് അഞ്ചുവരെ ഹോട്ടലില്‍ ഉണ്ടായിരുന്നെന്ന് തെളിഞ്ഞു.
ചോറും മീൻ കറിയും തൈരുമാണ് സിദ്ദീഖ് കഴിച്ചതെന്ന യുവതിയുടെ മൊഴി ശരിവെക്കുന്ന ഹോട്ടല്‍ ബില്ലും അന്വേഷണ സംഘം കണ്ടെത്തി. പീഡനം നടന്ന് ഒരുവര്‍ഷത്തിനുശേഷം കാട്ടാക്കടയിലെ സുഹൃത്തിനോട് യുവതി ഇക്കാര്യം പറഞ്ഞിരുന്നു. പൊലീസിന്റെ ചോദ്യം ചെയ്യലിൽ സുഹൃത്ത് ഇക്കാര്യം ശരിവെച്ചു.
സ്വതന്ത്ര സാക്ഷിമൊഴികളും രേഖകളും അന്വേഷണ സംഘത്തിന് ലഭിച്ചിരുന്നു. ലൈംഗിക പീഡനത്തിന് പിന്നാലെയുണ്ടായ മനോസംഘര്‍ഷങ്ങളെ തുടര്‍ന്ന് യുവതിക്ക് ആത്മഹത്യ പ്രേരണയുണ്ടായി. കാക്കനാട്ടും കൊച്ചി പനമ്പിള്ളി നഗറിലും സൈക്യാട്രിസ്റ്റുകളുടെ ചികിത്സ തേടി. രണ്ടുപേരും ഇക്കാര്യം ശരിവെച്ച് അന്വേഷണ സംഘത്തിന് മൊഴിനല്‍കി. സംഭവ ദിവസം യുവതി ധരിച്ച വസ്ത്രങ്ങള്‍ ഫോറന്‍സിക് പരിശോധനക്ക് അയച്ചിട്ടുണ്ട്. അതോടൊപ്പം മാസ്കറ്റ് ഹോട്ടലിലെത്തിയപ്പോള്‍ യുവതി ഒപ്പിട്ട പഴയ സന്ദര്‍ശക രജിസ്റ്റര്‍ കണ്ടെത്താനുള്ള പരിശോധന തുടരുകയാണ്.
ചലച്ചിത്ര മേഖലയിലെ വെളിപ്പെടുത്തലുകൾ അന്വേഷിക്കാൻ രൂപവത്കരിച്ച പ്രത്യേക അന്വേഷണ സംഘത്തിനു മുന്നിൽ വന്ന പരാതികളിൽ ശക്തമായ അന്വേഷണമായിരുന്നു സിദ്ദീഖിനെതിരെ നടന്നത്. എന്നിട്ടും അറസ്റ്റ് വൈകിപ്പിച്ച് ഒളിവിൽ പോകാനും ഡിജിറ്റൽ തെളിവുൾപ്പെടെ നശിപ്പിക്കാനും അവസരമൊരുക്കി. മുൻകൂർ ജാമ്യാപേക്ഷയിൽ ചൊവ്വാഴ്ച ഉത്തരവുണ്ടാകുമെന്ന് അറിയാമായിരുന്നിട്ടും അന്വേഷണസംഘം ഉദാസീനത തുടർന്നു. അറസ്റ്റിന് തടസ്സമില്ലാതിരുന്നിട്ടും നടപടിയെടുത്തില്ല. പരാതിക്കാരി കൈമാറിയ ഡിജിറ്റൽ തെളിവുകളിൽ ശാസ്ത്രീയ പരിശോധന നടത്തിയില്ലെന്നും നിയമവിദഗ്ധർ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.