ആലപ്പുഴ: കമ്യൂണിസ്റ്റ് ആചാര്യൻ പി. കൃഷ്ണപിള്ളയിൽനിന്ന് പാർട്ടി അംഗത്വം നേടിയ കെ.ആർ. ഗൗരിയമ്മ സമശീർഷരായ നേതാക്കളുടെ മുന്നിൽ എന്നും തലയെടുപ്പോടെ നിന്ന സഖാവായിരുന്നു. സംഭവബഹുലമായ ഗൗരിയമ്മയുടെ രാഷ്ട്രീയജീവിതത്തിന് തിരശ്ശീല ഇടാൻ സി.പി.എം തീരുമാനിച്ച തീയതി 1994 ജനുവരി ഒന്നായിരുന്നു. ജനമനസ്സുകളിലും സമൂഹത്തിലും കത്തിനിന്ന വികാരമായിരുന്നു അവർ. ഒരു തീപ്പന്തംപോലെ. അതാണ് അന്നത്തെ പാർട്ടി നേതൃത്വം ഏകകണ്ഠമെന്ന് അവകാശപ്പെട്ട് തല്ലിക്കെടുത്തിയത്.
75ാം വയസ്സിൽ പാർട്ടിയിൽനിന്ന് പുറത്തേക്ക്. അതോടെ വീട്ടിലിരിക്കുമെന്ന് കരുതിയ നേതാക്കൾക്കാണ് തെറ്റിയത്. ഗൗരിയമ്മയെ പുറത്താക്കാനുള്ള നടപടിക്രമങ്ങൾക്ക് രണ്ട് വർഷത്തോളം നീളമുണ്ടായിരുന്നു. അതിന് മുമ്പുതന്നെ സി.പി.എമ്മിലെ പ്രബലവിഭാഗം ഗൗരിയമ്മയുടെ ചിറകുകൾ അരിഞ്ഞുകൊണ്ടിരുന്നു. ഒരിക്കൽപോലും പാർട്ടി കേന്ദ്ര കമ്മിറ്റിയിൽ എത്താൻ ഗൗരിയമ്മക്ക് കഴിഞ്ഞില്ല. സംസ്ഥാന സെക്രേട്ടറിയറ്റിൽ എത്തിയെങ്കിലും അവിടെയും ആൺപെരുമയുടെ നടുവിലായിരുന്നു അവർ.
'90കളോടെ ഗൗരിയമ്മക്ക് എതിരെയുള്ള വാളിന് മൂർച്ച കൂട്ടിത്തുടങ്ങിയിരുന്നു. പാർട്ടിയിലെ ബൂർഷ്വ നിലപാടുകളോട് ഒരിക്കലും യോജിക്കാൻ അവർക്കായില്ല. അതിനെ തൻപ്രമാണിത്തമെന്നും ധിക്കാരമെന്നുമായിരുന്നു പാർട്ടിയിലെ വിമർശകർ വിശേഷിപ്പിച്ചത്. നിയമസഭയിൽ ഡെപ്യൂട്ടി ലീഡറായും '60 മുതൽ '84 വരെ കർഷക സംഘത്തിെൻറ പ്രസിഡൻറായും 20 വർഷം മഹിളസംഘത്തിെൻറ സെക്രട്ടറിയായും പ്രസിഡൻറായും അവർ സേവനം അനുഷ്ഠിച്ചു. അതിനാൽ ഗൗരിയമ്മക്ക് ഇറക്കത്തിെൻറ സൂചനകൾ നന്നായി മനസ്സിലാകുമായിരുന്നു. സെക്രേട്ടറിയറ്റിൽനിന്ന് സംസ്ഥാന കമ്മിറ്റിയിലേക്കാണ് തരംതാഴ്ത്തിയത്. മുഖംനോക്കാതെ അഭിപ്രായം പറഞ്ഞ് ശീലമുള്ള ഗൗരിയമ്മ ഇ.എം.എസ്, നായനാർ തുടങ്ങിയ നേതാക്കളുടെ കണ്ണിലെ കരടായി മാറി. വി.എസ്. അച്യുതാനന്ദൻ അക്കാലത്ത് തന്നോടൊപ്പം പരസ്യമായി നിന്നില്ലെന്ന വേദന പലപ്പോഴും ഗൗരിയമ്മ പങ്കുവെച്ചു.പുറത്താക്കാൻ കാരണം തേടി നടന്ന നേതാക്കൾ അക്കാലത്ത് ആലപ്പുഴ കേന്ദ്രീകരിച്ച് നടന്ന സംഭവങ്ങളാണ് കരുക്കളാക്കിയത്. ഗൗരിയമ്മയെ പുകച്ച് പുറത്തുചാടിക്കാൻ ശ്രമിക്കുെന്നന്ന പ്രചാരണം 'ശ്രദ്ധിച്ച്' കേട്ടത് കെ. കരുണാകരനായിരുന്നു. കരുണാകരൻ മന്ത്രിസഭയിൽ ഉണ്ടായിരുന്ന എം.വി. രാഘവെന അതിനായി ഒളിഞ്ഞും തെളിഞ്ഞും ഉപയോഗപ്പെടുത്തി.
ആലപ്പുഴ ജില്ല സ്വാശ്രയ വികസനസമിതിയുടെ ചെയർപേഴ്സൻ സ്ഥാനം ഗൗരിയമ്മക്ക് കെ. കരുണാകരൻ നൽകി. അത് ഒഴിയണമെന്ന് പാർട്ടി ആവശ്യപ്പെട്ടു. വയലാറിലെ മാക്ഡവൽ കമ്പനിയിലെ യൂനിയൻ സ്ഥാനം ഒഴിയാനും നിർദേശിച്ചു. രണ്ടും ഗൗരിയമ്മ നിരാകരിച്ചു. കൂടാതെ, തൻപ്രമാണിത്ത സ്വഭാവത്തിലുള്ള നിരവധി ആരോപണങ്ങൾ അടങ്ങിയ കുറ്റപത്രം തയാറാക്കി. പിന്നെ പുറത്താക്കൽ എന്ന് സംഭവിക്കുമെന്ന് മാത്രമെ തീരുമാനിക്കേണ്ടിയിരുന്നുള്ളു.
പ്രാരംഭമായി സെക്രേട്ടറിയറ്റിൽനിന്ന് സംസ്ഥാന കമ്മിറ്റിയിലേക്കും പിന്നീട് ആലപ്പുഴ ജില്ല കമ്മിറ്റിയിലേക്കും ഗൗരിയമ്മ തരംതാഴ്ത്തപ്പെട്ടു. ജില്ല കമ്മിറ്റിയിൽ പെങ്കടുക്കാൻ ഗൗരിയമ്മയെ നേതാക്കൾ വീട്ടിലെത്തി ക്ഷണിച്ചെങ്കിലും അവർ വഴങ്ങിയില്ല. അവസാനം നാലുദിവസം നീണ്ട പാർട്ടി സംസ്ഥാന കമ്മിറ്റിയാണ് പുറത്താക്കാൻ തീരുമാനിച്ചത്. ജനുവരി ഒന്നിനാണ് തീരുമാനം എന്നതിനാൽ നവവത്സര സമ്മാനമെന്നായിരുന്നു കോൺഗ്രസ് ഉൾപ്പെട്ട മുന്നണി വിശേഷിപ്പിച്ചത്. തനിക്ക് എതിരെയുള്ള നടപടിക്ക് 42 പേജ് വരുന്ന കത്തിലൂടെ ഗൗരിയമ്മ മറുപടി നൽകിയെങ്കിലും അതൊന്നും വിലപ്പോയില്ല. പാർട്ടിക്കുവേണ്ടി എന്ത് ചെയ്തെന്നുപോലും ചിലർ ചോദിച്ചു. ഇ.എം.എസിെൻറ നേതൃത്വത്തിൽ നടന്ന നടപടികൾക്ക് അദ്ദേഹംതന്നെ വിശദീകരണം നൽകിയാണ് പാർട്ടി സമ്മേളനങ്ങളിൽ പ്രവർത്തകരെ ബോധ്യപ്പെടുത്തിയത്.
1994 മാർച്ചിൽതന്നെ ജെ.എസ്.എസ് (ജനാധിപത്യ സംരക്ഷണസമിതി) രൂപവത്കരിച്ച് പാർട്ടിക്ക് മറുപടി നൽകി. അതുമായി ഏറെക്കാലം ഗൗരിയമ്മ മുന്നോട്ടുപോയെങ്കിലും വലതുചേരിയിൽ എ.കെ. ആൻറണിയുടെയും ഉമ്മൻ ചാണ്ടിയുടെയും മന്ത്രിസഭകളിൽ അംഗമായതൊഴിച്ചാൽ കാര്യമായ നേട്ടമുണ്ടായില്ല. സി.പി.എമ്മിെൻറ ഭാഗമായില്ലെങ്കിലും പാർട്ടിയോട് സമരസപ്പെട്ടുകൊണ്ടുള്ള ശൈലിയായിരുന്നു ഗൗരിയമ്മക്ക് അവസാനകാലത്ത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.