പാലക്കാട്: അതിഗുരുതര സാമ്പത്തിക ഞെരുക്കത്തെത്തുടർന്ന് ഇനി തുടങ്ങാനിരിക്കുന്ന പ്രവൃത്തികൾ റദ്ദാക്കാൻ കെ.എസ്.ഇ.ബി തീരുമാനം. ദീർഘകാല കാരാറുകൾ റദ്ദ് ചെയ്യേണ്ടിവന്നതിനെത്തുടർന്നുള്ള സാമ്പത്തിക ബാധ്യതയും സർക്കാർ വകുപ്പുകൾ അടക്കേണ്ട തുക കിട്ടാത്തതുമാണ് പ്രതിസന്ധിക്കിടയാക്കിയതെന്ന് ബുധനാഴ്ച കെ.എസ്.ഇ.ബി ഇറക്കിയ ഉത്തരവിൽ പറയുന്നു. ഇനി നടക്കേണ്ട പ്രവൃത്തികളിൽ മുൻഗണനാക്രമം അനുസരിച്ച പട്ടികയും വേണ്ട ഫണ്ട് സംബന്ധിച്ച റിപ്പോർട്ടും മൂന്ന് ദിവസത്തിനകം നൽകാനാണ് കെ.എസ്.ഇ.ബി ഉൽപാദന, വിതരണ, പ്രസരണ യൂനിറ്റുകൾക്ക് നൽകിയ നിർദേശം.
ദീർഘകാല കരാറുകൾ റദ്ദാക്കിയതുമൂലം കെ.എസ്.ഇ.ബിക്ക് 250 കോടിയിലേറെ രൂപയുടെ അധിക ബാധ്യത വന്നിരുന്നു. മാത്രമല്ല, കമ്പനികൾ കുറഞ്ഞ നിരക്കിൽ വൈദ്യുതി തരാൻ തയാറായിട്ടുമില്ല. മൺസൂൺ ശക്തമാവാത്തത് വൈദ്യുതി ഉൽപാദനത്തെയും ബാധിച്ചു. സർക്കാർ വകുപ്പുകൾക്ക് പുറമെ വാട്ടർ അതോറിറ്റി ഉൾപ്പെടെ പൊതുമേഖല സ്ഥാപനങ്ങൾ വരുത്തിയ കുടിശ്ശിക തിരിച്ചുപിടിക്കാനായിട്ടില്ല. സർക്കാർ വകുപ്പുകളുടെ കുടിശ്ശിക മാത്രമേ വഹിക്കാനാകൂ എന്ന സർക്കാർ നിലപാടും ആശങ്കയിലാക്കിയിരുന്നു. ഇതിനാൽ 2024 മാർച്ചിൽ അംഗീകാരത്തിന് സമർപ്പിക്കേണ്ട പ്രവൃത്തികളിൽ പുനരാലോചന വേണം.
മുൻഗണനാക്രമവും വേണം. ഇതനുസരിച്ച് ആവശ്യമായ പ്രതിമാസ ഫണ്ട് ലിസ്റ്റ് വിവിധ യൂനിറ്റുകൾ സമർപ്പിക്കണം. ഇനിയും തുടങ്ങാത്ത പ്രവൃത്തികൾ തുടരാൻ അനുവദിക്കില്ല. തുടങ്ങിയാലും ഫണ്ട് അംഗീകാരം നൽകാനാകില്ല. ഏറെത്തവണ ആവശ്യപ്പെട്ടിട്ടും കെ.എസ്.ഇ.ബിയുടെ ഉൽപാദന, വിതരണ, പ്രസരണ യൂനിറ്റുകൾ ആവശ്യമായ തുകയുടെ വിശദ റിപ്പോർട്ട് ഇതുവരെ കെ.എസ്.ഇ.ബിയിൽ സമർപ്പിച്ചിട്ടില്ല. അതിനാൽ കരാറുകൾ റദ്ദ് ചെയ്തതിനെത്തുടർന്നുള്ള സാമ്പത്തിക ബാധ്യത സംബന്ധിച്ചും മുൻഗണന പട്ടികയും താമസം കൂടാതെ സമർപ്പിക്കാൻ ചെയർമാൻ ഉത്തരവിൽ ആവശ്യപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.