ഐസ്ക്രീം കഴിച്ച വിദ്യാർഥി മരിച്ച സംഭവം: കൊലപാതകമെന്ന് സൂചന

കൊയിലാണ്ടി: ഐസ്ക്രീം കഴിച്ച് ഛർദിയുണ്ടായതിനെ തുടർന്ന് വിദ്യാർഥി മരിച്ച സംഭവം കൊലപാതകമെന്ന് സൂചന. ഇതുമായി ബന്ധപ്പെട്ട് ഒരാളെ കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം നീങ്ങുന്നത്. സൈബർ സെൽ മൊബൈൽ ഫോൺ പരിശോധിച്ചുവരുകയാണ്. അരിക്കുളം കോറോത്ത് മുഹമ്മദലിയുടെ മകൻ അഹമ്മദ് ഹസൻ റിഫായി (12)യാണ് ഛർദിയെ തുടർന്ന് മരിച്ചത്.

ഞായറാഴ്ചയാണ് അരിക്കുളത്തെ കടയിൽനിന്ന് ഐസ്ക്രീം കഴിച്ചത്. തുടർന്ന് ഛർദിയുണ്ടായതിനാൽ വീടിന് സമീപം മുത്താമ്പിയിലെ ക്ലിനിക്കിലും മേപ്പയൂരിലും ചികിത്സ തേടി. ഭേദമാകാത്തതിനെ തുടർന്ന് തിങ്കളാഴ്ച പുലർച്ചെ കൊയിലാണ്ടി താലൂക്കാശുപത്രിയിലും പിന്നീട് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. അന്നു രാവിലെ മരിച്ചു.

ആരോഗ്യ വകുപ്പ്, ഭക്ഷ്യ സുരക്ഷ വകുപ്പ്, പൊലീസ്, ഫോറൻസിക് വിഭാഗം എന്നിവ അരിക്കുളത്തെ ഐസ്ക്രീം വിറ്റ കടയിൽനിന്ന് സാമ്പ്ൾ ശേഖരിച്ച ശേഷം കടയടപ്പിച്ചു. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ, കുട്ടിയുടെ ശരീരത്തിൽ അമോണിയം ഫോസ് ഫറസിന്റെ അംശം കണ്ടെത്തിയതിനെ തുടർന്നാണ് കൊലപാതകമാണെന്ന് സംശയമുണ്ടായത്. തുടർന്ന് കൊയിലാണ്ടി പൊലീസ് വിദഗ്ധ അന്വേഷണം നടത്തുകയായിരുന്നു. നിരവധി പേരിൽനിന്ന് മൊഴിയെടുത്തു.

മൂന്നുദിവസം ഏതാനും പേരെ പൊലീസ് നിരന്തരം ചോദ്യം ചെയ്തിരുന്നു. റൂറൽ ജില്ല പൊലീസ് മേധാവി ആർ. കറപ്പസാമിയുടെ നേതൃത്വത്തിൽ ഡിവൈ.എസ്.പി ആർ. ഹരിപ്രസാദ്, സി.ഐ കെ.സി. സുബാഷ് ബാബു, എസ്.ഐ വി. അനീഷ്, പി.എം. ശൈലേഷ്, ബിജു വാണിയംകുളം, സി.പി.ഒ കരീം, ഗംഗേഷ്, വനിത സിവിൽ പൊലീസ് ഓഫിസർമാരായ ശോഭ, രാഖി, എസ്.സി.പി.ഒ ബിനീഷ് എന്നിവരാണ് അന്വേഷണസംഘത്തിലുള്ളത്. പ്രതി ഉടൻ അറസ്റ്റിലാകുമെന്നാണ് സൂചന.

Tags:    
News Summary - The incident in which the student who ate ice cream died

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.