ഉന്തിയ പല്ല് അയോഗ്യതയാക്കി യുവാവിന് ജോലി നിഷേധിച്ചത് വിവാദത്തിൽ. അട്ടപ്പാടിയിലെ ഗോത്രവർഗ യുവാവിനു ബീറ്റ് ഫോറസ്റ്റ് ഓഫിസർ ജോലിയാണ് പല്ല് ഉന്തിയതിന്റെ പേരിൽ നഷ്ടമായത്. പുതൂർ പഞ്ചായത്തിലെ ആനവായ് ഊരിലെ വെള്ളിയുടെ മകൻ മുത്തുവിനാണു പല്ലിന്റെ പേരിൽ സർക്കാർ ജോലി ലഭിക്കാതായത്. ചെറുപ്രായത്തിലുണ്ടായ വീഴ്ചയിലാണു മുത്തുവിന്റെ പല്ലിനു തകരാറുണ്ടായത്.
ബീറ്റ് ഫോറസ്റ്റ് ഓഫിസറെ നിയമിക്കാനുള്ള പി.എസ്.സിയുടെ സ്പെഷൽ റിക്രൂട്മെന്റിൽ എഴുത്തു പരീക്ഷയും കായികക്ഷമതാ പരീക്ഷയും മറികടന്നാണു മുത്തു മുഖാമുഖത്തിനു പോയത്. ഇതിനു മുന്നോടിയായി ശാരീരികക്ഷമത പരിശോധിച്ച ഡോക്ടർ നൽകിയ സർട്ടിഫിക്കറ്റിൽ ഉന്തിയ പല്ല് പ്രത്യേകം രേഖപ്പെടുത്തിയിരുന്നു. 18,000 രൂപ ചെലവു വരുന്ന ശസ്ത്രക്രിയയിലൂടെ തകരാർ പരിഹരിക്കാമെന്നാണു പറയുന്നത്.
മുക്കാലിയിൽ നിന്നു 15 കിലോമീറ്റർ ദൂരെ ഉൾവനത്തിലാണു മുത്തുവിന്റെ ആനവായ് ഊര്. പൂർണമായും വനാശ്രിത സമൂഹമാണ് ഊരിലെ കുറുമ്പർ വിഭാഗം. ഊരിലെ അസൗകര്യങ്ങളും ദാരിദ്ര്യവും മൂലമാണു പല്ല് ചികിത്സിച്ച് നേരെയാക്കാൻ കഴിയാതിരുന്നതെന്ന് ബന്ധുക്കൾ പറയുന്നു. അതേസമയം, ചില പ്രത്യേക തസ്തികകളിലേക്കുള്ള യോഗ്യതകളും അയോഗ്യതകളും സ്പെഷൽ റൂളിൽ പ്രത്യേകം വ്യക്തമാക്കിയിട്ടുണ്ടെന്നു പി.എസ്.സി അറിയിച്ചു. ഇതു കണ്ടെത്തിയാൽ ഉദ്യോഗാർഥിയെ അയോഗ്യനാക്കും. ഉന്തിയ പല്ല്, കോമ്പല്ല് (മുൻപല്ല്) ഉൾപ്പെടെയുള്ളവ അയോഗ്യതയ്ക്കുള്ള ഘടകങ്ങളാണെന്നും അധികൃതർ പറയുന്നു. എന്നാൽ, ഇത്തരം വിഷയങ്ങളിൽ മാനുഷിക പരിഗണന വേണമെന്നാണ് പൊതുവായ അഭിപ്രായം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.