കൊച്ചി: അളവുതൂക്ക ഉപകരണ നിർമാതാക്കൾക്കും വിൽപനക്കാർക്കും അറ്റകുറ്റപ്പണിക്കാർക്കും 5000 രൂപ വാർഷിക ലൈസൻസ് ഫീസ് ചുമത്തിയ 2012ലെ ഭേദഗതി ഹൈകോടതി ശരിവെച്ചു. നിർമാതാക്കൾക്ക് 500ഉം അറ്റകുറ്റപ്പണി ചെയ്യുന്നവർക്കും വിൽപനക്കാർക്കും 100ഉം രൂപ വീതമുണ്ടായിരുന്ന വാർഷിക ലൈസൻസ് ഫീസ് കേരള ലീഗൽ മെട്രോളജി (എൻഫോഴ്സ്മെന്റ്) റൂൾസിൽ ഭേദഗതി വരുത്തി എല്ലാവർക്കും 5000 രൂപയാക്കി വർധിപ്പിച്ചത് ചോദ്യംചെയ്ത് ഈ മേഖലയിൽ പ്രവർത്തിക്കുന്ന നൂറുകണക്കിന് ജീവനക്കാരും സ്ഥാപനങ്ങളും നൽകിയ ഹരജികൾ തള്ളിയാണ് ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണന്റെ ഉത്തരവ്.
അറ്റകുറ്റപ്പണി ചെയ്യുന്നവരുടെ ഫീസ് 2000 ആയി കുറച്ച് ഭേദഗതി കൊണ്ടുവരുന്നതിന്റെ ഭാഗമായി കരട് നിയമം പുറപ്പെടുവിച്ചിട്ടുണ്ടെന്ന സർക്കാർ വിശദീകരണവും രേഖപ്പെടുത്തി. അറ്റകുറ്റപ്പണിക്കാർക്കടക്കം കുത്തനെ ഫീസ് വർധിപ്പിച്ചത് ഭരണഘടനവിരുദ്ധവും 2009ലെ ലീഗൽ മെട്രോളജി ആക്ടിന് വിരുദ്ധവുമാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹരജി. കോടതിയെ സമീപിച്ചവരിൽനിന്ന് അന്തിമ വിധിക്ക് വിധേയമായി 1000 രൂപ വീതം വാർഷിക ഫീസ് ഈടാക്കി ലൈസൻസ് പുതുക്കിനൽകാൻ 2014ൽ കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.
നിയമപരമായ നടപടിക്രമങ്ങൾ പൂർത്തിയാക്കിയാണ് നിയമഭേദഗതി വരുത്തിയതെന്നായിരുന്നു സർക്കാറിന്റെ വിശദീകരണം. 2012ൽ കരട് നിയമം പ്രസിദ്ധീകരിച്ചപ്പോൾ ഹരജിക്കാർ എതിർപ്പ് പ്രകടിപ്പിച്ചിരുന്നില്ല. ഫീസ് നിർണയം സർക്കാറിന്റെ അധികാരപരിധിയിൽ വരുന്നതാണ്. ഫീസ് നിരക്ക് സംബന്ധിച്ച അന്തിമ വിജ്ഞാപനമിറക്കും മുമ്പ് കേന്ദ്ര സർക്കാറുമായി ചർച്ച നടത്തിയിട്ടുണ്ട്. മറ്റു ചില സംസ്ഥാനങ്ങളിൽ നിരക്ക് വളരെ കുറവാണെന്ന വാദത്തിൽ കഴമ്പില്ല. സംസ്ഥാനങ്ങളുടെ സാഹചര്യംകൂടി കണക്കിലെടുത്താണ് ഫീസ് നിർണയിക്കാറുള്ളത്. 2021ൽ ഭേദഗതിയുടെ ഭാഗമായി കരട് നിയമങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ടെന്നും ബന്ധപ്പെട്ടവരുടെ എതിർപ്പുകൾ പരിഗണിക്കുമെന്നും സർക്കാർ വ്യക്തമാക്കി.
സർക്കാർ വാദം അംഗീകരിച്ച കോടതി, തുടർന്ന് ഹരജികൾ തള്ളുകയായിരുന്നു. വർഷത്തിലൊരിക്കൽ മാത്രം അടക്കേണ്ടി വരുന്ന ഫീസ് നിരക്ക് ഉയർന്നതാണെന്ന് കരുതാനാവില്ലെന്നും കോടതി അഭിപ്രായപ്പെട്ടു. ഹരജിക്കാരടക്കമുള്ളവർക്ക് ഫീസ് നിർണയവുമായി ബന്ധപ്പെട്ട നിലപാടുകൾ കരട് നിയമത്തിന്റെ ഭാഗമായി സർക്കാറിനെ അറിയിക്കാൻ അവസരമുണ്ട്. എന്നാൽ, ഇടക്കാല ഉത്തരവ് പ്രകാരം അനുവദിച്ച തുകതന്നെ വാർഷിക ലൈസൻസ് ഫീസായി കുടിശ്ശികയില്ലാതെ അംഗീകരിക്കാൻ ഉത്തരവിടണമെന്ന ഹരജിക്കാരുടെ ആവശ്യം അനുവദിച്ചില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.