സമുദായങ്ങളുടെ സമഗ്ര സർവേ ഇപ്പോൾ സാധ്യമല്ലെന്ന്​ സർക്കാർ ഹൈകോടതിയിൽ

കൊച്ചി: എല്ലാ സമുദായങ്ങളുടെയും സാമൂഹിക സാമ്പത്തിക സ്ഥിതിയും ജനസംഖ്യയും കണ്ടെത്താനുള്ള സമഗ്ര സർവേ ഇപ്പോൾ നടത്താനാകില്ലെന്ന്​ സർക്കാർ ഹൈകോടതിയിൽ. സർക്കാറിന്റെ സാമ്പത്തിക സ്ഥിതിയും കോവിഡ് സാഹചര്യവും മുൻനിർത്തിയാണ് ജസ്‌റ്റിസ് എ.വി. രാമകൃഷ്‌ണപിള്ള അധ്യക്ഷനായ മുന്നാക്ക സമുദായ കമീഷൻ ശിപാർശയുടെ അടിസ്ഥാനത്തിലുള്ള സർവേ തൽക്കാലം സാധ്യമാകില്ലെന്ന്​ അറിയിച്ചത്.

മുന്നാക്ക ജനവിഭാഗങ്ങളിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരെ കണ്ടെത്താൻ സാമ്പിൾ സർവേ നടത്താനുള്ള സർക്കാർ തീരുമാനം റദ്ദാക്കണമെന്നാവശ്യപ്പെട്ട് എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ നൽകിയ ഹരജിയിലാണ്​ വിശദീകരണം. സർക്കാർ വിശദീകരണം രേഖപ്പെടുത്തിയ ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്‌ണൻ ഹരജി തീർപ്പാക്കി.

ഓരോ വാർഡിലും മുന്നാക്ക വിഭാഗങ്ങളിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന അഞ്ച്​ വീടുകൾ തെരഞ്ഞെടുത്ത് സർവേ നടത്തി മുന്നാക്കക്കാരിലെ പിന്നാക്കക്കാരെ കണ്ടെത്തുന്നതിനെയാണ് എൻ.എസ്.എസ് എതിർത്തത്. ഈ ഹരജി പരിഗണിക്കവേ, സാമ്പത്തിക സംവരണത്തിന് അർഹരായവരെ കണ്ടെത്താൻ സമഗ്ര സർവേയാണ് വേണ്ടതെന്ന് അഭിപ്രായപ്പെട്ട സിംഗിൾ ബെഞ്ച്, ഇതിൽ സർക്കാറിന്റെ നിലപാട്​ തേടുകയായിരുന്നു. ഹരജിയിൽ മൂന്നുതവണ സമയം നീട്ടിച്ചോദിച്ച ശേഷമാണ് സമഗ്ര സർവേ ഇപ്പോൾ നടത്താനാകില്ലെന്ന് വിശദീകരണം നൽകിയത്. ഇതുസംബന്ധിച്ച് പൊതുഭരണ വകുപ്പ് അഡീ. ചീഫ് സെക്രട്ടറി ഈ മാസം 13ന്​ നൽകിയ ഉത്തരവും ഹാജരാക്കി.

സർക്കാറിന്‍റെ സാമ്പത്തിക സ്ഥിതി ചൂണ്ടിക്കാട്ടി നിലപാടറിയിക്കുമ്പോൾ ഇതിനെതിരെ ഉത്തരവ്​ നൽകാനാകില്ലെന്ന് കോടതി വ്യക്തമാക്കി. എന്നാൽ, 13ലെ ഉത്തരവ്​ ഹരജിക്കാർക്ക് നിയമപരമായി ചോദ്യം ചെയ്യാം. പിന്നീട് സാഹചര്യം മാറുമ്പോൾ സമഗ്ര സർവേ ആവശ്യമുന്നയിച്ച് എൻ.എസ്.എസിന് സർക്കാറിനെ സമീപിക്കാമെന്നും നിയമപ്രകാരം വേണ്ടത്​ ചെയ്യണമെന്നും കോടതി നിർദേശിച്ചു.

Tags:    
News Summary - The government told the high court that a comprehensive survey of communities was not possible at present

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.