പാലക്കാട്: കൊഴിഞ്ഞാമ്പാറയിൽനിന്ന് രണ്ടുവർഷം മുമ്പ് കാണാതായ 14കാരിയെ മധുരയിൽ കണ്ടെത്തി. നാലു മാസം പ്രായമായ പെൺകുഞ്ഞിനൊപ്പം മധുരയിലെ വാടകവീട്ടിൽ നിന്നാണ് വ്യാഴാഴ്ച പെൺകുട്ടിയെ ജില്ല ക്രൈംബ്രാഞ്ച് മിസ്സിങ് സ്ക്വാഡ് കണ്ടെത്തിയത്. പെൺകുട്ടിക്കൊപ്പം താമസിച്ചിരുന്ന യുവാവിനായി തിരച്ചിൽ വിപുലമാക്കിയതായി പാലക്കാട് ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി സി. ജോൺ പറഞ്ഞു. പെൺകുട്ടിയെ വെള്ളിയാഴ്ച കൊഴിഞ്ഞാമ്പാറയിൽ എത്തിച്ചു.
മധുരക്ക് സമീപമുള്ള ശേകനൂറണിയിലെ വാടകവീട്ടിൽ ഭാര്യാഭർത്താക്കന്മാരായി കഴിഞ്ഞുവരുകയായിരുന്നു ഇവർ. അമ്മക്കൊപ്പം നേരത്തേ ജോലിയെടുത്തിരുന്ന പാടൂർ സ്വദേശി ശെൽവകുമാറിനൊപ്പമാണ് താൻ നാടുവിട്ടതെന്നാണ് പെൺകുട്ടി പൊലീസിന് നൽകിയ മൊഴി. മധുരയിൽ ജോലി ചെയ്യുന്ന യുവാവിെൻറ സഹോദരെൻറ സഹായത്താലാണ് ഇരുവരും ഇവിടെ കഴിഞ്ഞതെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തിയിട്ടുണ്ട്.
തുടക്കത്തിൽ കൊഴിഞ്ഞാമ്പാറ പൊലീസ് അന്വേഷിച്ച കേസ് ഒരുവിവരവും കിട്ടാതെവന്നതോടെ ജില്ല ക്രൈംബ്രാഞ്ച് ഏറ്റെടുക്കുകയായിരുന്നു. തുടർന്ന് സൈബർ സെൽ സഹായത്തോടെ ശാസ്ത്രീയ വിവരങ്ങളുടെ സഹായത്താലാണ് പെൺകുട്ടിയെ കണ്ടെത്തിയത്. പാലക്കാട്ടെത്തിച്ച പെൺകുട്ടിയെയും കൈക്കുഞ്ഞിനെയും വൈദ്യപരിശോധനക്ക് ശേഷം കോടതിയിൽ ഹാജരാക്കി. നിലവിൽ പെൺകുട്ടിയുടെ മാതാപിതാക്കൾ പരാതി നൽകിയിട്ടില്ലെങ്കിലും പ്രായപൂർത്തിയാവാത്തതിനാൽ യുവാവിനെതിരെ പോക്സോ വകുപ്പുകൾ ചുമത്തിയേക്കും.
സംസ്ഥാനത്ത് കാണാതാവുന്ന ആളുകളുടെ എണ്ണം പാലക്കാട് ജില്ലയിൽ കൂടുതലെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ഇതിെൻറ അടിസ്ഥാനത്തിൽ പ്രത്യേക സംഘം പഴയ കേസുകളിൽ ഉൾപ്പെടെ ഊർജിത അന്വേഷണം തുടങ്ങിയെന്ന് പൊലീസ് അറിയിച്ചു. ഡിവൈ.എസ്.പി സി. ജോൺ, എ.എസ്.ഐ ജോൺസൺ, എസ്.സി.പി.ഒമാരായ പ്രവീൺകുമാർ, സുനിൽകുമാർ എന്നിവരടങ്ങുന്ന സംഘമാണ് പെൺകുട്ടിയെ കണ്ടെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.