മുതലപ്പൊഴി അടച്ചിടണമെന്ന നിലപാട് ഉപേക്ഷിച്ച് സർക്കാർ

തിരുവനന്തപുരം: അപകടങ്ങൾ പരിഗണിച്ച് മുതലപ്പൊഴി അടച്ചിടണമെന്ന നിലപാട് സർക്കാർ ഉപേക്ഷിച്ചു. ധാരണപത്രം പ്രകാരമുള്ള പല കാര്യങ്ങളും ചെയ്തിട്ടില്ലെന്നും ഉടൻ ചെയ്തില്ലെങ്കിൽ കർശന നടപടി സ്വീകരിക്കുമെന്നും അദാനി ഗ്രൂപ്പിന് മന്ത്രിതല സംഘം മുന്നറിയിപ്പ് നൽകി. അദാനി പോർട്ട് അധികൃതരുമായും മത്സ്യത്തൊഴിലാളി സംഘടന നേതാക്കളുമായും മന്ത്രിമാരായ സജി ചെറിയാൻ, ആന്‍റണി രാജു, വി. ശിവൻകുട്ടി എന്നിവർ നടത്തിയ ചർച്ചയിലാണ് തീരുമാനം.

പൊഴി അടച്ചിടൽ ഉപേക്ഷിച്ചതിൽ മത്സ്യത്തൊഴിലാളികൾ ആശ്വാസം രേഖപ്പെടുത്തി. സെപ്റ്റംബര്‍ അഞ്ചുവരെ പൊഴി അടച്ചിടണമെന്ന് ഫിഷറീസ് ഡയറക്ടര്‍ അദീല അബ്ദുല്ല ജൂലൈ 26ന് നൽകിയ ശിപാര്‍ശക്കെതിരായ പ്രതിരോധം തിങ്കളാഴ്ച നടന്ന യോഗത്തിലും തൊഴിലാളികളുയർത്തി. അദാനി ഗ്രൂപ് പൊളിച്ച പുലിമുട്ടിന്‍റെ ഭാഗങ്ങൾ പുനഃസ്ഥാപിക്കണമെന്നും അവർ ആവശ്യപ്പെട്ടു.

മന്ത്രിമാരായ ജി.ആര്‍. അനില്‍, അഹമ്മദ് ദേവര്‍കോവിൽ എന്നിവരും ചർച്ചകളിൽ പങ്കെടുത്തു. സി.ഡബ്ല്യു.പി.ആർ.എസ് പഠന റിപ്പോർട്ട് ഡിസംബറിൽ നൽകിയാലുടൻ, അപാകതയുണ്ടെങ്കിൽ ശരിയാക്കുമെന്നും കുടുംബങ്ങളെ സഹായിക്കുമെന്നുമുള്ള നിലപാട് മന്ത്രിമാർ ആവർത്തിച്ചു.

മറ്റു പ്രധാന തീരുമാനങ്ങൾ:

• പൊഴിയിലെ മണലും പാറയും കോരിമാറ്റാൻ ഒരു കോടി രൂപ അനുവദിച്ചു. മണൽ കോരാൻ എക്സ്കവേറ്ററുകൾ ചൊവ്വാഴ്ചതന്നെയെത്തിക്കാമെന്ന് അദാനി ഗ്രൂപ് ഉറപ്പുനൽകി. കാലാവസ്ഥ അനുകൂലമെങ്കിൽ രണ്ടുദിവസത്തിനകം ഡ്രെഡ്ജറും എത്തിക്കും. കല്ല് നീക്കം ചെയ്യാൻ ലോങ് ബൂം ക്രെയിനും കൊണ്ടുവരും. ഹാർബർ എൻജിനീയറിങ് വകുപ്പ് മേൽനോട്ടം വഹിക്കും.

• സാൻഡ് ബൈപാസിങ്ങിന് രണ്ടുമാസത്തിനകം ടെൻഡർ വിളിക്കും. നേരത്തേ അനുവദിച്ച 11 കോടിക്കു പുറമേ, പ്രതിവർഷ അധികച്ചെലവായ 40 ലക്ഷം രൂപയും സർക്കാർ വഹിക്കും.

• 24 മണിക്കൂറും മുങ്ങൽവിദഗ്ധരുടെ സേവനം. മത്സ്യത്തൊഴിലാളികളടക്കമുള്ള 30 പേരെ നിയോഗിക്കും.

• ആറ് ഹൈമാസ്റ്റ് ലൈറ്റുകൾ ഉടൻ സ്ഥാപിക്കും.

• മൂന്ന് റെസ്‌ക്യൂ ബോട്ടുകൾ, ഒരു ആംബുലൻസ് എന്നിവ മുഴുവൻ സമയവും ഹാർബറിലുണ്ടാകും.

• പൊഴി റോഡ് നന്നാക്കും.

• ആധുനിക ലൈഫ് ജാക്കറ്റ്, രക്ഷാപ്രവർത്തനത്തിന് റിമോട്ട് നിയന്ത്രിത ലൈഫ് ബോയ എന്നീ നിർദേശങ്ങൾ പരിശോധിക്കും.

Tags:    
News Summary - The government has given up its stand to close the Muthalappozhi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.