മയക്കുമരുന്ന് ശൃംഖലയിലെ തലവനെ കോയമ്പത്തൂരിൽനിന്ന് പിടികൂടി

മട്ടാഞ്ചേരി: കൊച്ചിയിലെ ലഹരിമരുന്ന് വിൽപന ശൃംഖലയിലെ തലവനെ മട്ടാഞ്ചേരി പൊലീസ് കോയമ്പത്തൂരിൽനിന്ന് പിടികൂടി. വാത്തുരുത്തി വിനു എന്ന വിനു ആന്‍റണിയാണ് (36) പിടിയിലായത്. രണ്ടാഴ്ച മുമ്പ് അരക്കിലോ എം.ഡി.എം.എയുമായി മട്ടാഞ്ചേരി സ്വദേശി ശ്രീനിഷ്, ഇടക്കൊച്ചി സ്വദേശി ജോസഫ് പ്രിൻസ് അമരേഷ്, ആലുവ അയ്യമ്പുഴ സ്വദേശി സോണി ടോമി എന്നിവരെ മട്ടാഞ്ചേരി പൊലീസ് പിടികൂടിയിരുന്നു.

തുടർന്ന് മയക്കുമരുന്നിന്‍റെ ഉറവിടത്തെക്കുറിച്ച് നടത്തിയ വിശദമായ അന്വേഷണത്തിലാണ് വിനു ആന്‍റണിയെക്കുറിച്ച് വിവരം ലഭിച്ചത്. ഇയാൾ സംസ്ഥാനത്തിന് പുറത്തിരുന്ന് കേരളത്തിലെ പല സ്ഥലങ്ങളിലേക്കും ലഹരി മരുന്നിന്‍റെ മൊത്തവിതരണം നിയന്ത്രിച്ചിരുന്നതായി പൊലീസ് കണ്ടെത്തുകയും ഇയാളെ പിടികൂടാൻ പ്രത്യേക അന്വേഷണസംഘത്തെ നിയോഗിക്കുകയുമായിരുന്നു. സംസ്ഥാനത്തെ പല ജില്ലകളിലും ആന്ധ്രപ്രദേശിലും ലഹരിമരുന്ന് കേസുകൾ ഉൾപ്പെടെ മുപ്പതോളം കേസുകളിൽ പ്രതിയായ കൊടുംക്രിമിനലായ ഇയാൾ കുറച്ചുനാളായി പൊലീസിനെ വെട്ടിച്ച് തമിഴ്നാട്, കർണാടക, ആന്ധ്രപ്രദേശ് എന്നിവടങ്ങളിൽനിന്നുകൊണ്ട് കേരളത്തിലെ ലഹരിമരുന്ന് ഇടപാടുകൾ നിയന്ത്രിച്ച് വരുകയായിരുന്നുവെന്ന് മട്ടാഞ്ചേരി അസി. പൊലീസ് കമീഷണർ വി.ജി. രവീന്ദ്രനാഥ് പറഞ്ഞു.

കേരളത്തിലെ മയക്കുമരുന്ന് ഏജന്‍റുമാരിൽനിന്ന് സമൂഹമാധ്യമം വഴി ഓർഡർ സ്വീകരിച്ച് പണം ഡിജിറ്റൽ പേമെന്‍റ് മുഖാന്തരം കൈപ്പറ്റി ലഹരിമരുന്നുകൾ കൈമാറുകയാണ് രീതി. ഇയാളെ പിടികൂടുമ്പോൾ തൃപ്പൂണിത്തുറ പൊലീസ് നാലുമാസം മുമ്പ് രജിസ്റ്റർ ചെയ്ത മിസിങ് കേസിലെ 24കാരിയും കൂടെയുണ്ടായിരുന്നു. പെൺകുട്ടി മൂന്നുമാസം ഗർഭിണിയാണെന്നാണ് പറയുന്നത്.

Tags:    
News Summary - The head of the drug Gang was arrested from Coimbatore

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.