മണിക്കൂറുകൾ പിന്നിടുന്നു; രക്ഷാകരം പ്രതീക്ഷിച്ച് 250 പേർ ഇപ്പോഴും ദുരന്തഭൂമിയിൽ; കര-നാവിക സേനയെത്തി

കൽപറ്റ: ചൂരൽമല, മുണ്ടക്കൈ പ്രദേശങ്ങളെ ഒന്നടങ്കം തകർത്ത് തരിപ്പണമാക്കിയ ഉരുൾപൊട്ടൽ ദുരന്തം നടന്ന് 11 മണിക്കൂർ പിന്നിടുമ്പോഴും ആഘാതത്തിന്‍റെ ചിത്രം പൂർണമായി പുറത്തുവന്നിട്ടില്ല. മുണ്ടക്കൈയിൽ ഇപ്പോഴും രക്ഷപ്രവർത്തകർക്ക് പൂർണമായി എത്തിപ്പെടാനായിട്ടില്ല. 250ഓളം പേർ ഇവിടെ കുടുങ്ങികിടക്കുന്നതായാണ് പുറത്തുവരുന്ന വിവരം.

വിവിധ റിസോർട്ടുകളിലും കുന്നിനു മുകളിലുമാണ് ആളുകൾ കുടുങ്ങികിടക്കുന്നത്. ചൂരൽമലയിൽനിന്ന് ഏകദേശം 2.5 കിലോമീറ്റർ ദൂരമുണ്ട് മുണ്ടക്കൈയിലേക്ക്. ചൂരൽമലയിൽനിന്ന് മുണ്ടക്കൈയിലേക്ക് പോകാനുള്ള ഏകമാർഗമായ പാലം ഒലിച്ചുപോയതോടെയാണ് പ്രദേശം ഒറ്റപ്പെട്ടുപോയത്. വിദഗ്ധ സംഘത്തിനു മാത്രമേ അവിടേക്ക് പോകാനാകുന്നുള്ളു. കര-നാവിക സേന ദുരന്തഭൂമിയിലുണ്ട്. വെള്ളാർമല സ്കൂളിനു സമീപത്തുകൂടി ഒഴുകിയിരുന്ന തോട് വലിയ പുഴയായി രൂപപ്പെട്ടതാണ് രക്ഷാപ്രവർത്തനം ദുഷ്കരമാക്കിയത്.

 പുഴയുടെ മറുഭാഗത്ത് കുടുങ്ങുകിടക്കുന്നവരെ പുഴക്കു കുറുകെ വടംകെട്ടിയാണ് രക്ഷപ്പെടുത്തുന്നത്. നേരത്തെ, ഹെലികോപ്റ്റർ വഴി എയർലിഫ്റ്റിങ് ഉൾപ്പെടെ ആലോചിച്ചിരുന്നെങ്കിലും പ്രതികൂല കാലാവസ്ഥ തിരിച്ചടിയായി. മുണ്ടക്കൈ ഭാഗങ്ങളിൽ കുടുങ്ങി കിടക്കുന്നവരിൽ ഗുരുതര പരിക്കേറ്റവർ ഉൾപ്പെടെയുണ്ട്. ഇവർ രക്ഷാകരത്തിനായി പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്. വൈദ്യുതി ബന്ധം പൂർണമായി തകരാറിലായതിനാൽ നേരം ഇരുട്ടുന്നതോടെ രക്ഷാപ്രവർത്തനം പിന്നെയും പ്രതിസന്ധിയിലാകും.

വ്യോമസേന സുലൂരിൽനിന്ന് രണ്ട് ഹെലികോപ്റ്ററുകൾ രക്ഷാപ്രവർത്തനത്തിനായി അയച്ചെങ്കിലും കാലാവസ്ഥ പ്രതികൂലമായതിനാൽ ദുരന്ത സ്ഥലത്തേക്ക് എത്താനായില്ല. ഒലിച്ചുപോയ പാലത്തിനു ബദൽ സംവിധാനം ഒരുക്കുന്നതിനായി ബംഗളൂരുവിൽനിന്ന് സൈന്യത്തിന്‍റെ എൻജിനീയറിങ് ഗ്രൂപ്പ് വയനാട്ടിലേക്ക് വരുന്നുണ്ട്. മേഖലയുമായുള്ള ബന്ധം പുനസ്ഥാപിക്കാനായാൽ മാത്രമേ രക്ഷാപ്രവർത്തകർക്ക് പൂർണമായി ദുരന്ത മുഖത്തേക്ക് എത്തിച്ചേരാനാകു.

വരുംമണിക്കൂറുകളിൽ കാലാവസ്ഥ അനുകൂലമായാൽ മാത്രമേ കുടുങ്ങി കിടക്കുന്നവരെ പൂർണമായി സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റാനാകു. മുണ്ടക്കൈയുമായി ബന്ധം പുനസ്ഥാപിക്കാൻ വൈകുന്നത് ആശങ്ക വർധിപ്പിക്കുന്നുണ്ട്. അധികൃതർ നൽകിയ മുന്നറിയിപ്പിനെ തുടർന്ന് പല കുടുംബങ്ങളും മുണ്ടക്കൈ ഉൾപ്പെടെയുള്ള ഭാഗങ്ങളിൽനിന്ന് നേരത്തെ തന്നെ ബന്ധുവീടുകളിലേക്കും മറ്റും മാറിയിരുന്നു.

Tags:    
News Summary - The hours pass; 250 people are still in the disaster area waiting for rescue

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.