എസ്.എച്ച്.ഒ ക്ക് ജാഗ്രതക്കുറവുണ്ടായെന്ന് മനുഷ്യാവകാശ കമീഷൻ

തിരുവനന്തപുരം : വനിതാ പൊലീസില്ലാതെ വെള്ളറട പൊലീസ് ഇൻസ്പെക്ടറും സംഘവും സ്ത്രീയെയും മകനെയും ദേഹോപദ്രവം ഏൽപ്പിക്കുകയും സ്ത്രീത്വത്തെ അപമാനിക്കുകയും ചെയ്തെന്ന പരാതിയിൽ വെള്ളറട പോലീസ് ഇൻസ്പെക്ടർക്ക് ജാഗ്രതക്കുറവുണ്ടായതായി മനുഷ്യാവകാശ കമീഷൻ.

പരാതിക്കാരിയുടെ സ്വൈര്യ ജീവിതത്തിന് എന്തെങ്കിലും തടസമുണ്ടായാൽ വെള്ളറട പൊലീസിന് പരാതി നൽകണമെന്നും പരാതി ലഭിച്ചാൽ പരാതിക്കാരിക്ക് ആവശ്യമായ സംരക്ഷണം നൽകണമെന്നും കമീഷൻ ആക്റ്റിങ് ചെയർപേഴ്സണും ജുഡീഷ്യൽ അംഗവുമായ കെ. ബൈജൂനാഥ് വെള്ളറട പൊലീസ് ഇൻസ്പെക്ടർക്ക് നിർദേശം നൽകി.

ഉത്തരവിന്റെ പകർപ്പ് ജില്ലാ പൊലീസ് മേധാവിക്ക് അയച്ചു. വെള്ളറട തേക്കുപ്പാറയിലെ തന്റെ വീടിനോട് ചേർന്നുള്ള മതിൽ പൊളിച്ചുമാറ്റി അവിടെയുണ്ടായിരുന്ന നീർച്ചാൽ നികത്തി പുതുതായി വഴിവെട്ടാൻ പഞ്ചായത്തംഗം ലീലയും വെള്ളറട പൊലീസ് ഇൻസ്പെക്ടറും ശ്രമിച്ചപ്പോൾ തടഞ്ഞതു കാരണമാണ് ഇൻസ്പെക്ടർ തന്നെയും മകനെയും ദേഹോപദ്രവം ഏൽപ്പിച്ചതെന്ന് പ്രദേശവാസിയായ ജി. ഗീത പരാതിയിൽ പറയുന്നു. നീർച്ചാൽ നികത്തി പ്രകൃതിദത്തമായ ഒഴുക്കിനെ തടസപ്പെടുത്തിയെന്ന ആരോപണം അന്വേഷിക്കണമെന്ന് കമീഷൻ ആവശ്യപ്പെട്ടു.

കാക്കതൂക്കി വാർഡിലെ കീഴ്മുട്ടൂർ കുനിച്ചി മലയിൽ നിന്നും സമീപത്തെ നീർക്കാലി തോടിലേക്ക് ഒഴുകുന്ന വെള്ളച്ചാൽ നികത്തരുതെന്ന് നെയ്യാറ്റിൻകര ചെറുകിട ജലസേചന വകുപ്പ് അസിസ്റ്റന്റ് എഞ്ചിനീയർ 2023 ജൂൺ മൂന്നിന് വെള്ളറട പഞ്ചായത്ത് സെക്രട്ടറിക്ക് കത്ത് നൽകിയിട്ടുള്ളതായി കമീഷൻ നിരീക്ഷിച്ചു. നീർച്ചാൽ നികത്താൻ ശ്രമം നടന്നോയെന്ന് ചെറുകിട ജലസേചന വകുപ്പ് എക്സിക്യൂട്ടീവ് എഞ്ചിനീയർ അന്വേഷിച്ച് നടപടിയെടുക്കണമെന്ന് കമീഷൻ ആവശ്യപ്പെട്ടു. മതിയായ തെളിവുകൾ ഹാജരാക്കാൻ പരാതിക്കാരിക്ക് കഴിയാത്തതിനാൽ വെള്ളറട പൊലീസ് ഇൻസ്പെക്ടർക്കെതിരെ കമീഷൻ മറ്റ് നടപടികൾ സ്വീകരിക്കുന്നില്ലെന്നും ഉത്തരവിൽ പറയുന്നു.

വെള്ളറട പൊലീസ് ഇൻസ്പെക്ടർ മൃദുൽ കുമാർ, എസ്.ഐ. ആന്റണി ജോസഫ് നെറ്റോ, സി.പി.ഒ പ്രദീപ് എന്നിവർക്കെതിരെ സമർപ്പിച്ച പരാതിയിലാണ് നടപടി.

Tags:    
News Summary - The Human Rights Commission said that the SHO lacked vigilance

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.